- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ്ഡിപിഐ മത്സരിച്ചത് 35 സീറ്റിൽ; ജയിച്ചത് ആറെണ്ണത്തിൽ; മുസ്ലിം ലീഗ് മത്സരിച്ചത് 15 വാർഡിൽ; എല്ലായിടവും തോറ്റു: എസ്ഡിപിഐയുടെ വിജയാഹ്ലാദ പ്രകടനത്തിനൊപ്പം ലീഗിന്റെ ട്രഷററും; പത്തനംതിട്ട ജില്ലയിൽ മുസ്ലിംലീഗിന്റെ അടിത്തറ ഇളകുന്നു
പത്തനംതിട്ട: ജില്ലയിൽ മുസ്ലിം ലീഗിന്റെ അടിത്തറ തോണ്ടി എസ്ഡിപിഐയുടെ കുതിപ്പ്. സ്വതന്ത്രർ അടക്കം 15 സീറ്റിൽ മത്സരിച്ച മുസ്ലിംലീഗ് എല്ലായിടത്തും തോറ്റപ്പോൾ 35 സീറ്റിൽ മത്സരിച്ച എസ്ഡിപിഐ ആറിടത്ത് വിജയിച്ചു. പത്തനംതിട്ട നഗരസഭയിലും കോട്ടാങ്ങൽ പഞ്ചായത്തിലും ആരും ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കുകയും ചെയ്യുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. അഞ്ച് സ്വതന്ത്രരും 10 പാർട്ടി സ്ഥാനാർത്ഥികളുമാണ് ലീഗിന് വേണ്ടി മത്സരിച്ചത്. പത്തനംതിട്ട നഗരസഭയിൽ കഴിഞ്ഞ തവണ മൂന്നിടത്ത് മത്സരിച്ച് രണ്ടിടത്ത് വിജയിച്ച് വൈസ് ചെയർമാൻ സ്ഥാനവും ലീഗ് നേടിയിരുന്നു. ഇക്കുറി മൂന്നു സീറ്റിലും തോറ്റു.
കോട്ടാങ്ങൽ പഞ്ചായത്തിൽ ഒരുസീറ്റും കിട്ടിയില്ല. ചിറ്റാറിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരേ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ലീഗ് സ്ഥാനാർത്ഥി തോറ്റു. പള്ളിക്കൽ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലീഗിനെതിരേ കോൺഗ്രസ് വിമത മത്സരിച്ചപ്പോൾ അവിടെയും പരാജയം. പത്തനംതിട്ട നഗരസഭയിൽ 10-ാം വാർഡിൽ വിജയിച്ച എസ്ഡിപിഐയുടെ സ്ഥാനാർത്ഥിയുടെ ആഹ്ളാദ പ്രകടനത്തിന്റെ മുൻനിരയിൽ ലീഗ് ജില്ലാ ട്രഷറർ മീരാണ്ണൻ മീരയും ഉണ്ടായിരുന്നു. ഇത് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചു. ലീഗ് ദുർബലമായപ്പോൾ എസ്ഡിപിഐ ശക്തമാകുന്നതാണ് കണ്ടത്.
അവർ കോട്ടാങ്ങൽ പഞ്ചായത്തിലും പത്തനംതിട്ട നഗരസഭയിലും നിർണായകമാവുകയും തിരുവല്ല നഗരസഭയിലെ വാർഡ് നിലനിർത്തുകയും ചെയ്തു. പത്തനംതിട്ട നഗരസഭയിലെ പത്താം വാർഡിലെ വിജയത്തിന് ഏറെ തിളക്കമുണ്ട്. ജില്ലാ യുഡിഎഫ് കൺവീനറും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ എ ഷംസുദ്ദീനെയാണ് 332 വോട്ടുകൾ നേടി എസ്ഡിപിഐയിലെ ഷമീർ പരാജയപ്പെടുത്തിയത്. 13-ാം വാർഡ് വീണ്ടും പിടിച്ചെടുത്തു. 2010 ൽ 13-ാം വാർഡിൽ എസ്ഡിപിഐയിലെ എസ് ഷൈലജ വിജയിച്ചിരുന്നെങ്കിലും 2015ൽ നഷ്ടപ്പെട്ടു. എസ് ഷൈലജയിലൂടെ ഇക്കുറി വാർഡ് തിരിച്ചു പിടിക്കാനായി.
22-ാം വാർഡ് 2015ൽ എസ്ഡിപിഐ പരാജയപ്പെട്ടത് 24 വോട്ടിനായിരുന്നു. ഇക്കുറി അതേ വാർഡിൽ 126 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എസ്ഡിപിഐ സ്ഥാനാർത്ഥി ഷീല എസ് വിജയിച്ചത്. 21ാം വാർഡിൽ എസ്ഡിപിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി ആമിന ഹൈദ്രാലിയാണ് വിജയിച്ചത്. ഇതോടെ നഗരസഭയിൽ നിർണ്ണായകമാവുകയാണ്. യുഡിഎഫ് 13, എൽഡിഎഫ് 13 എസ്ഡിപിഐ സ്വതന്ത്ര ഉൾപ്പടെ 4, മറ്റുള്ളവർ 2 ഇതാണ് കക്ഷി നില. ഇവിടെ എസ്ഡിപിഐ നിലപാട് നിർണ്ണായകമാവും.
കോട്ടങ്ങൽ പഞ്ചായത്തിൽ ആറാം വാർഡി ജസീല സിറാജ് വിജയിച്ചു. ഇവിടെയും എസ്ഡിപിഐ നിലപാട് നിർണ്ണായകമാണ്. എൽഡിഎഫ് 5, എൻ ഡിഎ 5, യുഡിഎഫ് 2, എസ്ഡിപിഐ 1 എന്നിങ്ങനെയാണ് കക്ഷി നില. തിരുവല്ല നഗരസഭയിലെ അഞ്ചാം വാർഡ് നിലനിർത്തിയതോടെ രണ്ടു നഗരസഭകളിലും ഒരു പഞ്ചായത്തിലുമായി ആറ് ജനപ്രതിനിധികളാണ് ഉള്ളത്. 2010 ൽ ഒന്നും 2015ൽ നാലും ആയിരുന്നു ജില്ലയിലെ എസ്ഡിപിഐ ജനപ്രതിധികൾ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്