- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം; ഓർത്തു കളിച്ചോ.. സൂക്ഷിച്ചോ'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യവുമായി ലീഗ് പ്രവർത്തകർ; ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച മുദ്രാവാക്യം അല്ലാതെ മറ്റു മുദ്രാവാക്യങ്ങൾ പാടില്ലെന്ന നേതൃത്വത്തിന്റെ നിർദേശവും കാറ്റിൽപ്പറത്തി ലീഗ് അണികൾ
കോഴിക്കോട്: തലശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകർ വിളിച്ച പ്രകോപന മുദ്രാവാക്യം ബിജെപിക്കാർക്ക് തന്നെ വലിയ പുലിവാലാണ് സമ്മാനിച്ചത്. ഈ അനുഭവം മുന്നിൽ കണ്ടാകണം മുസ്ലിംലീഗ് ഇന്നലെ വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായി അണികൾ വിളിക്കേണ്ട മുദ്രാവാക്യം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ മുദ്രാവാക്യങ്ങൾ അല്ലാതെ മറ്റു മുദ്രാവാക്യങ്ങൾ അണികൾ വിളിക്കരുതെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ലീഗിന്റെ നീർദേശം അണികൾ തള്ളുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവക്യങ്ങളുമായി ലീഗ് പ്രവർത്തകർ രംഗത്തുവന്നു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിൽ നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തിലായിരുന്നു ലീഗ് പ്രവർത്തകർ അധിക്ഷേപ മുദ്രാവാക്യമുയർത്തിയത്. ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓർത്തു കളിച്ചോ.. സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാൽ പച്ചക്ക് കത്തിക്കും തുടങ്ങിയവയാണ് ലീഗ് റാലിയിലുണ്ടായ മുദ്രാവാക്യങ്ങൾ. മുൻ മന്ത്രി കെ.ടി. ജലീലിനെതിരെയും പ്രവർത്തകർ മുദ്രാവാക്യമുയർത്തി. വിവാദ മുദ്രാവാക്യം വിളിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രകടനത്തിന് പുറമേ മുഹമ്മദ് റിയാസിനെയും അധിക്ഷേപിച്ചു കൊണ്ട് പ്രസംഗവും ലീഗ് വേദിയിൽ ഉണ്ടായി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മിനാൻ കല്ലായിയാണ് വിമർശനവുമായി രംഗത്തുവന്നത്. റിയാസിന്റെയും വീണയുടെയും വിവാഹകാര്യം ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപ പരാമർശവുമായി ലീഗ് നേതാവ് രംഗത്തെത്തി. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'മുൻ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിഹ്‌റാണ് (അറബി പദം). അത് പറയാൻ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം,' അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. സ്വവർഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്.
ഡിവൈഎഫ്‌ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വർഗം ഞങ്ങൾക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവർ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വഖഫ് നിയമം പിൻവലിക്കും വരെ പ്രക്ഷോഭരംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംഘടപ്പിച്ച വഖഫ് സംരക്ഷണ റാലി ശ്രദ്ധേയമായി. വിഷയത്തിൽ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തിൽ വിള്ളൽ വിഴ്‌ത്താമെന്ന് ആരും കരുതേണ്ടെന്നും ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളിൽ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കഴിഞ്ഞ നവംബർ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. നേരത്തെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മതസംഘടനകൾ യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.
മറുനാടന് മലയാളി ബ്യൂറോ