- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക് എന്നുകേട്ടപ്പോൾ പലർക്കും മുൻവിധികൾ തികട്ടിവരുന്നു; അദ്ദേഹം വളരെ ഷാർപ്പാണ്.. നെറ്റ് വർക്ക് ഉസ്താദാണ്; എന്നാൽ ബ്രിട്ടാസിനോട് പലർക്കും അസൂയയും കലിപ്പും തോന്നാൻ കാരണം എന്ത്? ജെ.എസ്.അടൂർ എഴുതുന്നു
ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ. ദേശാഭിമാനിയിൽ ആയിരുന്നു. ആദ്യകാഴ്ചയിൽ തന്നെ ബ്രിട്ടാസ് ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള നെറ്റ്വർക്ക് ഉസ്താദ് ആണെന്ന് മനസ്സിലായി.
പിന്നീട് അദ്ദേഹം കൈരളിയിൽ എത്തി. അന്ന് നാഷണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റഡിസ് എക്സിക്യൂട്ടീവ് ഡയറക്ടറും വിവരാവകാശ നിയമ അഡ്വക്കസിയിലും പാർലമെന്റ് ഗവേഷണത്തിലും വ്യാപൃതനായിരുന്ന എന്നെ അതെ വിശ്വയുവക് കേന്ദ്രത്തിലെ ബെസ്മെന്റിൽ വച്ചുള്ള കൈരളിയുടെ ചെറിയ ഇന്റർവ്യൂവിലൂടെ പരിചയപ്പെടുത്തിയത് ബ്രിട്ടാസാണ്.
അന്ന് എന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ സി പി എം /സിപിഐ നേതാക്കളും പ്രവർത്തകരുമായിരുന്നു. അന്ന് ബ്രസീലിലെ പോർട്ടോ അലഗ്രയിൽ വേൾഡ് ഇക്കോണോമിക് ഫോറത്തിന് ബദലായ വേൾഡ് സോഷ്യൽ ഫോറത്തിൽ ഞാൻ സജീവവും ഇന്റർനാഷണൽ കൗൺസിൽ അംഗവുമായിരുന്നു. സിപിഐ നേതാക്കളായ രാജ, സി പി എംലെ യച്ചൂരി വരദരാജൻ എല്ലാവരും സജീവം. ഇന്ത്യയിൽ വച്ചുള്ള കോർഡിനേഷൻ മീറ്റിങ് നടന്നിരുന്നത് ബി ടി ആർ ഭവനിൽ. ഇന്ത്യക്ക് വെളിയിൽ താവളം മാറ്റിയ എന്നെ ആദ്യമായി ഒരു ടി വി ചാനലിന് വേണ്ടി ഇന്റർവ്യൂ ചെയ്തത് ബ്രിട്ടാസാണ്.
ഇരുപത്തി അഞ്ചു കൊല്ലമായി അദ്ദേഹത്ത അറിയാം.
അദ്ദേഹത്തിൽ ആറു നേതൃത്വ ഗുണങ്ങൾ ഉണ്ട്.
1. വളരെ ഷാർപ്പാണ്. അത് ഉയർന്ന ഐ ക്യൂ വിന്റെ ഫലമാണ്.
2. വളരെ നല്ല entrepreneurial leadership ഉള്ളയാളാണ്. ഒരു കാര്യം ഏറ്റെടുത്താൽ അത് നടപ്പാക്കുന്നതിലുള്ള നിശ്ചയ ദാർഢ്യം. ഇപ്പോൾ കൈരളി നിൽക്കുന്ന ആ ബിൽഡിങ് പണിതതിലും അത്പോലെ കൈരളിയുടെ ബ്രാൻഡ് ബിൽഡ് ചെയ്യുന്നത്തിലും അത് കണ്ടതാണ്.
3. Street smart ആണ്. ആൾ ഡിപ്ലോമാറ്റിക് ആണെങ്കിലും ആരെയും കൂസാത്ത പ്രകൃതം
4. എല്ലാവരോടും പ്രത്യയശാസ്ത്രത്തിനും പാർട്ടികൾക്കും ഉപരിയായി വ്യക്തി ബന്ധം പുലർത്തുന്ന നെറ്റ്വർക്ക് ഉസ്താദ്.
5. അത്പോലെ പ്രശ്നക്കാരെ കൈകാര്യം ചെയ്യാനുള്ള കൂർമ്മബുദ്ധിയും കൗശല ബുദ്ധിയും (shrewd and clever )
6.ക്ഷമാ ശീലം. പല കാരണങ്ങൾ കൊണ്ടു തിരുവനന്തപുരത്തും തെക്കൻ കേരളത്തിലുമുള്ള പല വ്യവസ്ഥാപിത പത്ര പ്രമുഖർക്കും ബ്രിട്ടാസിനോട് പ്രിയം ഇല്ല. അതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ കണ്ണൂരും പലതരം സ്വത്വബോധ പ്രശ്നങ്ങളുമുണ്ടെന്നു എനിക്കറിയാം. രണ്ടാമത്തേത് തെരെഞ്ഞടുത്ത മേഖലയിൽ പെട്ടെന്ന് വിജയിച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മീഡിയ ചാനലിന്റെ തലവനോടുള്ള പ്രൊഫെഷണൽ അസൂയയും കലിപ്പും
ബ്രിട്ടാസ് ഒരു ലെഫ്റ്റ് ലിബറലാണ്. ആളുകളുടെ പോട്ടെൻഷ്യൽ പെട്ടെന്ന് മനസ്സിലാകാൻ അയാൾക്ക് ശേഷിയുണ്ട്. ഹോം വർക്ക് ചെയ്തു കാര്യങ്ങൾ പഠിച്ചു പ്രസംഗിക്കുവാനുള്ള കഴിവ് ഉണ്ട്. ആ കാര്യത്തിൽ മറ്റു പലരെയുകാൾ കഴിവുള്ളയാൾ. അയാൾക്ക് കൈരളിയിൽ കിട്ടിയതിനെക്കാൾ പതിന്മടങ്ങു ശമ്പളം ഡൽഹിയിലെ പ്രമുഖ ചാനലിൽ ഓഫർ കിട്ടിയിട്ടും പോയില്ല. എനിക്ക് നേരിട്ട് അറിയാവുന്നത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് അയാൾ ഒന്നോ രണ്ടോ കൊല്ലത്തെക്ക് ഏഷ്യാനെറ്റിൽ പോയത്.
കഴിഞ്ഞ 2016 തിരഞ്ഞെടുപ്പിലെയും ഇപ്പോൾ 2021 ലെയും എൽ ഡി എഫ് ക്യാമ്പയിൻ ബ്രെയിൻ ബ്രിട്ടാസ് ആയിരുന്നു. ഇടതുപക്ഷ വിചാരങ്ങളും ബന്ധങ്ങളുമൊക്കെയുള്ള ഞാൻ കോൺഗ്രസ്സിൽ ചേർന്നിട്ടും ബ്രിട്ടാസ് ഊഷ്മളമായ സ്നേഹബന്ധം നിലനിർത്തി. പക്ഷെ ബുദ്ധിപൂർവ്വം കൈരളി ചാനലിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. അതിന് പല കാരണങ്ങൾ ഉണ്ട്. അത് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമെന്നതിലാണ് ബ്രിട്ടാസ് വ്യത്യസ്തനാക്കുന്നത്.
ബ്രിട്ടാസിന് എല്ലാം രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നല്ല വ്യക്തി ബന്ധമുണ്ടെന്നുള്ളതാണ് അദ്ദേഹത്ത വ്യത്യസ്തനാക്കുന്നത്.വർഷങ്ങളായി പിണറായി വിജയന്റെ വിശ്വസ്ത വലയത്തിൽ പ്രമുഖൻ. ബ്രിട്ടാസ് രാജ്യസഭയിൽ പോകുമെന്നു പതിനഞ്ചു കൊല്ലം മുമ്പ് ഞാൻ പറഞ്ഞതാണ്. അതിനെല്ലാം മറുപടി ബ്രിട്ടാസിന്റെ ആ ബ്രാൻഡ് കള്ളചിരിയാണ്.
ബ്രിട്ടാസ് രാജ്യ സഭയിൽ പോകും എന്നറിഞ്ഞപ്പോൾ പല രീതിയിൽ പഴയ മുൻവിധികൾ തികട്ടിവരുന്നത് കണ്ടു. ബ്രിട്ടാസ് എന്റെ കോൺഗ്രസ്സ് രാഷ്ട്രീയ എതിർപക്ഷത്താണിപ്പോൾ. പക്ഷെ അയാൾക്ക് നല്ല പാർലമെന്റേറിയാനാകാൻ കഴിവും കാര്യപ്രാപ്തിയുമുള്ളയാളാണ്.
പഴയ സുഹൃത്തിനു എല്ലാ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും.