70 മില്യൺ പ്രസവങ്ങളിൽ ഒന്നിൽ മാത്രമാണ് സാധാരണയായി നാല് കുട്ടികളെന്ന അപൂർവ ഭാഗ്യം ഉണ്ടാകാറുള്ളത്. അത്തരമൊരു ഭാഗ്യമാണ് കാർല- പോൾ ക്രോസിയർ ദമ്പതികളെ തേടിയെത്താൻ പോകുന്നത്. തങ്ങളുടെ മകളായ ഡാർസിക്ക് ഒരു സഹോദരനോ സഹോദരിയോ പിറക്കുന്നതിന് വേണ്ടി മോഹിച്ച് ഒരു പാട് ചികിത്സകൾ നടത്തുകയും ഫലമുണ്ടാകാത്തതിനെ തുടർന്ന് നിരാശരാവുകയും ചെയ്തവരാണിവർ. എന്നാൽ ഇപ്പോൾ ദൈവം ഇവരെ കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്. അവസാന മാർഗമെന്ന നിലയിൽ ഐവിഎഫ് വഴി രണ്ട് ബീജങ്ങൾ നിക്ഷേപിച്ചപ്പോൾ ഇവർക്ക് ഒരുമിച്ച് പിറക്കാൻ പോകുന്നത് നാല് കുഞ്ഞുങ്ങളാണ്. ഇതോടെ രണ്ട് സെറ്റ് ഇരട്ടകളെ ഒരുമിച്ച് കിട്ടുന്ന ആഹ്ലാദത്തിലാറാടുകയാണീ ദമ്പതികൾ. എസെക്സിലെ ഗ്രേസിലാണിവർ താമസിക്കുന്നത്.

രണ്ട് പ്രാവശ്യം അബോർഷൻ സംഭവിക്കുകയും നിരവധി പ്രാവശ്യം ഐവിഎഫ് ട്രീറ്റ് മെന്റ് പരാജയപ്പെടുകയും ചെയ്തപ്പോൾ തങ്ങൾക്ക് ഇനി കുട്ടികളേ ഉണ്ടാവില്ലെന്ന നിരാശയിലായിത്തീർന്നിരുന്നു ഈ ദമ്പതികൾ. മറ്റൊരു കുഞ്ഞിന് വേണ്ടി ഇവർ തങ്ങളുടെ സമ്പാദ്യമെല്ലാം പൊടിച്ച് കളഞ്ഞായിരുന്നു ചികിത്സകൾ പരീക്ഷിച്ചിരുന്നത്. ഫെർട്ടിലിറ്റി ട്രീറ്റ്മെന്റിനായി അവർ ഏറ്റവുമൊടുവിൽ 8000 പൗണ്ട് ലോണെടുക്കുക വരെ ചെയ്തിരുന്നു. അതിന്റെ നിരാശ അവരെ വിഴുങ്ങാൻ തുടങ്ങിയപ്പോഴാണ് കാർലയുടെ ഗർഭത്തിൽ നാല് കുട്ടികളുണ്ടെന്ന സ്‌കാനിങ് റിപ്പോർട്ട് അവരെ തേടിയെത്തിയത്. ഇതോടെ ആഹ്ലാദത്തിന്റെ പൂത്തിരികളാണീ കുടുംബത്തിൽ മിന്നാൻ തുടങ്ങിയിരിക്കുന്നത്.

ഈ വിവരം അറിഞ്ഞപ്പോൾ തങ്ങളാകെ ഞെട്ടിപ്പോയെന്നാണ് കാർല ദി മിററിനോട് പ്രതികരിച്ചിരിക്കുന്നത്. 2013ൽ ആദ്യമായി ഐവിഎഫിന് ശ്രമിക്കുന്നതിന് മുമ്പ് അവർ അഞ്ച് വർഷം സ്വാഭാവികമായ മാർഗത്തിലൂടെ കുട്ടിയുണ്ടാകാൻ പരിശ്രമിച്ചിരുന്നു. തന്റെ പ്രായത്തിലുള്ള കുട്ടികൾക്കെല്ലാം കൂടപ്പിറപ്പുകളുണ്ടായിട്ടും തങ്ങളുടെ മകളായ ഡാർസിക്ക് അതിനുള്ള ഭാഗ്യമില്ലാതെ പോയതിൽ ദമ്പതികൾ ഏറെ വിഷമിച്ചിരുന്നു. തുടർന്ന് 2015 ജനുവരിയിൽ കാർല ഗർഭിണിയായി. എന്നാൽ അഞ്ച് ആഴ്ചകൾക്ക് ശേഷം ഇത് അബോർഷനായിപ്പോവുകയായിരുന്നു.തുടർന്ന് വിദേശത്ത് ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് ചെയ്യുന്നതിനായി കുടുംബക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി അവർ 5500 പൗണ്ട് വായ്പയായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തുടർന്ന് ഐവിഎഫ് ചെലവ് കുറച്ച് ചെയ്യാൻ സാധിക്കുന്ന സൈപ്രസിലേക്ക് ഇവർ പറക്കുകയായിരുന്നു.എന്നാൽ ഐവിഎഫിലൂടെ ഗർഭം ധരിച്ചിട്ടും നിർഭാഗ്യമായിരുന്നു ഫലം. അതായത് എട്ടാഴ്ച പ്രായമായപ്പോൾ നടത്തിയ സ്‌കാനിംഗിൽ കുഞ്ഞിന് ഹൃദയ സ്പന്ദനമില്ലെന്നാണ് തെളിഞ്ഞിരുന്നത്. തുടർന്ന് അവർ കുട്ടിക്കുള്ള സാധ്യത വർധിപ്പിക്കാനായി ജീവിത ശൈലി തന്നെ മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായി പോഷകസമ്പുഷ്ടമായ ഭക്ഷണം കൃത്യമായ സമയത്ത് കഴിക്കുകയും ആൽക്കഹോൾ പോലുള്ള ലഹരികൾ പൂർണമായും വർജിക്കുകയും ആഴ്ചയിൽ അഞ്ച് പ്രാവശ്യം ജിമ്മിൽ പോവുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ടെസ്റ്റിൽ കാർല വീണ്ടും ഗർഭിണിയാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഗർഭത്തിലുള്ള നാല് കുട്ടികളും ജീവിച്ചിരിക്കാൻ സാധ്യത കുറവാണെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പ് അവരെ അലട്ടുന്നുമുണ്ട്.