കോട്ടയം: കഴിഞ്ഞ കോവിഡ് കാലത്താണ് ജാക്‌സൺ ഫിലിപ്പ് ചങ്ങനാശ്ശേരി പൊലീസിനെ കൂടുതൽ വട്ടം ചുറ്റിച്ചത്. ലോക്ക് ഡൗൺ കാലത്ത് വാറ്റും കുടിയുമായി രാത്രിയും പകലും ചങ്ങാനാശേരിയിലെ ക്രമസമാധാനം തകർത്തു. വിവരം കിട്ടി പൊലീസ് പിടിക്കാൻ ചെന്നാൽ പൊലീസിനെ ആക്രമിക്കും. പൊലീസ് പിടിക്കമെന്ന് കണ്ടാൽ ശരീരത്തിൽ മുറിവുണ്ടാക്കി രക്ഷപ്പെടുക ,ആത്മഹത്യയ്ക്ക് ശ്രമിക്കുക തുടങ്ങിയ കൗശലങ്ങളാണ് ജാക്‌സൺ പ്രയോഗിക്കുന്നത്. ഈ ജാക്‌സണെയാണ് ജില്ലയ്ക്ക് പുറത്തേക്ക് കാപ്പ ചുമത്തി പൊലീസ് അയയ്ക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതിന്പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുടമാളൂരിൽ ജാക്‌സൺ ഉണ്ടെന്ന വിവരം ലഭിച്ചു്. കുടമാളൂരിൽ ജാക്‌സൺ ഒളിവിൽ കഴിഞ്ഞ വീട് പൊലീസ് വളഞ്ഞു. അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോൾ മുറിക്കകത്ത് കയറി പ്രതി കൈ ഞരമ്പ് മുറിച്ചു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സ നൽകിയ ശേഷം പ്രതിയുടെ അറസ്റ്റ് അന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. കോട്ടയം തൃക്കൊടിത്താനം കറുകച്ചാൽ മണിമല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. അന്നുതന്നെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയായിരുന്നു ജാക്‌സൺ. ജില്ലയിലെ മുതലാളിമാർക്കായി ക്വട്ടേഷൻ എടുക്കക, സമ്പന്നരെ ഭീക്ഷണിപ്പെടുത്തി പണം തട്ടുക ഇങ്ങനെ ചങ്ങനാശേരി കേന്ദ്രീകരിച്ച് ജാക്‌സന്റെ നേതൃത്വത്തിൽ ഒരു സാമൂഹ്യ വിരുന്ന് ഗാങ് തന്നെ പ്രവർത്തിച്ചിരുന്നു.

ജാക്‌സണെ നാടുകടത്തിയതോടെ ഇവരെയും അമർച്ച ചെയ്യാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ കാപ്പ ചുമത്തി ജില്ലയ്ക്ക് പുറത്താക്കപ്പെടുന്ന ഗുണ്ടാ നേതാക്കൾ പലരും അവിടെ ഇരുന്ന് ഇവിടെത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാറുണ്ട്. ജാക്‌സണും അങ്ങനെ നിയന്ത്രിക്കാൻ സംവിധാനമുള്ള ഗുണ്ടയാണ് .ഇതും പൊലീസിന് തലവേദനയാകുമോ എന്ന് ആശങ്കയുണ്ട്.

ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, കഠിന ദേഹോപദ്രവം, കവർച്ച തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമാണ് ഇയാൾ. 28 വയസ്സുള്ള ജാക്‌സൺ ഫിലിപ്പ് എന്നയാളെ കേരളാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007 (കാപ്പാ) പ്രകാരം നാടുകടത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ അറിയിപ്പ്.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്‌ട്രേട്ടാണ് ജാക്‌സൺ ഫിലിപ്പിനെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കറുകച്ചാൽ, ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, വൈക്കം, പാലാ, മണിമല എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വധശ്രമം, കവർച്ച, മനഃപൂർവ്വമായ നരഹത്യശ്രമം, ആയുധവുമായി അതിക്രമിച്ചുകയറി ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, നിയമവിരുദ്ധമായി സ്‌ഫോടക വസ്തുക്കൾ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക, വ്യാജവാറ്റ്, നിരോധിത മയക്കുമരുന്നുകൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.