- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദം
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തേടി അലയുന്ന വാർത്ത ദേശീയ മാധ്യമങ്ങളിൽ അടക്കം വരുമ്പോൾ വിവാദത്തിലാകുന്നത് സിപിഎമ്മാണ്. അതേസമയം പുതിയ ഒരു വിവാദം കൂടി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചക്കിടെ ഉരുത്തിരിഞ്ഞു വന്നു. സാമൂഹ്യ പ്രവർത്തക ജെ ദേവിക സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗത്തിന് നേരെ നടത്തിയ ആരോപണമാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്.
പീഡോഫൈലായ നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്നും അവർ ആരോപിച്ചു. വളരെയേറെ സമ്മർദ്ദം ചെലുത്തിയാണ് കേസെടുത്തതെന്നും അവർ കുറ്റപ്പെടുത്തി. അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവവുമായി ബന്ധപ്പെട്ട ന്യൂസ് അവർ ചർച്ചക്കിടെയാണ് ദേവിക ഗുരുതര ആരോപണം ഉന്നയിച്ചത്.
തന്റെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നും ദേവിക പറയുന്നു. ദേവിക പറഞ്ഞതിങ്ങനെ - 'മൂന്ന് മാസം മുൻപ് എന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി. പേരൂർക്കടയിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ. അറിയപ്പെടുന്ന ഒരു പിഡോഫൈൽ, അത് ആ കുട്ടിക്ക് അറിയില്ലായിരുന്നു. വീട് കാണിക്കാൻ കൊണ്ടുപോയി. വീട് കാണിച്ച ശേഷം ഈ കുട്ടിയോട് വളരെ മോശമായി, ലൈംഗിക ചുവയുള്ള വളരെ മോശമായ രീതിയിൽ പെരുമാറുകയും അതിന് ശേഷം ഈ കുട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ഒക്കെ ചെയ്തു.
അത് കഴിഞ്ഞ് കുട്ടി പൊലീസ് സ്റ്റേഷനിൽ പോയി ഇയാൾക്കെതിരെ പരാതി കൊടുത്തു. പരാതി കൊടുത്തിട്ട് ഈ പറയുന്ന പോലെ പൊലീസുകാർ ഒരു തരത്തിലും പരാതി സ്വീകരിക്കില്ലെന്ന്, വലിയ പ്രശ്നമായി. വളരെയധികം പാടുപെട്ടാണ് ഇയാളെക്കുറിച്ചുള്ള പരാതി സ്വീകരിക്കാൻ പോലും പൊലീസുകാർ, ഈ പേരൂക്കട പൊലീസ് സ്റ്റേഷനിലുള്ള അധികാരികൾ തയ്യാറായത്.' ഇതെന്താണ് ഈ കാണിക്കുന്നതെന്ന ചോദ്യവും അവർ ഉന്നയിച്ചു.
അതേസമയയം ചാനൽ ചർച്ചയിൽ പങ്കെടുത്ത അനുപമ സിപിഎമ്മിന്റെ പിന്തുണയിൽ വിശ്വാസമില്ല, അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. അച്ഛനും അമ്മയ്ക്കും പുതിയ പാർട്ടി സ്ഥാനങ്ങൾ കിട്ടുന്നുണ്ട്. അവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കിയാണ് പാർട്ടി തനിക്കുള്ള പിന്തുണ അറിയിക്കേണ്ടതെന്നും അനുപമ പറഞ്ഞു.
അനുപമയുടെ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ടും പുറത്തുവന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. 'അനുപമയുടെ ആദ്യ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞിരുന്നില്ല. അച്ഛൻ ഒപ്പുവപ്പിച്ച രേഖകൾ തിരികെ കിട്ടണം എന്നായിരുന്നു ആദ്യപരാതി.' റിപ്പോർട്ടിൽ പറയുന്നു. നിയമോപദേശപ്രകാരമായിരുന്നു പൊലീസ് നടപടിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, ദത്തുനൽകൽ നടപടികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ശിശുക്ഷേമ സമിതിക്കും വനിത, ശിശുവികസന ഡയറക്ടർക്കുമാണ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയത്. നടപടികൾ നിർത്തിവച്ചതായി കോടതിയെ അറിയിച്ചു. ആറു മാസമാണ് ദത്ത് നടപടികൾ പൂർത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂർത്തിയായിരിക്കുന്നത്.
കുഞ്ഞിനെ മറ്റൊരാൾക്കു കൈമാറിയെങ്കിലും കോടതി നടപടികൾ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികൾ പൂർത്തിയാകുകയുള്ളൂ. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തിൽ ദത്തിന്റെ അടുത്ത നടപടികൾ നിർത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടർക്കും സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളാണ് കുഞ്ഞിന്റെ ദത്ത് നടപടികൾ പുരോഗമിക്കുന്ന വഞ്ചിയൂർ കോടതിയെ അറിയിച്ചത്.