ന്നത്തെ സുവിശേഷ ഭാഗത്തെ ആദ്യവചനം നാം ശ്രദ്ധിക്കണം: ''ഞാൻ ഇപ്പോൾ എന്നെ അയച്ചവന്റെ അടുക്കലേക്ക് പോകുകയാണ്'' (16:5). ഈശോ ഒരു യാത്രയെക്കുറിച്ചാണ് പറയുന്നത് തന്റെ അന്ത്യയാത്ര അതായത് തന്റെ മരണത്തെക്കുറിച്ച്. അതും കുരിശുമരണത്തെക്കുറിച്ച്.

പതിമൂന്നാം അധ്യായത്തിലാണ് ഈശോ തന്റെ സംഭാഷണം ആരംഭിക്കുന്നത്. ആദ്യവചനം ശ്രദ്ധിക്കണം: ''ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുന്നാളിന് മുമ്പ് യേശു അറിഞ്ഞു'' (13:1). പിന്നീട് തന്റെ സംഭാഷണത്തിലുടനീളം തന്റെ കുരിശുമരണത്തെയും അതിന്റെ വിശദാംശങ്ങളെയും ഈശോ സൂചിപ്പിക്കുന്നുണ്ട്. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്ന് പറയുന്നു; അതിനായി അവനെ പറഞ്ഞുവിടുന്നു (13:21,26). പത്രോസ് മൂന്നുപ്രാവശ്യം തള്ളിപ്പറയുമെന്ന് പ്രഖ്യാപിക്കുന്നു (13:38). ചുരുക്കത്തിൽ തന്റെ കുരിശുമരണത്തെക്കുറിച്ചും അതിന്റെ വിശദാംശങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്ന ഈശോയാണ് ശിഷ്യരോട് സംസാരിക്കുന്നത്.

പതിനാറാം അധ്യായത്തിലെ ഏഴാമത്തെ വചനം കൂടി നമ്മൾ ശ്രദ്ധിക്കണം: ''നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്'' (16:7). അതായത് തന്റെ പീഡാസഹനവും കുരിശുമരണവും ഉളവാകുന്നത് നന്മയാണെന്നാണ് ഈശോ പറയുന്നത്. താൻ അനുഭവിക്കാൻ പോകുന്ന കഠോരമായ പീഡകളും നികൃഷ്ഠമായ കുരിശുമരണവും നന്മ ഉളവാക്കുമെന്ന്! ഇതൊരു വിരോധാഭാസമായി തോന്നാം.

എങ്ങനെയാണ് ഏറ്റവും നികൃഷ്ഠമായ മരണത്തിൽനിന്ന് നന്മ ഉളവാകുന്നത്? അതിനുള്ള വഴിയാണ് ഈശോ പറഞ്ഞും കാണിച്ചും തരുന്നത്. ഏറ്റവും വലിയ ക്ലേശത്തിൽ നിന്നും, അതിന്റെയൊക്കെ കൊടുമുടിയായ നികൃഷ്ഠമായ കുരിശുമരണത്തിൽ നിന്നും നന്മ ഉളവാകാനുള്ള മാർഗ്ഗമാണ് ഈശോ നമുക്ക് കാണിച്ചു തരുന്നത്. പതിമൂന്നാം അധ്യായത്തിൽ തുടങ്ങി പതിനേഴിൽ അവസാനിക്കുന്ന ഈശോയുടെ പ്രഭാഷണം ശ്രദ്ധിക്കണം. അവൻ ആവർത്തിച്ചാവർത്തിച്ച് പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്.

''നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ'' (13:34). ''ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ'' (13:35).
''നിങ്ങൾ എന്നെ സ്‌നേഹിക്കുന്നെങ്കിൽ എന്റെ കൽപനകൾ പാലിക്കും'' (14:15).
''എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാൻ അവനെ സ്‌നേഹിക്കുകയും...'' (14:21).
''പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനോടൊപ്പം വാസമുറപ്പിക്കുകയും ചെയ്യും (14:23).

ഈശോയുടെ സംസാരം മാത്രമല്ല അവന്റെ ഹൃദയവും പ്രവൃത്തികളും നിറയെ സ്‌നേഹമാണ്. സ്‌നേഹത്തോടെയാണ് അവൻ യൂദാസിനെ യാത്രയാക്കുന്നത്. സ്‌നേഹത്തോടുകൂടെയാണ് അവൻ പത്രോസിനോട് ഇടപെടുന്നത്. ??കുരിശുമരണ?മുന്നിൽ കാണുന്ന ഈശോയുടെ മനസും ഹൃദയവും നിറയെ സ്‌നേഹമാണ്. ??കുരിശുമരണത്തിൽ നിന്ന് നന്മ ഉളവാക്കാനുള്ള മാർഗ്ഗമാണ് അവൻ കാണിച്ചുതരുന്നത്. അതായത് കുരിശുമരണത്തോട് സ്‌നേഹം ചേർത്താൽ ഏറ്റവും വലിയ നന്മ ഉരുവാകുമെന്നു സാരം. അവൻ പറയുന്നു: ''നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്'' (16:7).

ഒരു സംഭവം. കാൻസർ രോഗിയായി പിതാവിനെ അമ്മയും രണ്ടുമക്കളും കൂടി ശുശ്രൂഷിക്കുന്ന രംഗം (ഓഡിയോ കേൾക്കുക). ജീവിതത്തിലെ സഹനങ്ങളോടും, ക്ലേശങ്ങളോടും, കൊടിയ ദുരന്തങ്ങളോടും സ്‌നേഹംകൂട്ടിച്ചേർത്താൽ വലിയ നന്മ ഉളവാകും. നമ്മുടെ ജീവിതത്തിലെ സഹനത്തിന്റെയും ദുരന്തങ്ങളുടെയും നിമിഷങ്ങളിൽ നമ്മൾ സ്‌നേഹത്തെ ചേർത്തുപിടിക്കണം; സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവരോട് ചേർന്നു നിൽക്കണം. ഹൃദയത്തെയും മനസ്സിനെയും സ്‌നേഹം കൊണ്ടും കരുണകൊണ്ടും നിറക്കണം. അപ്പോൾ നമ്മുടെ ക്ലേശങ്ങൾ വലിയ നന്മകളായി രൂപാന്തരപ്പെടും.

എന്താണ് കുരിശുമരണം ഉളവാക്കുന്ന വലിയ നന്മ? ഈശോ പറയുന്നു: ''ഞാൻ പോകുന്നില്ലെങ്കിൽ ആശ്വാസകൻ നിങ്ങളുടെ അടുക്കലേക്ക് വരുകയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാൻ അയക്കും (16:7). അതായത് കുരിശുമരണത്തോട് സ്‌നേഹം ചേർത്തുപിടിച്ചതിന്റെ പരിണതഫലമായി ഉളവായ വലിയ നന്മയാണ് പരിശുദ്ധാത്മാവെന്ന സഹായകൻ. ഏറ്റവും വലിയ സഹനത്തോട് ഏറ്റവും കൂടിയ സ്‌നേഹം ചേർന്നപ്പോൾ ഏറ്റവും വലിയ നന്മ ഉളവായി എന്നർത്ഥം. ചുരുക്കത്തിൽ കുരിശുമരണം+സ്‌നേഹം= പരിശുദ്ധാത്മാവ് എന്നുപറയാമെന്നുസാരം.

കസൻദസാക്കീസിന്റെ നോവലിൽ ഫ്രാൻസീസ് അസ്സീസിപറയുന്ന രാജകുമാരന്റെയും മന്ത്രവാദിനിയുടെയും കഥ (ഓഡിയോ കേൾക്കുക).

ജീവിതത്തിലെ ദുരന്തങ്ങളോട് സ്‌നേഹം ചേർത്താൽ വലിയ നന്മഉളവാക്കാനാകും. നമ്മുടെ ക്ലേശങ്ങളിലും സഹനങ്ങളിലും സ്‌നേഹം ചേർത്താൽ നന്മ ഉളവാകും. അങ്ങനെയാണ് നമ്മൾ പരിശുദ്ധാത്മാവിന്റെ സംവാഹകരും ഉപകരണങ്ങളുമായിത്തീരുന്നത്. ഇതിന് ജീവിതംകൊണ്ട് മാതൃക നൽകിയവളാണ് അൽഫോൻസാമ്മ. അമ്മ തന്റെ സഹനങ്ങളെ സ്‌നേഹത്തോട് ചേർത്തു പിടിച്ചു. ഫലമായി ഉണ്ടായത് എന്തായിരുന്നു? രക്ഷ! സ്വന്തം രക്ഷയും, അതോടോപ്പം അനേകരുടെ രക്ഷയും.