- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇയ്യോബ് ഇടിവെട്ടാവുന്നു; ഇത് ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം; ഹോളിവുഡ്ഡ് സിനിമകളെ വെല്ലുന്ന ഫ്രെയിമുകളുമായി അമൽനീരദ്; ഫഹദ് സൂപ്പർതാര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ
അടി, ഇടി, വെടി, കുടി, പിടി പിന്നെ മഴയത്ത് കുട നിവർത്തി നടക്കുന്ന സ്ലോമോഷനുകളും, മരുഭൂമിയിലുടെ ഒറ്റക്കൊരാൾ കോട്ടിട്ട്‌പോവുന്ന പാട്ടും, ഒരു ബെല്ലി ഡാൻസും. അമൽ നീരദ് എന്ന പ്രതിഭാധനനായ യുവസംവിധായകനെ ഫേസ്‌ബുക്കിലൂടെയും മറ്റും ഏറെ പരിഹസിച്ചവരാണ് നാം. അതിനെല്ലാം ചേർത്തുള്ള മറുപടിയായിരുന്നു 'അഞ്ചുസുന്ദരികൾ' എന്ന സിനിമാഖണ്ഡത്തിലെ 'കുള്ളന
അടി, ഇടി, വെടി, കുടി, പിടി പിന്നെ മഴയത്ത് കുട നിവർത്തി നടക്കുന്ന സ്ലോമോഷനുകളും, മരുഭൂമിയിലുടെ ഒറ്റക്കൊരാൾ കോട്ടിട്ട്‌പോവുന്ന പാട്ടും, ഒരു ബെല്ലി ഡാൻസും. അമൽ നീരദ് എന്ന പ്രതിഭാധനനായ യുവസംവിധായകനെ ഫേസ്‌ബുക്കിലൂടെയും മറ്റും ഏറെ പരിഹസിച്ചവരാണ് നാം. അതിനെല്ലാം ചേർത്തുള്ള മറുപടിയായിരുന്നു 'അഞ്ചുസുന്ദരികൾ' എന്ന സിനിമാഖണ്ഡത്തിലെ 'കുള്ളന്റെ കഥ'യെന്ന, ഒന്നാന്തരം സിനിമ. അതിനുശേഷം വന്ന 'ഇയ്യോബിന്റെ പുസ്തകത്തിലാവട്ടെ' ഹോളിവുഡ്ഡ് ചരിത്രസിനിമകളെ വെല്ലുന്ന രീതിയിൽ ഫ്രെയിമൊരുക്കി, അമൽ നീരദ് സകലരുടെയും വായടപ്പിച്ചിരിക്കയാണ്. സംഭാഷണങ്ങൾകൊണ്ടല്ല, കിം കി ഡുക്കിനേപ്പോലുള്ള ലോകപ്രശസ്ത സംവിധായകരെപ്പോലെ, ദൃശ്യങ്ങളിലൂടെ കഥ പറയാനുള്ള എല്ലുബലമുള്ള മലയാളത്തിലെ അപൂർവം സംവിധായകരിൽ ഒരാളാണ് താനെന്ന് അമൽ തെളിയിച്ചിരിക്കുന്നു. 'ഇയ്യോബിന്റെ' വിജയത്തിന്റെ പൂർണമായ ക്രെഡിറ്റും ഛായാഗ്രഹണംകൂടി നിർവഹിച്ച ഈ യുവസംവിധായകനുതന്നെ!
ആദ്യത്തെ ലക്ഷണമൊത്ത 'ന്യൂജനറേഷൻ' രാഷ്ട്രീയ ചിത്രം
പക്ഷേ 'ഇയ്യോബിന്റെ പുസ്തകത്തെ' വ്യതിരിക്തമായ ഒരു ദൃശ്യാനുഭവമാക്കുന്നത് അതിന്റെ സാമൂഹിക രാഷ്ട്രീയ പരിസരമാണ്. തികച്ചും വ്യക്തികേന്ദ്രീകൃതമായ, സമൂഹംപോയിട്ട് അച്ഛനും അമ്മയും പോലുമില്ലാത്ത ന്യൂജനറേഷൻ സിനിമകൾക്കിടയിൽ, മണ്ണിൽ അധ്വാനിക്കുന്നവനുവേണ്ടിയുള്ള കൃത്യമായ ജനപക്ഷ രാഷ്ട്രീയം പറഞ്ഞു ഫലിപ്പിക്കാൻ അമൽ നീരദിനാവുന്നു. ആ രീതിയിൽ നോക്കുമ്പോൾ ഇയ്യോബിനെ കേരളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ന്യൂജനറേഷൻ രാഷ്ട്രീയ ചിത്രമെന്ന് വിശേഷിപ്പിക്കാം.
'നാവടക്കൂ പണിയെടുക്കൂ' എന്ന് ആഹ്വാനമുയരുന്ന അടിയന്തരവാസ്ഥക്കാലത്തുനിന്നാണ് ചിത്രം തുടങ്ങുന്നത്. ഇന്ത്യൻ ഭരണകൂടം പൗരന്റെ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുകയും, പാരതന്ത്ര്യത്തെ പുരോഗതിയുടെ മാനകമായി വിലയിരുത്തുകയും ചെയ്യുന്നിടത്തുനിന്ന്, മനുഷ്യനെ അടിമയാക്കി തല്ലി പണിയെടുപ്പിക്കുന്ന 1900ത്തിലെ മൂന്നാർ തേയിലത്തോട്ടങ്ങളിലെ ബ്രിട്ടീഷ് രാജിലേക്കാണ് അമൽ നീരദിന്റെ കൊതിപ്പിക്കുന്ന കാമറ നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്. അക്കാലത്തെ ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരി (സിനിമയിൽ ടി.ജി രവി) തന്റെ അനുഭവങൾ ഒരു പഴഞ്ചൻ ടൈപ്പ്‌റൈറ്റിൽ അടിച്ചുണ്ടാക്കുയാണ്. അതാണ് 'ഇയ്യോബിന്റെ പുസ്തകം'. ടി.ജി രവിയുടെ വോയ്‌സ് ഓവറിലാണ് സിനിമ ചലിക്കുന്നത്.
കാടൻ നീതിയുടെ പര്യായമാണ് ഇയ്യോബ് (ലാൽ). സായിപ്പ് ഇട്ടിട്ടുപോയ ഹാരിസൺ തേയിലത്തോട്ടത്തിന്റെ ഉടമയായ അയാൾ നാടൻ സായിപ്പായി. മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന രഹതിയിൽ പാവം മനുഷ്യർക്കുമേൽ ക്രൂരത നടപ്പാക്കിയാണ് അയാൾ തന്റെ മക്കളായ ദിമിത്രിയെയും ( ചെമ്പൻ വിനോദിനെയും) ഐവാനെയും ( ജിനുജോസഫ്) വളർത്തുന്നത്. സഹോദരങ്ങളുടെ ക്രൂരതകണ്ട് ഒളിച്ചോടിയ ഇയ്യോബിന്റെ മൂന്നാമത്തെ മകൻ അലോഷി ( ഫഹദ് ഫാസിൽ), ബോംബെയിൽ നേവികലാപത്തിൽ പങ്കെടുത്തതിനെ തുടർന്ന് പിരിച്ചുവിട്ട് നാട്ടിൽ തിരച്ചത്തെുമ്പോഴാണ് 'ഇയ്യോബിന്റെ പുസ്തകത്തിലെ' താളുകൾ വേഗത്തിൽ മറിയുന്നത്. പുതുതായി ഒന്നിന്നും സമ്മതിക്കില്ല എന്ന ഒറ്റക്കാരണത്താൽ സ്വന്തം അപ്പനെവരെ കൊന്ന ആങ്കുർ റാവുത്തർ എന്ന തമിഴൻ മുതലാളി ( ജയസൂര്യ) കഴുകന്റെ കണ്ണുമായി മൂന്നാറിൽ മരംമുറിക്കാനത്തെുന്നു. കൊല്ലാനായി സ്വന്തം സഹോദരന്മാരും എതിർത്ത് തോൽപ്പിക്കാനായി അലോഷിയും. തുടർന്നുള്ള ഭാഗങ്ങൾ സ്‌ക്രീൽതന്നെ കണ്ട് ആസ്വദിക്കണം.[BLURB#1-H] -
വഴിപിഴച്ച അപ്പന്റെയും മക്കളുടെയും കഥയെന്ന് ബാഹ്യമായി വിലയിരുത്തിയാൽ ഈ ചിത്രത്തിന് നമ്മുടെ ഗണേശ്‌കുമാർ നായകനായ കെ.ജി ജോർജിന്റെ 'ഇരകളു'മായി സാമ്യമുണ്ട്. പക്ഷേ ഇയ്യോബിനെ വ്യത്യസ്തമാന്നത് അത് ഉയർത്തുന്ന ശക്തമായ രാഷ്ട്രീയ സൂചനകളുള്ള ആന്തരിക ഘടനയാണ്. ബ്രിട്ടീഷ് ഭരണമാണ,് ഇന്ത്യൻ ജനാധിപത്യത്തേക്കൾ മികച്ചതെന്ന് ഫേസ്‌ബുക്കിൽ തലതല്ലി ചർച്ചചെയ്യുന്ന ടെക്കികളൊക്കെ നിർബദ്ധമായും കാണേണ്ടതാണ് ഈ സിനിമ. 'കീടനാശിനികളായി' തോട്ടങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നതും, കുടികിടപ്പ് ചോദിച്ചതിന് കുടിലുകൾ തീവച്ച് നശിപ്പിക്കുന്നതും, സ്വാതന്ത്ര്യം കിട്ടുമെന്ന് മൂൻപേകണ്ട് തെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടത്തൊൻ കഞ്ചാവ് കൃഷി നടത്തുന്ന നേതാക്കളും തൊട്ട് (ദേശസ്‌നേഹം എന്ന വാക്കിനെ ചിത്രം പൊളിച്ചടുക്കുന്നു) മതപരിവർത്തനവും, മദ്യക്കുപ്പിക്കുമുന്നിൽ പാവങ്ങളെ മറക്കുന്ന കത്തനാരുമൊക്കെയായി സംഭവബഹുലമാണ് ഈ സിനിമ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളും, ഹിറ്റ്‌ലറും, അടിയന്തരാവസ്ഥയും നേവികലാപവുമെല്ലാം ചിത്രത്തിലൂടെ കടന്നുപോവുന്നു. ഒരു ചരിത്രാഖ്യായിക പോലെ ജീവിച്ചിരിക്കുന്ന മനുഷ്യരും ഇതിലൂടെ കടന്നുപോവുന്നു.
ദേവികുളത്തുനിന്ന് ജയിച്ച് ഐക്യകേരളത്തിലെ ആദ്യ നിയമസഭയിൽ അംഗമായ റോസമ്മ പുന്നൂസും, ഭർത്താവ് പി.ടി പുന്നൂസും ഇവിടെ കഥാപാത്രങ്ങളാണ്. നേവി കലാപത്തിൽ പങ്കെടുത്ത്, ജോലി വലിച്ചെറിഞ്ഞ് കേരളത്തിൽ എത്തിയ, പിന്നീട് മഹാനായ നടനായി വളർന്നുവന്ന പി.ജെ ആന്റണിയെയും (ആഷിക്ക് അബു) ഹ്രസ്വമായി ചിത്രം അവതരിപ്പിക്കുന്നു. അതിലൊന്നു വസ്തുതാപരമായ പിശകുകൾ വന്നില്ലെന്ന് മാത്രമല്ല, ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അണിനിരക്കാനുള്ള ആഹ്വാനവും ഈ സിനിമയിലില്ല. ഇതേകഥ ലെനിൻ രാജേന്ദ്രനൊക്കൊയാണ് ചെയ്തിരുന്നതെങ്കിൽ മൊത്തം ചെങ്കൊടി മയമാക്കി, എതിരാളികൾക്ക് അടിക്കാനുള്ള വടികൊടുക്കുമായിരുന്നു!
പുട്ടിനെക്കുറിച്ചുള്ള പരമാർശവും, ബിരിയാണിയെ പരിചയപ്പെടുത്തുന്നതും, തോക്കിനുപകരം അണുബോംബിടണമെന്ന് പറയുന്നതുമെല്ലാം കേരളത്തിന്റെ വികാസപരിണാമങ്ങൾ നമ്മെ ഓർമ്മിപ്പിക്കന്നു.ഇവിടെയെല്ലാം കഥാകൃത്ത് ഗോപൻ ഷൺമുഖവും സംഭാഷണമെഴുതിയ ശ്യാം പുഷ്‌ക്കരനും കൈയടി നേടുന്നു.
വിമതലൈംഗികതയും, സ്ത്രീ സ്വാതന്ത്രവും
ലൈംഗികത എങ്ങനെ ചിത്രീകരിക്കണമെന്നത് മലയാള സനിമയെ എക്കാലവും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ആദ്യരാത്രിയിൽ പാലുകുടിച്ചശേഷം കിളികൾ കൊക്കുരുമ്മുന്ന നസീർ-ഷീല കാലത്തുനിന്ന്, ഈയടുത്തകാലത്താണ് മലയാള സിനിമ മോചനം പ്രാപിച്ചത്. അപ്പോൾ പ്രതി ലൈംഗികതയുടെയോ, വിമത ലൈഗികതുടെയോ കാര്യത്തിലോ? അവിടെയാണ് ഇയ്യോബ് വ്യത്യസ്തമാവുന്നു. ദിമിത്രി ഉദ്ധാരണശേഷിയില്ലാത്തവനാണെങ്കിലും ലൈംഗിക ക്രൂരതകൾ നന്നായി ആസ്വദിക്കുന്നു. ദിമിത്രിയുടെ കുട്ടിക്കാലത്ത് ഒരു പശുവിനെകാണിക്കുന്നത് തൊട്ട് സിനിമ ഈ വിഷയം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ ഒരിടത്തും കുടംബപ്രേക്ഷകർക്കും കുട്ടികൾക്കും അരോചകമാവുന്ന സീനുകളുമില്ല.[BLURB#2-VR]
ദിമിത്രിയുടെ ഭാര്യയായി റാഹലോയി വേഷമിട്ട് പത്മപ്രിയയും അമ്പരപ്പിച്ചു. തന്നെ അടിമയാക്കിവച്ച് നിരന്തരം പീഡിപ്പിച്ച ഇയ്യോബിന്റെ കുടുംബത്തോടുള്ള രോഷം ലൈംഗികതയെതന്നെ ആയുധമാക്കി അവൾ തീർക്കുന്നു. ദിമിത്രിയെ അടിച്ചുകൊന്നശേഷം, റാഹേലും ഐവാനും അതേകട്ടിലിൽ ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം കാണണം. ലൈഗിക അടിച്ചമർത്തലും അപമാനവും മനുഷ്യനെ എങ്ങനെ മൃഗമാക്കുന്നു എന്നതിന്റെ ക്ലാസിക്ക് ഉദാഹരണം. ഇറ്റാലിയൻ സംവിധായകൻ പസോളിനിയൊക്കെ പച്ചയായി കാണിച്ച ഇത്തരം രംഗങ്ങൾ, വൾഗാരിറ്റിയിലേക്ക് വീഴാതെ അവതരിപ്പിച്ച അമലിന്റെ ഗ്ലൈകയടക്കം അംഗീകരിക്കണം. അവസാനം ചില കണക്കുകൂട്ടലുകൾ പിഴക്കുമ്പോൾ റാഹേൽ നിറതോക്ക് മാറോട് ചേർത്ത് വെടിയുതിർത്ത് സന്തോഷത്തോടെ ഈ ജീവിതത്തിൽനിന്ന് മോചനം പ്രാപിക്കുന്നു. മുമ്പ് അമൽനീരദിന്റെ തന്നെ 'ബാച്ചിലർ പാർട്ടിയിൽ' അൽപ്പവേഷധാരിയായി 'കപ്പ, കപ്പ, കപ്പപ്പുഴുക്കേ' എന്ന പാട്ടന് പത്മപ്രിയ ആടിയപ്പോൾ, അത് പട്ടുസാരികളിൽ കെട്ടിപ്പൂട്ടിയിടപ്പെട്ട സ്ത്രീത്വത്തിനുനേർക്കുള്ള വെല്ലുവിളിയാണെന്ന് അമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ തമാശയയാിരുന്നു. അതിനുള്ള പ്രായശ്ചിത്വം കൂടിയാണിത്.
ഫഹദ് സൂപ്പർ താര പദവിയിലേക്ക്! വില്ലനായി ഞെട്ടിച്ച് ജയസൂര്യ
ഇയ്യോബ് ഒരുകാര്യം തെളിയിച്ചു. മലയാള വ്യവസായിക സിനിമയിൽ ഇനി ഫഹദിനെ പടിച്ചാൽ കിട്ടില്ല. സിനിമയുടെ ചില ഭാഗങ്ങളിലൊക്കെ ഈയുവനടൻ കൊത്തിപ്പിക്കുന്ന രീതിയിൽ അരങ്ങുതകർക്കയാണ്. തീ പാറുന്ന നോട്ടവും, സജ്ജലമായ മിഴികളും, ഹൃദയത്തിൽ തീയുമായുള്ള ഒരുഗ്രൻ റിബൽ. മൂന്നാറിലെ മേഘങ്ങളെ ചുംബിച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾക്കിടയിലുടെ അയാൾ ബൈക്കോടിച്ചുപോവുന്നതൊക്കെ കാണേണ്ട കാഴ്ചയാണ്. ഒരു നോട്ടംകൊണ്ടും, ആംഗ്യം കൊണ്ടും ഒരപാട് കാര്യങ്ങൾ പറയാൻ അലോഷിക്കാവുന്നു. നടത്തത്തിലും ശരീരഭാഷയിലിമൊക്കെ ഫഹദ് പുലർത്തുന്ന മാനറിസങ്ങൾ അമ്പരപ്പിക്കുന്നതാണ്. ('യവനികയിൽ' മമ്മൂട്ടിചെയ്ത കഥാപാത്രത്തെയൊക്കെ ഇതോർമ്മിപ്പിക്കുന്നു) ഈ രീതിയിൽപോയാൽ സൂപ്പർതാര പദവി തന്നെയാണ് ഫഹദിനെ കാത്തിരിക്കുന്നത്.
ജയസൂര്യയാണ് ഞെട്ടിച്ച മറ്റൊരു നടൻ. വില്ലനാവാൻ ഈഗോയൊന്നുമില്ലാതെ ഈ യുവ നായക നടൻ എത്തിയതിന്റെ ഗുണം സിനിമയിൽ കാണാനുണ്ട്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആ രൂപം ദീർഘകാലം മനസ്സിൽ നിൽക്കും. ലാലും, ലെനയും, വിനായകനും, ചെമ്പൻ വിനോദുമുൾപ്പടെയുള്ള സഹതാരങ്ങൾ ഒന്നിനൊന്ന് മികച്ച പ്രകടനം കാട്ടി. പക്ഷേ ഈ സിനിമയിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്നത് അമലിന്റെ ക്യാമറതന്നെയാണ്. ആദ്യഷോട്ടിലെ കരിമൂർഖനെതൊട്ട് രണ്ടാംലോകമഹായുദ്ധത്തിൽ തകരുന്ന തേയിലപ്പെട്ടികൾവരെകാണുമ്പോൾ ഇത് മലയാള സിനിമതന്നെയോ, അതോ ഇംഗ്ലീഷിൽനിന്ന് മൊഴിമാറ്റിയതോ എന്ന് അമ്പരന്നുപോവും.[BLURB#3-VL]
ചില ഹാങ്ങോവറുകൾ ബാക്കി
പക്ഷേ പഴയ ചില ഹാങ്ങോവറുകളിൽനിന്ന് പൂർണമായും മുക്തനാവാൻ അമലിനായിട്ടില്ല. അരോചകമായ പാട്ടുകൾ ഇതിൽ മുഴച്ചു നിലക്കുന്നു. ഒരുകാര്യവുമില്ലാതെ അൽപ്പനേരം ഒരു ബെല്ലി ഡാൻസുമുണ്ട്. ഇതെല്ലാം മുറിച്ചുമാറ്റുകയാണെങ്കിൽ, ഷാങ്ങ്ഹായി, ബർലിൻ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്കുവരെ ഈ സിനിമ അയക്കാമായിരുന്നു. കൂട്ടവെടിവെപ്പ് എന്ന അമൽ സിനിമകളെ സാധൂകരിക്കുന്ന രീതിയിലായിപ്പോയി സിനിമയുടെ അവസാന ചില ഭാഗങ്ങൾ. എന്നിരുന്നാലും, ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെപേരിൽപോലും അറസ്റ്റുചെയ്യപ്പെടാവുന്ന രീതിയിൽ ഫാസിസം പടിയിൽ മുട്ടുന്ന ഇക്കാലക്ക് സ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെയുള്ള ഗൗരവപൂർണമായ ചില ചോദ്യങ്ങൾ ഇയ്യോബ് ബാക്കിയാക്കുന്നു.
വാൽക്കഷ്ണം: സിനിമ തുടങ്ങുന്നതുതന്നെ സാറ്റലൈറ്റ് റൈറ്റിനുവേണ്ടി ആകാശത്തേക്ക് നോക്കിനിൽക്കുന്ന എതാനും യുവസംവിധായകരെ കാണിച്ചാണ്. ഒപ്പം നല്ല സിനിമയുണ്ടാവാൻ മാനത്തേക്കല്ല, നമ്മളിലേക്കാണ് നോക്കെണ്ടതെന്ന വോയ്‌സ് ഓവറും. ഒരു പീരിയഡ് സിനിമക്ക് ഒരിക്കലും ചേരാത്ത അസംബന്ധം എന്നേ ഇതിനെ പറയാൻ കഴിയൂ. ഈ രീതിയിൽ സഹപ്രവർത്തകർക്കിട്ട് പണിഞ്ഞുകൊണ്ട് തുടങ്ങേണ്ടകാര്യമൊന്നും പ്രതിഭാധനനായ അമൽ നീരദിനില്ല. 'ഇതിഹാസ' പോലെ ആരും വിശ്വസിക്കാത്ത കഥയെന്ന് പരസ്യംചെയ്ത് തുടങ്ങുന്ന ഒരു ആക്ഷേപഹാസ്യ സിനിമയിലൊക്കെ ആവാമായിരുന്നു ഇത്തരം പരീക്ഷണം. വരും ദിവസങ്ങളിലെങ്കിലും ഈ ഭാഗം കട്ടുചെയ്യാനുള്ള വിവേകമുണ്ടായാൽ നന്ന്.