- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷരഹിതമായ ഏക ഫലം; ജീവകങ്ങളും ധാതുക്കളും പ്രമേഹത്തിന്റെ സങ്കീർണതകളെ കുറയ്ക്കും; ആസ്തമയും ക്യാൻസറും തടയാനും അത്യുത്തമം; ഔദ്യോഗിക ഫലമാക്കുന്നത് 1500 കോടിയുടെ കച്ചവടക്കണ്ണുമായി; ജാക്ക് ഫ്രൂട്ട് റിസർച്ച് സെന്ററും വരും; ആർക്കും വേണ്ടാതെ പറമ്പുകളിൽ വീണു കിടന്നിരുന്ന മലയാളിയുടെ ചക്കയ്ക്ക് ഇനി സുവർണ്ണകാലം
തിരുവനന്തപുരം: ആർക്കും വേണ്ടാതെ പറമ്പുകളിൽ വീണു കിടന്നിരുന്ന ചക്കയ്ക്ക് ഇതു സുവർണകാലം. ഇതരസംസ്ഥാനങ്ങളിൽ പ്രിയമേറിയതോടെ കേരളത്തിൽനിന്നും പ്രതിദിനം പുറത്തേക്കു കൊണ്ടുപോകുന്നതു നൂറു ലോഡിലേറെ ചക്ക. മറ്റു വിളകളുടെ വിലയിടിഞ്ഞപ്പോൾ കർഷകർക്ക് ആശ്വാസമാകുകയാണു ചക്ക വിപണി. വിഷരഹിതമായ ഏകഫലമെന്നു വിശേഷിപ്പിക്കാവുന്ന ചക്കയ്ക്ക് വിദേശികൾക്കിടയിലും പ്രതാരം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാക്കി മാറ്റാൻ സർക്കാർ നീക്കം തീരുമാനിച്ചത്.21 നാണ് ഔദ്യോഗിക പ്രഖ്യാപനമെന്നു കൃഷി മന്ത്രി വി എസ്. സുനിൽ കുമാർ പറഞ്ഞു. നിയമസഭയിലും ഔദ്യോഗിക ഫലത്തിന്റെ പ്രഖ്യാപനമുണ്ടാകും. കൃഷി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നടപടി. രാജ്യാന്തര തലത്തിൽ കേരളത്തിൽനിന്നുള്ള ചക്ക എന്ന ബ്രാൻഡ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണു സംസ്ഥാന ഫലമാക്കുന്നത്. പ്രത്യേക ബ്രാൻഡ് ആകുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകൾ പഠിക്കാൻ അ
തിരുവനന്തപുരം: ആർക്കും വേണ്ടാതെ പറമ്പുകളിൽ വീണു കിടന്നിരുന്ന ചക്കയ്ക്ക് ഇതു സുവർണകാലം. ഇതരസംസ്ഥാനങ്ങളിൽ പ്രിയമേറിയതോടെ കേരളത്തിൽനിന്നും പ്രതിദിനം പുറത്തേക്കു കൊണ്ടുപോകുന്നതു നൂറു ലോഡിലേറെ ചക്ക. മറ്റു വിളകളുടെ വിലയിടിഞ്ഞപ്പോൾ കർഷകർക്ക് ആശ്വാസമാകുകയാണു ചക്ക വിപണി. വിഷരഹിതമായ ഏകഫലമെന്നു വിശേഷിപ്പിക്കാവുന്ന ചക്കയ്ക്ക് വിദേശികൾക്കിടയിലും പ്രതാരം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമാക്കി മാറ്റാൻ സർക്കാർ നീക്കം തീരുമാനിച്ചത്.21 നാണ് ഔദ്യോഗിക പ്രഖ്യാപനമെന്നു കൃഷി മന്ത്രി വി എസ്. സുനിൽ കുമാർ പറഞ്ഞു. നിയമസഭയിലും ഔദ്യോഗിക ഫലത്തിന്റെ പ്രഖ്യാപനമുണ്ടാകും.
കൃഷി വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നടപടി. രാജ്യാന്തര തലത്തിൽ കേരളത്തിൽനിന്നുള്ള ചക്ക എന്ന ബ്രാൻഡ് അവതരിപ്പിക്കുന്നതിനു മുന്നോടിയായാണു സംസ്ഥാന ഫലമാക്കുന്നത്. പ്രത്യേക ബ്രാൻഡ് ആകുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയുടെ ഉത്പന്ന വൈവിധ്യവത്കരണ, വാണിജ്യസാധ്യതകൾ പഠിക്കാൻ അമ്പലവയൽ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ ഒരു ജാക്ക്ഫ്രൂട്ട് റിസർച്ച് സെന്ററും തുടങ്ങും. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുള്ള ചക്ക സംസ്‌കരണ യൂണിറ്റിന്റെ പ്രവർത്തനം വിപുലമാക്കുമെന്നും ജൈവ സർട്ടിഫിക്കേഷനോടെ ചക്ക കയറ്റുമതി ചെയ്യാനുമാണ് നീക്കം.
സീസൺ സമയത്ത് ഒരു ദിവസം അഞ്ചു കോടി രൂപയുടെ ചക്ക ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേരളത്തിൽ നിന്ന് കയറ്റി അയയ്ക്കുന്നതായാണു കണക്ക്. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയിടങ്ങളിലേക്കും ഉത്തരേന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കുമാണു കൊണ്ടുപോകുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ചക്ക കേരളത്തിന്റെ അതിർത്തി കടന്നു തുടങ്ങിയത്. 2002 ൽ പോയിരുന്നത് അഞ്ച് ലോഡ് വരെയായിരുന്നു. 2007 ൽ ഇത് 20 ലോഡും 2012 ൽ 60 ലോഡുമായി. നേരത്തെ രാജസ്ഥാനി ചക്കയായിരുന്നു ഉത്തരേന്ത്യൻ വിപണി വാണിരുന്നത്. നമ്മുടെ ചക്കയുടെയത്ര രുചി ഇതിനില്ല. കളിയിക്കാവിള, കൊല്ലം, ചാലക്കുടി, കോതമംഗലം, മുണ്ടക്കയം തുടങ്ങി ഇരുപതോളം കേന്ദ്രങ്ങളിൽനിന്നാണു സംസ്ഥാനത്ത് ചക്ക കയറ്റി അയയ്ക്കുന്നത്.
സീസൺ ആരംഭിക്കുന്ന ജനുവരിയിൽ കളിയിക്കാവിളയിൽനിന്നാണ് ചക്ക സംഭരണം ആരംഭിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണു സംഭരണം കൂടുതലായി നടക്കുന്നത്. സംസ്ഥാന ഫലം എന്ന നിലയിലേക്ക് ചക്ക മാറുന്നതോടെ കൂടുതലാളുകൾ ഈ മേഖലയിലേക്കു വരുമെന്നാണു കൃഷി വകുപ്പിന്റെ പ്രതീക്ഷ. ചക്കയുടെ ഉൽപാദനവും വിൽപനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നത്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഔദ്യോഗിക ഫല പ്രഖ്യാപനവുമുണ്ടാകുന്നത്. അടുത്തിടെ കരിമീനിനെ സംസ്ഥാന മത്സ്യമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും അടങ്ങിയ ഫലമാണ് ചക്ക. ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്. ഇത് വിദേശികളും തിരിച്ചറിഞ്ഞു തുടങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ചക്ക ഏറെ ഗുണം ചെയ്യും. ഒരു കപ്പ് ചക്കയിൽ 155 കലോറി അടങ്ങിയിരിക്കുന്നു. ജീവകം എ, ജീവകം സി, റൈബോഫ്‌ളേവിൻ, നിയാസിൻ, തയാമിൻ, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സോഡിയം, പൂരിതകൊഴുപ്പുകൾ, കൊളസ്‌ട്രോൾ ഇവ ചക്കയിൽ വളരെ കുറവാണ്. മഗ്‌നീഷ്യം, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പർ, സിങ്ക്, മാംഗനീസ്, സെലെനിയം, എന്നീ ധാതുക്കളും ചക്കയിൽ ഉണ്ട്. ചക്കയിലടങ്ങിയ പോഷകങ്ങൾക്ക് ആന്റി കാൻസർ, ആന്റി ഏജിങ്ങ്, ആന്റി അൾസറേറ്റീവ് ഗുണങ്ങൾ ഉണ്ട്. ഇതെല്ലാം ആഗോളതലത്തിൽ അവതരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് കേരളം തയ്യാറെടുക്കുന്നത്.
ആസ്ത്മ ചികിത്സയിൽ ചക്കയ്ക്ക് പ്രാധാന്യമുണ്ട്. പ്ലാവിന്റെ വേരും ചക്കയുടെ സത്തും ആസ്ത്മ നിയന്ത്രിക്കാൻ ഫലപ്രദമാണ്. ചക്കപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ജലത്തിൽ ലയിക്കുന്നതും ലയിക്കാത്തതും. 100 ഗ്രാം ചക്കപ്പഴത്തിൽ 1.5 ഗ്രാം നാരുകൾ അടങ്ങിയിരിക്കുന്നു. ചക്കപ്പഴം മലബന്ധം അകറ്റുന്നു. ചക്കപ്പഴത്തിലടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. പൊട്ടാസ്യം കൂടുതലടങ്ങിയ ഭക്ഷണം ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ജീവകം ബി6 ന്റെ കലവറയാണ് ചക്കപ്പഴം ഇത് ഹൃദയസൗഹൃദ ജീവകമാണ് ചക്കപ്പഴത്തിലടങ്ങിയ റെറ്റ്‌വെറാറ്റോളിന് ഹൃദയത്തെ സംരക്ഷിക്കാനുള്ള കഴിവുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങളായ ആതറോസ്‌ക്ലീറോസിസ്, ഹൈപ്പർ ടെൻഷൻ മുതലായവയെ തടയാൻ ഇത് സഹായിക്കുന്നു.
കുറഞ്ഞ അളവിൽ ചക്കപ്പഴത്തിൽ അന്നജം അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹത്തിന്റെ സങ്കീർണതകളെ കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹരോഗികളിലെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താൻ ചക്കപ്പഴത്തിനു കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് സഹായകമായ നിരവധി പോഷകങ്ങൾ ചക്കപ്പഴത്തിലുണ്ട് ബീറ്റാ കരോട്ടിൻ , ജീവകം എ, ല്യൂട്ടിൻ, സീസാന്തിൻ എന്നിവയാണവ. രക്തം ഉണ്ടാകാൻ ആവശ്യമായ നിരവധി ജീവകങ്ങളും ധാതുക്കളും ചക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
ജീവകം എ, ജീവകം സി, ജീവകം ഇ കൂടാതെ കോപ്പർ, മാംഗനീസ്, മഗ്‌നീഷ്യം ഇവയും ചക്കപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചക്കപ്പഴത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. വിളർച്ച തടയാൻ ചക്കപ്പഴം കഴിച്ചാൽ മതിയാകും. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിനൊപ്പം ഈ സവിശേഷതകർ സർക്കാർ പ്രചരിപ്പിക്കുകയും ചെയ്യും.