തൃശൂർ: തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനം കേരളത്തിന്റെ മൊത്തം ശവപ്പറമ്പാക്കാൻ ഹൈക്കോടതി അനുമതി നൽകിയതോടെ തീരാദുരിതത്തിലായത് പ്രദേശത്തെ നൂറോളം കുടുംബങ്ങൾ. ഭാരതപ്പുഴയോരത്തെ ഏതാണ്ട് 10 സെന്റോളം വരുന്ന ഭൂമിയിലാണ് ഗ്രാമപഞ്ചായത്ത് വക പൊതുശ്മശാനം പ്രവർത്തിക്കുന്നത്. പഞ്ചായത്തു സ്ഥലത്ത് പ്രവർത്തിക്കുന്ന ഇവിടെ വർഷങ്ങളായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സംസ്ഥാനത്തിനു പുറത്തുനിന്നും വരെ ശവശരീരങ്ങൾ കൊണ്ടുവന്നു സംസ്‌കരിക്കാറുണ്ട്. പ്രമുഖരായ സാമൂഹിക- സാംസ്‌കാരിക നേതാക്കളെയും എഴുത്തുകാരെയും സിനിമക്കാരെയും സംസ്‌കരിച്ചിരിക്കുന്ന മണ്ണാണിതെന്ന പ്രത്യേകതയുമുണ്ട്.

സമീപത്തുള്ള ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഐതിഹ്യം കടമെടുത്തുള്ള പ്രചരണമാണ് പാമ്പാടിയിലേക്ക് സംസ്‌കാരത്തിനായി ശരീരങ്ങൾ എത്താൻ കാരണമെന്നാണ് പരിസരവാസികൾ ആരോപിക്കുന്നത്. പണ്ടു കുരുക്ഷേത്രയുദ്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന പഞ്ചപാണ്ഡവർ പിതൃക്കൾക്ക് ബലിതർപ്പണം നടത്തിയ പ്രദേശമെന്ന പഴങ്കഥയുടെ പേരിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മൃതദേഹങ്ങൾ ഇവിടേക്കെത്തുന്നത്. പിന്നീടിതു ശ്മശാനം നടത്തിപ്പുകാർ വലിയ കച്ചവടമാക്കി മാറ്റുകയായിരുന്നു. ഒരു മൃതദേഹം സംസ്്കാരത്തിനെത്തിയാൽ വിറകിനും മറ്റുമായി ആയിരങ്ങളാണ് ഈടാക്കുന്നത്. ഇവിടെ മാത്രം വിലപേശലുണ്ടാവില്ലല്ലോ.

ചുടലഭൂമിയുടെ തൊട്ടടുത്തു താമസിക്കുന്ന പാവപ്പെട്ട പട്ടികജാതി കുടുംബങ്ങളാണ് ശ്മശാനത്തിലെ മൃതദേഹങ്ങളുടെ അതിപ്രസരം കാരണം ദുരിതത്തിലായിരിക്കുന്നത്. ശ്മശാനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ നാലാം വാർഡിൽ വിഷപ്പുകയുടെ ദുർഗന്ധം മൂലം നാട്ടുകാർ പൊറുതിമുട്ടുകയാണ്. മാരക അസുഖങ്ങളും മറ്റും ഇവിടെ സാധാരണമായിരിക്കുകയാണെന്നാണ് പഠന റിപ്പോർട്ടുകൾ ഉൾപ്പെടെ പറയുന്നത്. തൃശൂർ ജില്ലയിൽ കാൻസർബാധിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ പാമ്പാടിയെന്ന ഈ കൊച്ചുഗ്രാമത്തിലാണെന്നത് സംഭവത്തിന്റെ ഗൗരവം വരച്ചു കാട്ടുന്നു.

സംഗതി ഇത്തരത്തിലൊക്കെയാണെങ്കിലും രണ്ടു വർഷം മുൻപ് മാത്രമാണ് പ്രാദേശിക ഭരണകൂടം വിഷയത്തിൽ ചെറുതായെങ്കിലും ഇടപെടാൻ തയ്യാറായത്. പഞ്ചായത്തിനു പുറത്തുനിന്നു വരുന്ന മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിന് കടുത്ത നിയന്ത്രണം പഞ്ചായത്ത് ഏർപ്പെടുത്തിയതോടെയാണ് പ്രശ്‌നം നിയമക്കുരുക്കിലേക്ക് നീങ്ങിയത്. ഇതുപോലൊരു സൗകര്യം ഉള്ളപ്പോൾ തങ്ങളെന്തിന് മറ്റൊരു ശ്മശാനം ഉണ്ടാക്കണമെന്ന് ചിന്തിച്ചിരുന്ന തൊട്ടടുത്ത നഗരസഭകളും പഞ്ചായത്തുകളും നിയന്ത്രണം ഏർപ്പെടുത്തിയതോടെ തങ്ങളുടെ സ്ഥലത്ത് സ്വന്തമായി ശ്മശാനം ഒരുക്കാനായുള്ള പദ്ധതികളും ആവിഷ്‌കരിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നതും സമീപനഗരസഭകളിൽനിന്നും പഞ്ചായത്തുകളിൽനിന്നുമൊക്കെ വീണ്ടും മൃതദേഹങ്ങൾ ഐവർമഠത്തിലേക്കെത്തിത്തുടങ്ങിയതും.

മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ പഞ്ചായത്ത് തീരുമാനത്തിനെതിരെ ശ്മശാനം നടത്തിപ്പുകാരനായ രമേശ് കോരപ്പത്ത് നൽകിയ ഹർജിയിലാണ് കോടതി കരാറുകാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരം സംസ്‌കാരചടങ്ങുകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഐവർമഠം എന്നു ചൂണ്ടിക്കാട്ടിയാണ് കരാറുകാരൻ കോടതിയെ സമീപിച്ചത്. ഇതിനു മേമ്പൊടിയെന്നോണം പഴയ ഐതീഹ്യത്തെ വിശ്വാസത്തിന്റെ പിൻബലത്തിൽ അവതരിപ്പിച്ചതോടെ കോടതി പോലും വിശാസസംരക്ഷണത്തിനായി നിലകൊള്ളുകയാണ് ചെയ്തത്. പരിസരമലിനീകരണം തടയാനായി പഞ്ചായത്തിന് വേണമെങ്കിൽ ഇലക്ട്രിക് ശ്മശാനം നിർമ്മിക്കാമെന്നും കോടതി പറഞ്ഞു.

തങ്ങൾക്കെതിരായി വന്ന കോടതി വിധി പരിശോധിക്കട്ടെ എന്നാണ് പഞ്ചായത്ത് ഭരണാധികാരികൾ ഇപ്പോഴെടുത്തിരിക്കുന്ന നിലപാട്. ഡിവിഷൻ ബെഞ്ച് ഉത്തരവിനെ മറികടക്കാൻ പഞ്ചായത്ത് മേൽക്കോടതിയെ സമീപിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. പാവപ്പെട്ട കൂലിപ്പണിക്കാരായ കുടുംബങ്ങൾ ആയതിനാൽ നിയമപരമായ മാർഗത്തിലൂടെ നീതി നേടിയെടുക്കാൻ പോലും പ്രദേശവാസികൾക്ക് കഴിയുന്നില്ല. കോടതി ഉത്തരവ് വന്നതോടെ ഇന്നലെ മുതൽ നിയന്ത്രണം നീങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം മുതൽ വീണ്ടും ശ്മശാനത്തിലേക്ക് എത്തിത്തുടങ്ങി. നാട്ടുകാരുടെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ ഭാരതപ്പുഴയേയും കോടതിയുടെ പുതിയ വിധി കാര്യമായി തന്നെ ബാധിക്കും. ബലിതർപ്പണത്തിന്റെ പേരിൽ സംസ്‌കാര അവശിഷ്ടങ്ങൾ പുഴയിൽ ഒഴുക്കികളയുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

മൃതശരീരങ്ങൾ ദഹിപ്പിക്കുന്നത് അനിയന്ത്രിതമായി വർധിച്ചതാണ് ഗംഗാ നദി വ്യാപകമായി മലിനപ്പെടാൻ കാരണമായത്. വിശ്വാസത്തിന്റെ പേരിൽ കാശിയിൽ നടത്തുന്ന അതേ അടവ് തന്നെയാണ് നിളാതീരത്തെ ഐവർമഠത്തിലും നടത്തുന്നതെന്ന് പറയേണ്ടി വരും. ഭൂരിപക്ഷം തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി മുറവിളികൂട്ടുമ്പോൾ അതിൽ കച്ചവടക്കണ്ണുമായി ഇരിക്കുന്നവർ ലാഭം കൊയ്യുകയാണ്. ഇതിൽ നീതിപൂർവകമായ നിലപാടെടുക്കേണ്ട രാഷ്ട്രീയ പാർട്ടികളും കുറ്റകരമായ മൗനമാണ് വിഷയത്തിൽ തുടരുന്നത്. സി പി എമ്മും സിപിഐയും വളരെ ശക്തമായ മേഖലയിലാണ് ഇത്തരത്തിൽ ഒരു പ്രശനം നിലനിൽക്കുന്നതെന്നതാണ് വസ്തുത. കോൺഗ്രസ്സ് ആണ് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത്.

നിരോധനം കൊണ്ടുവരാൻ അവർ കാണിച്ച ആവേശം കോടതിയിൽ വിഷയം അവതരിപ്പിക്കാൻ ഉണ്ടായില്ല. ഭാരതപ്പുഴയുടെ കാര്യമോ പ്രദേശവാസികളുടെ ആരോഗ്യപ്രശ്‌നമോ ഒന്നും തന്നെ കോടതിയുടെ പരിഗണനയിൽ വരാതിരുന്നതും എതിർഭാഗം ദുർബലമായതിനാലാണെന്നാണ് ആരോപണം. ഒന്നുകിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുക അല്ലെങ്കിൽ ഹൈക്കോടതി നിർദ്ദേശിച്ച പോലെ വൈദ്യുത ശ്മശാനം പണിത് ജനങ്ങളെ രക്ഷിക്കുക എന്നീ രണ്ടു വഴികൾ മാത്രമാണ് ഇനി പഞ്ചായത്തിന് മുൻപിലുള്ളത്. രണ്ടിനും വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാൽ പ്രദേശവാസികൾ ഇനിയും ദുരിതമനുഭവിക്കുക തന്നെ വേണമെന്നാണ് സൂചന.