ഹൈദരാബാദ്: ആഗോള സംരംഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻകാ ട്രംപ് ഇന്നലെ നടത്തിയ ഒറ്റ പ്രസംഗത്തിലൂടെ തന്നെ ഇന്ത്യൻ പ്രധാന മന്ത്രിയെയും ഇന്ത്യയിലെ വനിതാ സംരംഭകരെയും കയ്യിലെടുത്തു.

ഇന്ത്യൻ പ്രധാനമന്ത്രിയെയും വനിതാ സംരംഭകരെയും കണക്കറ്റഅ പ്രശംസിച്ചായിരുന്നു ഇവാൻകയുടെ പ്രസംഗം. പ്രധാനമന്ത്രി മോദിയും ഇവാൻക ട്രംപും ചേർന്ന് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ ജനതയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു ഇവാൻകയുടെ പ്രസംഗം തുടങ്ങിയത്. ആഗോള സംരഭകത്വ ഉച്ചകോടി ഇന്ത്യയും യുഎസ്സും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് ഡോണൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക പറഞ്ഞു.

ലോകത്തിൽ തന്നെ അതിവേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയിൽ താൻ ഇന്ത്യയെ അഭിനന്ദിക്കുന്നു, സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഈ നഗരത്തിൽ വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇവാൻക കൂട്ടിച്ചേർത്തു. മുത്തുകളുടെ നഗരമായ ഇവിടത്തെ ഏറ്റവും വലിയ സമ്പത്ത് നിങ്ങളാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത സംരഭകർക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഇവാൻക പറഞ്ഞു. നിങ്ങൾ പരമ്പരാഗത ചട്ടങ്ങളെ മാറ്റി എഴുതുകയാണ്. ഇന്ത്യ എക്കാലവും വൈറ്റ് ഹൗസിന്റെ നല്ല സുഹൃത്തായിരിക്കുമെന്നും ഇവാൻക പറഞ്ഞു.

പ്രസംഗത്തിനിടെ മോദിയെ പ്രശംസിച്ച ഇവാൻക മോദിയുടെ വളർച്ച അസാധാരണമാണെന്നും പറഞ്ഞു. കുട്ടിക്കാലത്ത് ചായ വിറ്റു നടന്നതു മുതൽ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനം വരെ, പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങൾ അസാധാരണമാണ്. ഒരു മനുഷ്യന് ഇത്രയും വലിയ മാറ്റം സാധ്യമാണെന്ന് താങ്കൾ തെളിയിച്ചിരിക്കുകയാണെന്ന് ഇവാൻക പറഞ്ഞു.

ഇന്ത്യ ലോകത്തെ തന്നെ പ്രചോദിപ്പിക്കുകയാണ്. നൂതനമായ സാങ്കേതികത്വങ്ങളിലൂടേയും സംരഭകത്വ പരിപാടികളിലൂടേയും ഇന്ത്യ എടുത്തുപറയേണ്ട ചുവടുവെയ്‌പ്പുകളാണ് നടത്തിയതെന്ന് ഇവാൻക അഭിപ്രായപ്പെട്ടു. ഉച്ചകോടിയിൽ പങ്കെടുത്തതിൽ അമ്പത് ശതമാനവും വനിതാ സംരഭകരാണെന്നതിൽ താൻ അഭിമാനിക്കുന്നു. അവരെ താൻ അഭിനന്ദിക്കുകയാണ്. വനിതാ ശാക്തീകരണമില്ലാതെ സമൂഹത്തിന്റെ വികസനം സാധ്യമാവില്ലെന്ന് വിശ്വസിക്കുന്നതിൽ പ്രധാനമന്ത്രിയെ താൻ അഭിനന്ദിക്കുകയാണ്. വനിതാ ശാക്തീകരണം നടന്നാൽ മാത്രമേ നമ്മുടെ കുടുംബവും സമൂഹവും അതിലൂടെ സമ്പദ് വ്യവസ്ഥയും വികസിക്കുകയുള്ളൂവെന്നും ഇവാൻക പറഞ്ഞു. 1500 വനിതാ സംരഭകരാണ് ഹൈദ്രാബാദിലെ ആഗോള സംരഭകത്വ ഉച്ചകോടിയിൽ പങ്കെടുത്തത്.

ഹൈദരാബാദിലെ അന്താരാഷ്ട്ര കൺവെൻഷണിൽ സെന്ററിലാണ് എട്ടാമത് അന്താരാഷ്ട്ര സംരഭകത്വ ഉച്ചകോടി നടക്കുന്നത്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സംരഭകർ പങ്കെടുക്കുന്ന ഉച്ചകോടിക്ക് ഇത് ആദ്യമായാണ് ദക്ഷിണേഷ്യ ആതിഥേയത്വം വഹിക്കുന്നത്.