- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് തങ്ങളുടെ തീരുമാനം അട്ടിമറിക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് രംഗത്ത്; യുവാക്കൾക്ക് കൂടുതൽ പരിഗണനയെന്ന ലീഗ് ഫോർമുല ചവറ്റ് കൊട്ടയിലേക്ക്; മുസ്ലിംലീഗ് നേതൃത്വത്തിന്റെ തീരുമാനം അണികൾ കൈയടിച്ചതോടെ ചില നേതാക്കൾക്ക് മനംപിരട്ടൽ; അവസാന തീരുമാനം പാണക്കാട് തങ്ങളുടേതോടെ കുഞ്ഞാലിക്കുട്ടിയുടേതോ?
മലപ്പുറം:വിപ്ലവ പാർട്ടികൾ പോലും എടുക്കാത്ത സുപ്രധാന തീരുമാനം കൈക്കൊണ്ട ലീഗ് നേത്യത്വത്തിന്റെ തീരുമാനം അട്ടിമറിക്കാൻ ഗുഢനീക്കം.പാണക്കാട് ഹൈദറലി തങ്ങളുടെ നേത്യത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് സുപ്രധാന തീരുമാനം പാർട്ടി എടുത്തത്.മൂന്ന് ടേംമിൽ കൂടുതൽ മൽസരിച്ച് ജയിച്ചവർ മാറി നിൽക്കണമെന്ന ചരിത്രപരമായ തീരുമാനമെടുത്താണ് രാഷ്ടീയ കേരളത്തെ ഞെട്ടിച്ചത്.തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന തീരുമാനങ്ങളും മുദ്രാവാക്യങ്ങളും പലപ്പോഴും എടുക്കാറുള്ളത് ഇടതുപക്ഷമാണ്.എന്നാൽ ഇത്തവണ ലീഗിന്റെ ഈയൊരു തീരുമാനമാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ആ തീരുമാനം അണിയറയിൽ അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് ലീഗിൽ നിന്നും ലഭിക്കുന്ന പുതിയ വർത്തമാനം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകാൻ ലീഗ സംസ്ഥാന നേത്യത്വത്തിന്റെ ആദ്യ തീരുമാനം.മൂന്ന് തവണ മൽസരിച്ച് ജയിച്ച ജനപ്രതിനിധികൾ മാറി നിൽക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ നേത്യത്വത്തിൽ നേരത്തെ നടന്ന സംസ്ഥാന നേത്യ യോഗം തീരുമാനിച്ചു.
നേത്യത്വത്തിന്റെ തീരുമാനത്തിൽ വൻ അനുകൂല പ്രതികരണമാണ് ലീഗണികളിൽ നിന്നും ലഭിച്ചത്.ത്രിതല പഞ്ചായത്തുകളിൽ മൽസരിച്ച് വിവിധ സ്ഥാനങ്ങളോടെ 20 വർഷം വരെ പിന്നിട്ട പലരും വീണ്ടുമൊരു ഊഴത്തിനായി കാത്തു നിൽക്കുന്നതിനിടയിലാണ് ശക്തമായ നിലപാടുമായി സംസ്ഥാന നേത്യത്വം രംഗത്തെത്തിയത്.രണ്ട് വർഷം മുമ്പ് തന്നെ ലീഗ് നേത്യത്വത്തിൽ ഇത്തരത്തിൽ ചർച്ച ആരംഭിച്ചിരുന്നു.എന്നാൽ ഇത്രയും ശക്തമായ തീരുമാനമായി ഇക്കാര്യം പുറത്ത് വരുമെന്ന് പലരും കരുതിയിരുന്നില്ല.
ഇളവ് പ്രതീക്ഷിച്ച് ആരും പാണക്കാട്ടേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് സോഷ്യൽ മീഡിയ വഴി പ്രവർത്തകരോടും പ്രാദേശിക നേതാക്കളെയും ഉണർത്തിയിരുന്നു.പാണക്കാട് കുടുംബത്തിന് ശല്യമുണ്ടാക്കരുതെന്നായിരുന്നു മജിദ് സാഹിബ് പറഞ്ഞതിന്റെ പൊരുൾ.എന്നാൽ ഇപ്പോൾ ലീഗ് കേന്ദ്രങ്ങളിൽ നിന്നും പുറത്ത് വരുന്ന വാർത്തകളാണ് പാണക്കാട് കുടുംബത്തിൽ നിന്നും ശക്തമായ അത്യപ്തി ഉയരുന്നത്.
ഇളവ് പ്രതീക്ഷിക്കുന്നവരെ പാണക്കാട് തങ്ങളുടെ അടുത്തേക്ക് അയക്കുന്ന പ്രവർത്തനത്തിന് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നത്.പാണക്കാട് തങ്ങളുടെ അടുത്തേക്ക് നിരന്തരം പ്രാദേശിക നേതാക്കളെയും ജില്ലാ കമ്മിറ്റി ഭാരവാഹികളെയും അയച്ച് കൊണ്ട് തീരുമാനം മാറ്റിക്കുക എന്ന തന്ത്രമാണ് ഈയൊരു നീക്കത്തിന് പിന്നിൽ.ശക്തമായ തീരുമാനം പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും വരുന്നത് ഭാവിയിൽ തനിക്കും ക്ഷീണം ചെയ്യുമെന്നും അതിനാൽ തങ്ങൾ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എടുത്ത തീരുമാനം മാറ്റണമെന്നാണ് കുഞ്ഞാലിക്കുടി അടുത്ത കേന്ദ്രങ്ങളോട് പറഞ്ഞത്.
സാധാരണ ലീഗിന്റെ തീരുമാനത്തിൽ ചില ഇളവുകൾ നൽകാറുണ്ടെങ്കിലും ഇപ്രാവിശ്യം ഇളവുകൾ ഒന്നും നൽകേണ്ടതില്ലെന്നാണ് നേത്യത്വത്തിന്റെ പൊതു തീരുമാനം.30 ശതമാനത്തിന് മുകളിൽ യുവതീ യുവാക്കളായ പുതുമുഖങ്ങൾ മൽസര രംഗത്ത് വരുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.വരും നാളുകളിൽ ഇത് പാർട്ടിക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നും നേത്യത്വം നേരത്തെ വിലയിരുത്തുന്നു.
25 ശതമാനം നേരത്തെയുള്ളവരും 75 ശതമാനം പുതുമുഖങ്ങളും വരട്ടെ എന്ന രീതിയാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ മുമ്പോട്ട് വെക്കുന്നത്.ഇത് ഫലത്തിൽ നേരത്തെ പാണക്കാട് തങ്ങൾ സ്വീകരിച്ച നിലപാടിന് കടക വിരുദ്ധമാണ്.ഈയൊരു ആശയം കൊണ്ട് വന്ന് പാണക്കാട് തങ്ങൾ സ്വീകരിച്ച നിലപാടിനെ അട്ടിമറിക്കുന്നതിലൂടെ തനിക്ക് പാർട്ടിലെ സ്വീധീനം ഒന്ന് കൂടി ഉയർത്താമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്.കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തിനെതിരെ യൂത്ത്ലീഗ്,വനിതാ ലീഗ് എന്നിവിടങ്ങളിൽ നിന്നും പാർട്ടിയിലെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശക്തമായ എതിർപ്പുയരുന്നുണ്ട്.
ലീഗിലെ പ്രധാനപ്പെട്ട ചിലരോട് പാണക്കാട് തങ്ങളുടെ തീരുമാനം മാറ്റിക്കുമെന്ന തരത്തിൽ കുഞ്ഞാലിക്കുട്ടി സംസാരിച്ചതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.എന്നാൽ പാണക്കാട് ഹൈദറലി തങ്ങൾ സ്വീകരിച്ച നിലപാട് കർശനമായി നടപ്പിലാക്കണമെന്ന നിർദേശമാണ് മലപ്പുറം ജില്ലാ കമ്മിറ്റിക്കുള്ളത്.വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നിന്നുള്ള ചില നേതാക്കന്മാരാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ കൂടിയത്.
കുഞ്ഞാലിക്കുട്ടിയെ സ്ഥാനത്തും ആസ്ഥാനത്തും പിന്തുണച്ച നേതാക്കന്മാരുടെ ശക്തമായ സമ്മർദം മൂലമാണ് പാണക്കാട് തങ്ങന്മാരുടെ അടുത്തേക്ക് നേതാക്കളെ അയക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ പുതിയ പദ്ധതി തയ്യാറാക്കിയത്.എന്നാൽ ഈ പ്രാവിശ്യം ഈ തീരുമാനം നടപ്പിലാക്കണമെന്ന പൊതു വികാരമാണ് ഭൂരിപക്ഷം ലീഗ് നേതാക്കൾക്കുമുള്ളത്.എന്നാൽ പരസ്യമായി പറയുന്നില്ലെന്ന് മാത്രം.തീരുമാനം വൈകുന്നത് പ്രാദേശിക തലത്തിൽ കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ തീരുമാനം എടുത്തത് നടപ്പിലാക്കണോ അതോ തിരുത്തൽ വുത്തണണോ എന്നതാണ് ഇപ്പോൾ ചൂടേറിയ ചർച്ച.ഇതിൽ അന്തിമ വിജയം പാണക്കാട് തങ്ങൾക്കോ കുഞ്ഞാലിക്കുട്ടിക്കോ എന്നതാണ് ലീഗ് നേത്യത്വം ഉറ്റ്നോക്കുന്നത്.
മറുനാടന് ഡെസ്ക്