വെല്ലിങ്ടൺ: മഴവില്ല് പോലെ വൈവിധ്യമാർന്ന ഒരുമന്ത്രിസഭ ഉണ്ടാക്കി രണ്ടാം ഊഴത്തിൽ ദ്രുതതീരുമാനങ്ങളുമായി ഭരണം ഉഷാറാക്കുകയാണ്. അതിനിടെ തന്നെ തന്റെ വ്യക്തിജീവിതത്തിലെ ഒരുപ്രധാനപ്പെട്ട സംഭവത്തിനും ഒരുങ്ങുകയാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൻ. അതെ, ജസിന്ത വിവാഹിതയാവുകയാണ്. ടെലിവിഷൻ അവതാരകൻ ക്ലാർക്ക് ഗെയ്‌ഫോർഡിനെയാണ് ഒപ്പം കൂട്ടുന്നത്. തീയതിയോ, സമയമോ ഒന്നും ആയിട്ടില്ല.

ഒരു അഭിമുഖത്തിലാണ് ആർഡേൻ തന്റെ ഭാവി പരിപാടികൾ വിശദീകരിച്ചത്. ' ഞങ്ങൾക്ക് ചില പ്ലാനുകളുണ്ട്. അത് നടപ്പാകാൻ കുറച്ചുസമയം കൂടി എടുക്കും. കുടുംബവും സുഹൃത്തുക്കളുമായി ആലോചിച്ച ശേഷം അത് പരസ്യമാക്കാം'- അവർ സൂചിപ്പിച്ചത് ഇങ്ങനെ.

കഴിഞ്ഞ വർഷം ഈസ്റ്റർ സമയത്തായിരുന്നു എൻഗേജ്‌മെന്റ്. ദമ്പതികൾക്ക് രണ്ടുവയസുള്ള കുട്ടിയുണ്ട്. പേര് നീവ്. തിരഞ്ഞെടുപ്പിന് മുമ്പ് വിവാഹം ഉണ്ടാകില്ലെന്ന് ആർഡേൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും തിരഞ്ഞെടുപ്പിൽ വൻവിജയം നേടി രണ്ടാമൂഴത്തിലേക്ക് കടന്നതോടെ, 40 കാരിയായ ആർഡേൻ അൽപം സമയം മാറ്റി വയ്ക്കുകയാണ്, വിവാഹത്തിനായി.

ന്യൂസിലൻഡിലെ മാഹിയയിലായിരുന്നു വിവാഹം ഉറപ്പിക്കൽ. ഒരുകുന്നിന്റെ മുകളിൽ വച്ച് ഗെയ്‌ഫോർഡ് ആർഡേനോട് പ്രപോസ് ചെയ്തു. ഒരുസുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമായിരുന്നു സമീപത്തുണ്ടായിരുന്നത്. പിന്നീട് ഒരുചടങ്ങിൽ പങ്കെടുക്കവേ ഇടംകൈയിൽ ആർട് ഡെകോ സ്‌റ്റൈൽ മോതിരം കണ്ടു. ആർഡേണിന്റെ ഓഫീസിൽ അന്വഷിച്ചപ്പോഴാണ് കല്യാണം ഉറപ്പിച്ചുവെന്ന് ലോകം അറിഞ്ഞത്.

ന്യൂസിലൻഡിലെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയാണ് ആർഡേൻ. യുവനേതാവ് എന്ന നിലയിൽ പ്രതിഭ തെളിയിച്ച വ്യക്തിത്വം. കോവിഡ് പ്രതിസന്ധിയിൽ തളരാതെ രാജ്യത്തെ വലിയ പരിക്കേൽക്കാതെ മുന്നോട്ട് നയിച്ചതിൽ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയ നേതാവ്.

പല നേതാക്കളും ഇവരുടെ രാജ്യത്തിനായുള്ള കരുതലും ജനങ്ങളോടുള്ള സ്നേഹവും കണ്ടു പഠിക്കണമെന്ന് പറയുന്നു. ലേബർപാർട്ടിയുടെ പ്രവർത്തകയായ ഇവർ 2017 ഓഗസ്റ്റ് 1 മുതൽ പാർട്ടി നേതാവാണ്. 2008 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2001 ൽ വൈകാറ്റൊ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ ശേഷം ഇവർ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെ ഓഫീസിൽ ഗവേഷകയായി ജോലി ആരംഭിച്ചു. ഇതിനു ശേഷം ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നയ ഉപദേശകയായി ജോലി ചെയ്തു. 2008 ഇന്റർനാഷ്ണൽ യൂണിയൻ ഓഫ് സോഷ്യലിസ്റ്റ് യൂത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ക്രിസ്തുമത വിശ്വാസിയും സഭാംഗവുമായിരുന്നിട്ടും എൽ.ജി.ബി.ടിയുടെ അവകാശവുമായി ബന്ധപ്പെട്ട് സഭയുമായി വ്യത്യസ്ത അഭിപ്രായം ഉണ്ടായതിന്റെ പേരിൽ 2005 ൽ സഭവിട്ടു. 2015 ൽ താനൊരു അവിശ്വാസിയാണെന്ന് ആഡേൺ പ്രഖ്യാപിച്ചു. 2018 ജൂണിൽ പ്രധാനമന്ത്രിയായിരിക്കെ അവർ തന്റെ ആദ്യത്തെ കുഞ്ഞിനു ജന്മം നൽകി.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും മുൻപ് നൽകിയ അഭിമുഖത്തിൽ ജസിന്ത പറഞ്ഞത് ഇങ്ങനെ: 'ജോലിയിലിരിക്കെ അമ്മയാകുന്ന ലോകത്തിലെ ആദ്യ സ്ത്രീയൊന്നുമല്ല ഞാൻ. ലോകത്ത് എത്രയോ ലക്ഷം സ്ത്രീകൾ ഈ ചുമതലകൾ നന്നായി നിർവഹിക്കുന്നു...'.സ്വന്തം പേരിൽ ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്ന ഇവരുടെ പാഡിൽസ് എന്ന് പേരായ പൂച്ച, ആഡേൺ അധികാരമേറ്റപ്പോൾ 'പ്രഥമ മാർജ്ജാരൻ' എന്ന പേരിൽ പ്രശസ്തനായി.

1990 പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്കു ശേഷം ഒരു രാഷ്ട്രനേതാവ് അധികാരത്തിൽ ഇരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ജസിന്തയുടേത്.

ഒക്്ടോബർ 17 ന് നടന്ന തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയം കോവിഡിനെ നേരിടുന്നതിൽ ന്യൂസിലൻഡ് സർക്കാർ കൈവരിച്ച നേട്ടം തന്നെയായിരുന്നു. പുതിയ മന്ത്രിസഭയിൽ കോവിഡ് പ്രതിരോധത്തിനായി പുതിയ മന്ത്രിയുമുണ്ട്. മുൻ ആരോഗ്യമന്ത്രി ക്രിസ് ഹിപ്കിൻസിനാണ് ഈ ചുമതല. 120 അംഗ പാർലമെന്റിൽ ജസീൻഡയുടെ ലിബറൽ ലേബർ പാർട്ടി 64 സീറ്റുകൾ ഉറപ്പാക്കി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നു. ജസീൻഡയുടെ പാർട്ടി 49 ശതമാനം വോട്ടുകൾ നേടിയപ്പോൾ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റിവ് നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.