- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2018 ഏപ്രിലിൽ മേഴ്സികുട്ടിയമ്മയുമായി ന്യുയോർക്കിൽ കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് അമേരിക്കൻ കമ്പനി; ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലുമായി തുടർ ചർച്ചയും; മന്ത്രി ഇപി ജയരാജന് ഇഎംസിസി ഈ മാസം 11ന് അയച്ച കത്ത് മറുനാടന്; പൊളിയുന്നത് മന്ത്രി മേഴ്സികുട്ടി അമ്മയുടെ വാദങ്ങൾ; മത്സ്യനയത്തിലെ മാറ്റം സംശയ നിഴലിലേക്ക്
കൊല്ലം: അടുത്ത കാലത്തായി പ്രതിപക്ഷ നേതാവിന്റെ മാനസികനില വല്ലാതെ തെറ്റിയിരിക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കേരള തീരത്ത് അമേരിക്കൻ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. താൻ അമേരിക്കൻ സന്ദർശനം നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട് യു എൻ വിളിച്ച ചർച്ചയിലേക്ക് ആയിരുന്നു പോയത്. മൂന്ന് ദിവസം അവിടെ ഉണ്ടായിരുന്നു. വേറൊരു ചർച്ചയും അമേരിക്കയിൽ നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിയുടെ വാദം ശരിയല്ലെന്ന് തെളിയുന്ന കത്ത് മറുനാടന് കിട്ടി.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നത് ഇതിന് പിന്നാലെയാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.ക്ക് സർക്കാർ അനുമതി നൽകിയെന്നാണ് ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നിൽ വൻ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരും ഇ.എം.സി.സി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞയാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തുമെന്നുമായിരുന്നു ആരോപണം. അമേരിക്കയിൽ കമ്പനി പ്രതിനിധികളെ ഫിഷറീസ് മന്ത്രി കണ്ടിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇത് ശരിയാണെന്ന് തെളിയിക്കുന്ന കത്താണ് മറുനാടന് കിട്ടിയത്.
ഇ.എം.സി.സി ഇന്റർനാഷണൽ വ്യവസായ മന്ത്രി ഇപി ജയരാജന് ഈ മാസം 11നാണ് കത്ത് അയയ്ക്കുന്നത്. ഈ കത്തിൽ പരിഗണനാ വിഷയമായി ചൂണ്ടിക്കാണിച്ചിരിക്കുന്നിടത്തു തന്നെ മന്ത്രി മേഴ്സികുട്ടി അമ്മയുമായി കമ്പനി നടത്തിയ കൂടിക്കാഴ്ച പരാമർശിക്കപ്പെടുന്നുണ്ട്. 2018 ഏപ്രിലിൽ മേഴ്സികുട്ടിയമ്മയുമായി ന്യുയോർക്കിൽ ചർച്ച നടത്തിയതായി ഇതിൽ പരാമർശിക്കുന്നു. പിന്നീട് ജൂലൈ 2019ൽ ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ ആർ ജ്യോതിലാലിനെ കണ്ട് തുടർ ചർച്ച നടത്തിയെന്നും വിശദീകരിക്കുന്നു. ഇപി ജയരാജന് അയച്ച കത്തിലെ ഈ വെളിപ്പെടുത്തലുകൾ മന്ത്രി മേഴ്സികുട്ടിയമ്മയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നു. ഈ കത്തിന്റെ പൂർണ്ണ രൂപം മറുനാടൻ മലയാളിക്ക് ലഭിച്ചു. ഇതോടെ ഈ ഇടപാടും ദുരൂഹമാണെന്ന് വ്യക്തമാകുകയാണ്.
അടിസ്ഥാനമില്ലാത്ത എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത് പ്രതിപക്ഷ നേതാവിന്റെ സ്വഭാവമായി മാറിയിരിക്കുകയാണ്. അയ്യായിരം കോടിയുടെ അഴിമതിയെന്നാണ് പറയുന്നത്. ഈ കോടികൾക്കൊന്നും ഒരു വിലയില്ലേയെന്നും മന്ത്രി മേഴ്സികുട്ടിയമ്മ പരിഹസിച്ചു. ആരോപണങ്ങൾ തികച്ചും അസംബന്ധമാണ്. ഫിഷറീസ് നയത്തിന് വിധേയമായേ കാര്യങ്ങൾ നടക്കുകയുള്ളൂ. പ്രതിപക്ഷ നേതാവിന് ബോംബ് പൊട്ടിച്ച് നടക്കണമെന്നുള്ള അത്യാർത്തിയാണ്. കേരള മണ്ണിൽ ഇതൊന്നും ഏശാൻ പോകുന്നില്ല. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹവുമായാണ് ഇറങ്ങിത്തിരിച്ചതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല.ഇ എം സി സിയുമായി ഒരു കരാറുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഇപി ജയരാജന് കമ്പനി അയച്ച കത്ത്.
കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി.ക്ക് സർക്കാർ അനുമതി നൽകിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നിൽ വൻ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വൻകിട അമേരിക്കൻ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നിൽ വൻ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരും ഇ.എം.സി.സി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞയാഴ്ച ധാരണാപത്രത്തിൽ ഒപ്പിട്ടു. കരാർ പ്രകാരം 400 ട്രോളറുകളും രണ്ട് മദർഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രീംഗ്ളർ, ഇ- മൊബിലിറ്റി അഴിമതികളേക്കാൾ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ചും ചെന്നിത്തലയ്ക്ക് മാനസിക തെറ്റിയെന്നും മേഴ്സികുട്ടിയമ്മ രംഗത്തു വന്നത്. എന്നാൽ ചെന്നിത്തലയുടെ വാദങ്ങൾ ശരിവയ്ക്കുന്നതാണ്് മന്ത്രി ഇപി ജയരാജന് കമ്പനി അയച്ച കത്ത്. ഫിഷറീസ് വകുപ്പുമന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ 2018 ൽ ന്യൂയോർക്കിൽ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചർച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്. മീറ്റിംഗിനെ തുടർന്ന് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിറ്റേ വർഷം അതായത് 2019 ൽ മത്സ്യനയത്തിൽ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തിൽ മാറ്റം വരുത്തിയത് സംശയത്തിനിട നൽകുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.
5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ൽ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ചുള്ള അനുബന്ധകരാറുകളിൽ കേരള സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു. 400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റൽ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതി. സമുദ്രത്തിൽ കൂറ്റൻ കപ്പലുകൾ ഉപയോഗിച്ച് വിദേശകമ്പനികൾ മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തു വന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും വൻചെറുത്തുനില്പാണ് നടത്തി വന്നിരുന്നത്.
സിപിഎമ്മും ശക്തമായ എതിർപ്പാണ് ഇതുവരെ ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ, പിണറായി സർക്കാർ ഇക്കാര്യത്തിൽ തകിടം മറിഞ്ഞ്, വൻകിട കുത്തക കമ്പനികൾക്ക് കേരളതീരം തുറന്നു കൊടുക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ