കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയിട്ട് ഒന്നര വർഷം പിന്നിട്ടെങ്കിലും ജില്ലാ കമ്മിറ്റികൾ ഇതുവരെ നിലവിൽ വന്നില്ല. രൂക്ഷമായ ഗ്രൂപ്പിസവും തർക്കങ്ങളുമാണ് ജില്ലാ കമ്മിറ്റികളും സ്റ്റേറ്റ് കമ്മിറ്റിയും നിലവിൽ വരാതെ സംഘടനാ തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത്. മൂന്ന് ജില്ലകളിൽ തുടരുന്ന തർക്കം കാരണമാണ് മുസ്ലിംലീഗ് സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിക്കേണ്ട സംഘടനാ തെരഞ്ഞെടുപ്പാണ് കടുത്ത ഗ്രൂപ്പിസം മൂലം അനിശ്ചിതമായി വൈകുന്നത്. ആറ് മാസത്തെ ഷെഡ്യൂൾ നിശ്ചയിച്ചായിരുന്നു യൂണിറ്റ് തലം തൊട്ട് സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയത്. എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്ത കുരു ക്കിലായിരിക്കുകയാണ് മുസ്ലിംലീഗ്.

കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലെ തെരഞ്ഞെടുപ്പാണ് ഗ്രൂപ്പിസവും തർക്കങ്ങളുംമൂലം വഴിമുട്ടി നിൽക്കുന്നത്. ഇതിൽ കണ്ണൂരിലും തൃശൂരിലും പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചെങ്കിലും കോഴിക്കോട്ടെ തർക്കം നേതൃത്വത്തിനും പരിഹരിക്കാൻ പറ്റാത്ത
സ്ഥിതിയാണ്. കണ്ണൂരിൽ അടുത്ത ആഴ്ച ജില്ലാ കൗൺസിൽ ചേരാനാണ് തീരുമാനം. തൃശൂരിലും അടുത്ത ദിവസം ചേരാനുള്ള തിരക്കിട്ട നീക്കം സ്റ്റേറ്റ് നേതാക്കൾ ഇടപെട്ട് നടത്തുന്നുണ്ട്. എന്നാൽ കോഴിക്കോട് ജില്ലാ കമ്മിറ്റി വരണമെങ്കിൽ മുനിസിപ്പൽ, മണ്ഡലം കമ്മിറ്റികൾ
നിലവിൽ വരേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടറി എം.സി മായീൻ ഹാജിയുടെ മണ്ഡലമായ ബേപ്പൂരും എം.കെ മുനീർ പ്രതിനിധീകരിക്കുന്ന  കോഴിക്കോട് സൗത്തിലും കമ്മിറ്റികൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പൊളിയുകയാണ്. ഇത് ജില്ലാ കമ്മിറ്റി വരുന്നതും വൈകിക്കുന്നു.

ബേപ്പൂരിൽ ഹൈദരലി തങ്ങൾ നിശ്ചയിച്ച പാനൽ പ്രഖ്യാപിക്കുന്നത് ഒരു വിഭാഗം എതിർക്കുകയും തുടർന്ന് സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. കോഴിക്കോട് സൗത്തിലും സമവായ ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. രണ്ടാഴ്ച മുമ്പ് നടന്ന ബേപ്പൂർ മണ്ഡലത്തിലെ ഫറൂക്ക് മുനിസിപ്പാലിറ്റി കൗൺസിൽ യോഗത്തിൽ ലീഗ് അണികൾ തന്നെ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താതെ നേതൃത്വം തയ്യാറാക്കിയ പാനൽ അവതരിപ്പിച്ചതാണ് അണികളെ ചൊടിപ്പിച്ചത്. സംഘർഷത്തെ തുടർന്ന് കൗൺസിൽ പിരിഞ്ഞെങ്കിലും പാർട്ടി പത്രമായ ചന്ദ്രികയിലൂടെ ഫറോക്ക് മുനിസിപ്പിൽ ഭരാഹാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പ്രവർത്തകരെ കൂടുതൽ ചൊടിപ്പിച്ചു. നേതൃത്വത്തിനെതിരെ സേവ് ലീഗ് എന്ന പേരിൽ ഇവർ തെരുവിലിറങ്ങുകയും ചെയ്തു.

നിലവിൽ ജില്ലാ പ്രസിഡന്റായ ഉമർപാണ്ടികശാല, സംസ്ഥാന ഭാരവാഹി എം.സി മാഹീയൻ ഹാജി എന്നിവർ പ്രതിനിധീകരിക്കുന്ന മണ്ഡലം കൂടിയാണ് ബേപ്പൂർ. ബേപ്പൂർ മണ്ഡലത്തിലെ പാർട്ടി പ്രശ്നങ്ങൾക്ക് കാരണം ഇരു നേതാക്കളുടെയും അതിരുവിട്ട ഗ്രൂപ്പ് പ്രവർത്തനമാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ രണ്ട് മണ്ഡലം കമ്മിറ്റികൾ വന്നാൽ മാത്രമെ ജില്ലാ കൗൺസിൽ ചേരാൻ സാധിക്കുകയുള്ളൂ. അതേസമയം പുതിയ ജില്ലാ കമ്മിറ്റിയിലേക്കുള്ള ചരടു വലിയും ഇതിനോടകം ശക്തമായി നടക്കുന്നുണ്ട്. ഈ ചരടു വലിയുടെ ഭാഗമായാണ് മണ്ഡലം കമ്മിറ്റികളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെന്നാണ് കണക്കാക്കുന്നത്.

ഉമർ പാണ്ടിക ശാലയെ വീണ്ടും പ്രസിഡന്റാക്കിയും, കൊടുവള്ളിയിൽ ലീഗ് സ്ഥാനാർത്ഥിയാകേണ്ടി വന്നപ്പോൾ ഇടക്കാലത്ത് സ്ഥാനം ഒഴിയേണ്ടി വന്ന എം.എ റസാഖ് മാസ്റ്ററെ വീണ്ടും ജനറൽ സെക്രട്ടറിയാക്കുവാനുമാണ് നേതൃത്വം നീക്കം നടത്തുന്നത്. എന്നാൽ
അണികൾക്കിടയിൽ നിലവിലെ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത അമർഷമുണ്ട്. കൊടുവള്ളിയിൽ നിന്ന് റസാഖ് മാസ്റ്റർക്കെതിരെ ശക്തമായ എതിർപ്പ്  ഉയർന്നിട്ടുണ്ട്. പഴയ നേതൃത്വത്തെ വീണ്ടും കൊണ്ടു വന്നാൽ കൂട്ട രാജിയിലേക്കു വരെ എത്താൻ സാധ്യതയുണ്ടെന്ന് പ്രവർത്തകർ പറയുന്നു. ജില്ലാ കൗൺസിൽ ചേർന്നാൽ ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇലക്ഷനിലൂടെയായിരിക്കും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുക.

എന്നാൽ തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ ജില്ലാ കമ്മിറ്റി രൂപീകരിക്കാൻ നേതൃത്വം തിരക്കിട്ട നീക്കം നടത്തി വരികയാണ്. എല്ലാവരെയും ഉൾപ്പെടുത്തികൊണ്ടുള്ള ജംബോ കമ്മിറ്റിക്ക് രൂപം നൽകാനും പദ്ധതിയുണ്ട്. മലപ്പുറം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് ആണ് കോഴിക്കോട് ജില്ലയുടെ റിട്ടേണിങ് ഓഫീസർ. കോഴിക്കോട്ടെ പ്രശ്നം പരിഹരിച്ചാൽ മാത്രമെ അനന്തമായി നീളുന്ന സംസ്ഥാന കൗൺസിൽ ചേർന്ന് സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

ഗ്രൂപ്പിസം മൂലം തൃശൂരിൽ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് ആറ് തവണ മാറ്റി വെയ്ക്കേണ്ടി വന്നു. തൃശൂരിലെ റിട്ടേണിങ് ഓഫീസർ ടി.എ സലീം ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദിന് വേണ്ടി നിലകൊള്ളുന്നു എന്നാണ് ഇവിടെത്തെ വലിയ വിഭാഗം കൗൺസിലർമാരുടെയും പരാതി. സംഭവം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് വിവിധ മണ്ഡലം കമ്മിറ്റികൾ പരാതി സമർപ്പിച്ചിട്ടുണ്ട്. കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി രൂപീകരിക്കാൻ കഴിയാത്തതാണ് കണ്ണൂരിൽ കമ്മറ്റി വരുന്നത് തടസമാകുന്നത്.

തെരഞ്ഞെടുപ്പ് പൂർത്തിയായ പതിനൊന്ന് ജില്ലകളിൽ ഒമ്പത് ഇടത്തും ജില്ലാ പ്രസിഡന്റുമാർ മാറി. ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയവർ മാറണമെന്ന പുതിയ നിബന്ധനയാണ് ഇതിന് കാരണം. ജില്ലകളിൽ മാറി നിൽക്കേണ്ടി വന്നവരെ സംസ്ഥാന
ഭാരവാഹിയാക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന നേതാക്കൾ രണ്ട് തട്ടിലാണ്. കമ്മിറ്റികൾ നിലവിൽ വന്ന ജില്ലകളിലെ കീഴ്ഘടകങ്ങളിൽ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ ഇതുവരെ നീങ്ങിയിട്ടില്ല.

പലയിടങ്ങളിലും ഇപ്പോഴും പൊട്ടിത്തെറിയുടെ വക്കിലാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നത് ജനാധിപത്യ രീതിയിലല്ലെന്ന് കാണിച്ച് അതാത് ജില്ലാ കമ്മിറ്റികൾക്കും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾക്കും മുന്നിൽ നിരവധി പരാതികളുണ്ട്. മിക്ക പരാതികളും തീർപ്പാക്കാത്തത് തലവേദനയാണ്. ഈ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകാത്തത് മുസ്ലിംലീഗ് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.