വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാൻക നവംബറിൽ ഇന്ത്യയിലെത്തും. ഗ്ലോബൽ എന്റർപ്രണർഷിപ്പ് സമ്മിറ്റിൽ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ ഇവാൻകയുടെ സന്ദർശനം.

നവംബർ അവസാന ആഴ്ച ഹൈദരാബാദിലാണ് സമ്മേളനം. നരേന്ദ്ര മോദിയും പങ്കെടുക്കും. ജൂണിൽ ഡൊണാൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജി ഇ എസിൽ പങ്കെടുക്കാൻ മോദി ഇവാൻകയെ ക്ഷണിച്ചത്.

അമേരിക്കയുടെ മുൻ പ്രസിഡന്റ് ബാരാക്ക് ഒബാമയാണ് ജി ഇ എസ് ആരംഭിച്ചത്. എട്ടാമത്തെ ജി ഇ എസാണ് ഇത്തവണ ഹൈദരാബാദിൽ നടക്കുന്നത്. ഇതാദ്യമായാണ് ജി ഇ എസിന് ഇന്ത്യ വേദിയാകുന്നത്. നിതി ആയോഗിനെയാണ് പരിപാടിയുടെ സംഘാടനത്തിനായി നിയോഗിച്ചിട്ടുള്ളത്.

ജി ഇ സമ്മിറ്റിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിൽ നടത്തിയ അമേരിക്കൻ സന്ദർശനത്തിലാണ് പ്രഖ്യാപിച്ചത്.