ശ്രീനഗർ: ജമ്മു-കാശ്മീരിൽ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ കരുനീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും വളരെ നേരത്തെ തന്ത്രങ്ങൾ ഒരുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും പ്രതീക്ഷ കൂട്ടി. എന്നാൽ ജമ്മു-കാശ്മീരിൽ വോട്ടെടുപ്പ് തുടങ്ങുമ്പോൾ എത്തുന്ന വിലയിരുത്തലുകൾ ബിജെപിക്ക് ആഗ്രഹിച്ച ഫലം കിട്ടില്ലെന്നാണ്.

ജമ്മു-കാശ്മീർ നിയമസഭയിൽ 12 അംഗങ്ങളാണ് നിലവിൽ ബിജെപിക്കുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള ആറിൽ മൂന്നിലും ബിജെപി ജയിച്ചു. ഇതോടെയാണ് കാശ്മീരിൽ ഭരണം പിടിക്കാമെന്ന മോഹം ബിജെപി ക്യാമ്പിലെത്തിയത്. കാശ്മീരിലെ വെള്ളപ്പൊക്കത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി കാശ്മീരിന്റെ മനസ്സ് അനുകൂലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് എത്തി. പക്ഷേ വലിയ നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

87 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 44 അംഗങ്ങൾ വേണം. 35 സീറ്റ് വരെ നേടി ചെറുകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാൽ അത്രയും അടുത്ത് എത്താൻ ബിജെപിക്ക് കഴിയില്ലത്രേ. മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകൾ മെഹബൂബ മുഫ്ത്തിയുടെ നേതൃത്വത്തിൽ മത്സരിക്കുന്ന പിഡിപിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ബിജെപിയുടെ നേട്ടം 25 സീറ്റായി മാറും. എന്നാലും നിലവിലെ അംഗബലത്തിന്റെ ഇരട്ടിയായി ബിജെപി പ്രാതിനിധ്യം ഉയരും.

കാശ്മീരി പണ്ഡിറ്റുകൾക്ക് മുൻതൂക്കമുള്ള ജമ്മുവിൽ ബിജെപി നേട്ടം കൊയ്യും. എന്നാൽ ന്യൂനപക്ഷ കോട്ടകളിൽ പിഡിപിക്ക് തന്നെയാണ് കരുത്ത്. ഇതോട് കൂടി കോൺഗ്രസിന്റേയും നാഷണൽ കോൺഫറൻസിന്റേയും പ്രസക്തി ഇല്ലാതാകുമെന്നാണ് നിരീക്ഷണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മുവിലെ 24 സീറ്റിൽ ബിജെപി മുൻതൂക്കം നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും അതിനോട് അടുത്ത നേട്ടം ബിജെപിക്ക് ലഭിക്കും. പിഡിപിക്ക് 41 സീറ്റിൽ കാശ്മീർ താഴ് വരയിൽ മുൻതൂക്കം ഉണ്ടായിരുന്നു. നിയമസഭയിലേക്കും ഈ ട്രെൻഡ് തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

പ്രത്യേക സംസ്ഥാന പദവിയുള്ള കാശ്മീരിൽ ആറു കൊല്ലത്തിലൊരിക്കലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസാണ് ഭരിക്കുന്നത്. എന്നാൽ ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ നാഷണൽ കോൺഫറൻസിന് പത്തിൽ താഴെ സീറ്റുകളെ ഇത്തവണ കിട്ടൂവെന്നാണ് വിലയിരുത്തൽ.