കൊച്ചി: ചില ഓർമ്മപെടുത്തലുമായി ഒറ്റ വരിയിൽ ചിലത് ഓർമ്മപ്പെടുത്തുകയാണ് ജേക്കബ് തോമസ് ഐപിഎസ്. കൂടുതൽ വിശദീകരണൊന്നുമില്ലാത്ത പോസ്റ്റ്. എന്നാൽ അതിൽ എല്ലാം ജേക്കബ് തോമസ് ഒളിപ്പിച്ചു വിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് ജേക്കബ് തോമസ് ഇട്ട പോസ്റ്റ് വൈറലാകുന്നത്.

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം- ഡിസംബർ 9... ............മതിലുകളില്ലാതെ............-ഇതാണ് ജേക്കബ് തോമസിന്റെ പോസ്റ്റ്. അഴിമതിക്കെതിരെ കുരിശു യുദ്ധം നടത്തുകയും അഴിമതിക്കെതിരെ സംസാരിക്കുകയും ചെയ്ത ഈ ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ സസ്‌പെൻഷനിലാണ്. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൽ ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളായിരുന്നു ഇതിന് കാരണം. പിന്നീട് പല കാരണങ്ങൾ കണ്ടെത്തി ജേക്കബ് തോമസിനെ പുറത്ത് നിർത്തി. പലപ്പോഴും വളരെ കുരതോലോടെ ജേക്കബ് തോമസ് സർക്കാരിനെ വിമർശിക്കുകയും ചെയ്തു. അതിൽ ഏറ്റവും അവസാനത്തേതാണ് അഴിമതി വിരുദ്ധ ദിനത്തിലെ പോസ്റ്റ്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഡിസംബർ 9ന് അഴിമതി വിരുദ്ധ ദിനമായി ജേക്കബ് തോമസ് ആചരിച്ചിരുന്നു. അഴിമതിയുടെ പോരാട്ടം പൊതു സമൂഹത്തിലെത്തിക്കാൻ നിരവധി പരിപാടികലും നടത്തി. എന്നാൽ ജേക്കബ് തോമസ് സ്ഥാനം ഒഴിഞ്ഞതോടെ ഇത് അവസാനിച്ചു. വിജിലൻസിന്റെ അധികാരങ്ങൾ പോലും വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിലാണ് വനിതാ മതിലിനെ ട്രോളിയുള്ള ജേക്കബ് തോമസിന്റെ പോസ്റ്റ്. അഴിമതിയെന്ന വിപത്തിനെ പൊലീസ് നേരിടാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

അഴിമതിയെ കുറിച്ച് പറയുന്ന വീഡിയോയും ജേക്കബ് തോമസ് ഷെയർ ചെയ്തിട്ടുണ്ട്. സുതാര്യ ഭരണത്തിന് വേണ്ടി പൊതു സമൂഹം കരുതലോടെ ഇരിക്കണമെന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്. നല്ലൊരു സമൂഹ സൃഷ്ടിക്കായി തെറ്റുകളോട് പ്രതികരിക്കണമെന്ന സന്ദേശമുള്ള വീഡിയോ. ഇങ്ങനെ ചെയ്യുന്നവരെ റബിലുകളായി മുദ്രകുത്തുമെങ്കിലും അതാണ് ശരിപക്ഷമെന്ന് വിശദീകരിക്കുകയാണ് ജേക്കബ് തോമസ് പോസ്റ്റ് ചെയ്ത വീഡിയോ. അഴിമതിക്കെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും താനിനിയും പോരാട്ടം തുടരുമെന്നും വിശദീകരിക്കുകയാണ് ഈ പോസ്റ്റിലൂടെ ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ പോസ്റ്റിന് ഷെയർ ലൈക്കും പ്രവഹിക്കുകയാണ്.

റെയിൽവേ സ്റ്റേഷനിൽ ഒടുക്കത്തെ തിരക്ക്. ബംഗാളികൾ നാട്ടിലേക്ക് പോകുന്നതാണ്. ചോദിച്ചപ്പോൾ പറയുകയാണ്, ഭാര്യമാരെ കൂട്ടി കൊണ്ടു വരാൻ പോകുകയാണെന്ന്. #മതിലുബപണിയാൻബകൊണ്ടുബവരാൻ-ഇങ്ങനെയാണ് പോസ്റ്റിന് ലഭിച്ച ഒരു കമന്റ്. ആശംസകൾ അഭിനന്ദനങ്ങൾ ഭാവുകങ്ങളും നേരുന്നു അഴിമതിക്കെതിരെ ഒരു ചെറു വിരൽ അനക്കാൻ എന്നെ പഠിപ്പിച്ച ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങൾക്കു പ്രാപ്തനാക്കിയ അങ്ങേയ്ക്കു നന്ദി പ്രാർത്ഥനയോടെ. പ്രതീക്ഷയോടെ മുന്നോട്ട് മുന്നോട്ട്.....-എന്ന് മറ്റൊരു ആശംസ. അങ്ങനെ സോഷ്യൽ മീഡിയയിൽ ഡിജിപിയുടെ പോസ്റ്റ് വൈറലാവുകയാണ്. ശബരിമല യുവതീപ്രവേശത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ കൂടിയായ ജേക്കബ് തോമസ് നേരത്തെ പ്രതികരിച്ചിരുന്നു. അവിശ്വാസികൾ എന്നൊരു വിഭാഗം കേരളത്തിൽ രൂപപ്പെടുന്നു. താൻ അവർക്കൊപ്പമല്ലെന്നും അദ്ദേഹംപറഞ്ഞു. യുവതികൾ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ്' ക്യാംപയിൻ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയിൽ പറഞ്ഞു. ശബരിമല ദർശനം നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അങ്ങനെ കാതലായ എല്ലാ പ്രശ്‌നത്തിലും ആരേയും ഭയക്കാതെ ഇപ്പോഴും ജേക്കബ് തോമസ് അഭിപ്രായം പറയുന്നു.

അഴിമതി വിരുദ്ധ പോരാട്ടത്തിന് പുതിയ മുഖം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടർന്നതുകൊണ്ട് മാത്രം പൊലീസ് സർവ്വീസിൽ വളരെ കുറച്ച് കാലം ഇരിക്കേണ്ടി വന്ന വ്യക്തിയായിരുന്നു ജേക്കബ് തോമസ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഈ ഐപിഎസുകാരനെ വിജിലൻസിലേക്ക് കൊണ്ടു വന്നു. ഇതോട അഴിമതി വിരുദ്ധ പോരാട്ടം പുതിയ തലത്തിലെത്തി. ബാർ കോഴ പോലെ പലതും ചർച്ചയായി. പക്ഷേ ഉമ്മൻ ചാണ്ടി സർക്കാരിന് അധികകാലം ജേക്കബ് തോമസിനെ ചുമക്കാനായില്ല. വിജിലൻസിൽ നിന്ന് മാറ്റ് മൂലയ്ക്കിരുത്തി. പിണറായി അധികാരത്തിലെത്തിയപ്പോൾ വീണ്ടും വിജിലൻസിൽ എത്തി. അതും ഡിജിപിയായി. പക്ഷേ സത്യം തുറന്നു പറഞ്ഞപ്പോൾ വീണ്ടും കണ്ണിലെ കരട്. ആരും കാട്ടാത്ത ക്രൂരതയാണ് ഈ സത്യസന്ധനോട് പിണറായി സർക്കാർ കാട്ടിയത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മാസങ്ങളായി സസ്‌പെൻഷനിലാണ്.

ഇപി ജയരാജന്റെ ബന്ധുത്വ നിയമന വിവാദത്തിലെ അഴിമതി ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം സ്പോർട്സ് കൗൺസിലിലെ അഴിമതിയും. ഇതോടെയാണ് ജേക്കബ് തോമസ് കണ്ണിലെ കരടായത്. ഓഖിയിൽ സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ ആദ്യ സസ്പെൻഷൻ. ഇതിന് കേന്ദ്രം അനുമതി നൽകാതെ വന്നപ്പോൾ പുസ്തക രചന വിവാദമാക്കി സസ്പെൻഷൻ നീട്ടി. വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയ എസ് പി എവി ജോർജ് പോലും ആഴ്ചകൾ കൊണ്ട് സർവ്വീസിൽ തിരിച്ചെത്തി. എന്നാൽ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജേക്കബ് തോമസ് പുറത്തു നിൽക്കുകയാണ്. പ്രതിപക്ഷത്തിനും അഴിമതിക്കെതിരെ സംസാരിക്കുന്ന ഈ ഐപിഎസുകാരനെ വേണ്ട. അതുകൊണ്ട് തന്നെ ആരും ജേക്കബ് തോമസിനെതിരായ നീതി നിഷേധം ഉയർത്തിക്കാട്ടുന്നതുമില്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ജേക്കബ് തോമസിനെ മറന്നു. സസ്പെൻഷൻ കാലാവധി നീട്ടുമ്പോഴും പരസ്യ പ്രതികരണത്തിന് ജേക്കബ് തോമസ് തയ്യാറല്ല.

ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാർശ പ്രകാരമാണ് ജേക്കബ് തോമസിനെതിരെ ആദ്യം നടപടി എടുത്തത്. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചു പ്രസംഗിച്ചതിനാണു ജേക്കബ് തോമസിനെ സസ്പെൻഡു ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവു നടപടിക്രമം പാലിക്കാത്തതിനാൽ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. തുടർന്നു സർക്കാർ അനുമതിയില്ലാതെ പുസ്‌കമെഴുതിയെന്ന് ആരോപിച്ചു കഴിഞ്ഞ ഏപ്രിലിൽ വീണ്ടും സസ്പെൻഡു ചെയ്തു. എട്ടു മാസമായി സസ്പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണു വകുപ്പുതല അന്വേഷണം നടത്തുന്നത്. എന്നാൽ വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു.

ഇനി രണ്ട് കൊല്ലമാണ് ജേക്കബ് തോമസിന് സർവ്വീസ് കാലാവധിയുള്ളത്. സീനിയോറിട്ടി അനുസരിച്ച് ഐപിഎസുകാരിൽ ഏറ്റവും സീനിയറാണ് ജേക്കബ് തോമസ്. ഐപിഎസ് അസോസിയേഷൻ പോലും ജേക്കബ് തോമസിനെതിരായ നടപടികളെ ചോദ്യം ചെയ്യുന്നില്ല. ഡിജിപി ലോക്നാഥ് ബെഹ്റയെ പോലും വിമർശിച്ചിട്ടുള്ള ജേക്കബ് തോമസിന് പിന്തുണ നൽകാനാകില്ലെന്നാണ് അവരുടേയും നിലപാട്. അഴിമതി തുറന്നുപറയുന്ന ആളുകൾക്ക് സംരക്ഷണം നൽകാനാണ് ജേക്കബ് തോമസ് ശ്രമിച്ചത്.