- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമരീന്ദർ സിംഗിന്റെ പാതയിൽ ഗുലാം നബി ആസാദും; കാശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; ആസാദിന്റെ പൊതുയോഗങ്ങളിലെ ജനക്കൂട്ടം കണ്ട് ആശങ്കയിൽ കോൺഗ്രസും; രാഹുൽ വിദേശത്ത് ടൂറടിച്ചു നടക്കുമ്പോൾ മുതിർന്ന നേതാക്കൾ തോന്നുംവഴി പോകുന്നു; ജി-23 ഗ്രൂപ്പും മമത ബാനർജിയും കോൺഗ്രസിന് വലിയ വെല്ലുവിളി; ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി അസ്തമയത്തിന്റെ പാതയിലോ?
ശ്രീനഗർ: കോൺഗ്രസ് പാർട്ടി രാജ്യത്ത് അസ്തമയത്തിന്റെ വഴിയിലാണോ? ദേശീയ തലത്തിൽ നേതാവില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിട്ട് കാലം കുറച്ചായി. ദേശീയ തലത്തിൽ പാർട്ടിയെ നയിക്കേണ്ട രാഹുൽ ഗാന്ധി ഇനി ആ പദവിയിലേക്ക് ഇല്ലെന്ന് പറഞ്ഞ് വിദേശത്തു ടൂറടിച്ചു കളിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ മിന്നലാട്ടങ്ങൾ ഇടയ്ക്ക് ഉത്തർപ്രദേശിൽ മാത്രമായി ഒതുങ്ങുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് മറ്റാരെയും പദവി ഏൽപ്പിക്കാൻ തയ്യാറാകാത്തതും കൂടിയാകുമ്പോൾ അണികൾ ഉണ്ടായിട്ടും നയിക്കാൻ ആളില്ലാത്ത പാർ്ട്ടിയായി കോൺഗ്രസിനെ മാറ്റുകയാണ്. കോൺഗ്രസ് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർക്കും കനത്ത തിരിച്ചടിയായി മാറുകയാണ് നേതാവില്ലാത്ത അവസ്ഥ.
ഈ സ്ഥിതി മാറണം എന്നാഗ്രഹിച്ചു കൊണ്ട് മുതിർന്ന നേതാക്കൾ കുറച്ചുകാലമായി നിരന്തരം ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും അതിനൊന്നും ആരും ചെവി കൊടുക്കുന്നുമില്ല. ജമ്മു കശ്മീരിൽ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും കോൺഗ്രസ് ഹൈക്കമാൻഡുമായി ഉടക്കി പുതുവഴി തുറക്കുന്നു എന്ന സൂചനകൾ ശക്തമായിട്ടുണ്ട്. അഹമ്മദ് പട്ടേലിനെ പോലെ പാർട്ടിയെ ഏകോപനത്തിന് ശേഷയുള്ള ആരുമില്ല എന്നതും കോൺഗ്രസിന് വൻ തിരിച്ചടിയാണ് ഉണ്ടാകുന്നത്.
പഞ്ചാബിലെ അമരീന്ദർ സിംഗിന്റെ മാതൃകയിൽ ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കോൺഗ്രസിലെ വിമതരെന്ന് അറിയപ്പെടുന്ന ജി-23 ഗ്രൂപ്പിന്റെ ഭാഗമായ ഗുലാം നബി ആസാദ് ജമ്മു കശ്മീരിൽ നിരന്തരം പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഈ പൊതുയോഗങ്ങളിൽ എല്ലാം തന്നെ വൻ ആൾക്കൂട്ടവും ഉണ്ട്.
ഈ യോഗങ്ങളിലെല്ലാം കോൺഗ്രസിനെ പരോക്ഷമായി വിമർശിക്കുന്നുണ്ട്. മാത്രമല്ല, ആസാദിനെ കേൾക്കാൻ വലിയ ജനക്കൂട്ടമാണ് പലയിടത്തുമെത്തുന്നത്. സംസ്ഥാനത്തെ പല നേതാക്കളും ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിന് പുറത്തുള്ളവരും ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചതായാണ് വിവരം.
ഇക്കഴിഞ്ഞ നവംബറിൽ ഗുലാം നബി ആസാദിനോട് അടുപ്പമുള്ള 20 നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് ജി.എ. മിറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. മുൻ മന്ത്രിമാർ. എംഎൽഎമാർ, പ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ജില്ലാ വികസന കൗൺസിൽ അംഗം, മുൻ ജില്ലാ പ്രസിഡന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് രാജിവെച്ചത്.
കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചവരിൽ പ്രധാനിയാണ് ഗുലാം നബി ആസാദ്. കഴിഞ്ഞ ദിവസം കശ്മീരിൽ നടന്ന പൊതുയോഗത്തിൽ കോൺഗ്രസിന് അടുത്ത തെരഞ്ഞെടുപ്പിൽ 300 ലധികം സീറ്റ് നേടാൻ സാധ്യതയില്ലെന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞിരുന്നത്.
ആർട്ടിക്കിൾ 370 പിൻവലിച്ച നടപടി റദ്ദാക്കണമെങ്കിൽ ഒന്നുകിൽ സുപ്രീംകോടതി വിചാരിക്കണമെന്നും അല്ലെങ്കിൽ കോൺഗ്രസ് 300 ലധികം സീറ്റ് നേടി അധികാരത്തിൽ വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ അതിന് (300 സീറ്റ് നേടുന്നതിന്) താൻ സാധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കോൺഗ്രസിന്റെ കരുത്തു ചോർത്തി മമതയും
മമത ബാനർജി ദേശീയ തലത്തിൽ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാനും കോൺഗ്രസിന് സാധിക്കുന്നില്ല. മമത ബാനർജിയെ മുന്നിൽ നിർത്തി മോദി വിരുദ്ധസഖ്യം രൂപീകരിക്കാൻ പ്രശാന്ത് കിഷോർ ശ്രമിക്കുമ്പോൾ കോൺഗ്രസിനാ്ണ തിരിച്ചടി ഉണ്ടാകുന്നത്. അതേസമയം ഇപ്പോൾ യുപിഎയിൽ ഉള്ള കക്ഷികളുമായി സഹകരിക്കാനും മമത ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ശരത് പവാറിനെ കാണാൻ മമത ബാനർജി എത്തിയതും. രാജ്യത്ത് യു.പി.എ സഖ്യം നിലവിൽ ഇല്ലാതായെന്നും ബിജെപി ഫാസിസത്തെ തോൽപ്പിക്കാൻ പുതിയ കൂട്ടുകെട്ട് വേണമെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ദേശീയതലത്തിൽ ബിജെപിക്കും കോൺഗ്രസിനും ബദലായി പുതിയൊരു സഖ്യമുണ്ടാക്കാനാണ് മമതയുടെ ശ്രമം. ഇതിന്റെ തുടർച്ചയായാണ് മമത മഹാരാഷ്ട്രയിലെത്തി എൻസിപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയത്. അടുത്ത ലോക്സഭാ ഇലക്ഷനിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള ശ്രമത്തിലാണ് മമതയെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. അതിനു വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായി വിവിധ പ്രതിപക്ഷ നേതാക്കന്മാരെ കാണാൻ വേണ്ടിയാണ് ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ന്യൂഡൽഹി സന്ദർശനത്തിന് മമത തുനിഞ്ഞതെന്നും ബിജെപിയുടെ ബംഗാൾ അദ്ധ്യക്ഷൻ സുകന്ദാ മജുംദാർ പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്