- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസിനെ പൂട്ടാൻ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പിണറായി സർക്കാർ, അഴിമതിക്കേസിൽ എഫ് ഐ ആർ റദ്ദാക്കിയതിനെതിരെ ഹർജി നൽകാൻ അനുമതി; നഷ്ടം ഖജനാവിന് മാത്രം; നികുതി പണം സ്വന്തം വൈരാഗ്യ ബുദ്ധിക്ക് വേണ്ടി ചിലർ പാഴാക്കുമ്പോൾ
തിരുവനന്തപുരം മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സർക്കാർ. ഡ്രെഡ്ജർ അഴിമതിക്കേസിൽ ജേക്കബ് തോമസിനെതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ മുഖം തകർക്കാനാണ് പിണറായിയുടെ ലക്ഷ്യം. ഇതിന് വേണ്ടി ഖജനാവിൽ നിന്ന് കോടികൾ ഒഴുക്കും. അപ്പോഴും വിധി ജേക്കബ് തോമസിന് അനുകൂലമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഹർജി നൽകാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഈ മാസം 16 ന് പുറത്തിറങ്ങി. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് അഴിമതി നടത്തിയെന്നായിരുന്നു വിജിലൻസിന്റെ എഫ്ഐആർ. കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. രാഷ്ട്രീയ പ്രതികാരവും തെളിഞ്ഞു. എങ്കിലും സുപ്രീംകോടതിയിലേക്ക് പോവുകയാണ് സർക്കാർ.
ഇവിടെ ജേക്കബ് തോമസിന് വീണ്ടും ധനനഷ്ടമുണ്ടാകും. സുപ്രീംകോടതിയിലും അഭിഭാഷകനെ വച്ച് കേസ് നടത്തണം. പിണറായിക്കാണെങ്കിൽ സ്വന്തം വൈരാഗ്യത്തിന്റെ പേരിലെ കേസിന് ചെലവൊന്നും കൈയിൽ നിന്ന് ആകുകയുമില്ല. എല്ലാം നികുതി പണത്തിൽ നിന്ന് നൽകാം. വമ്പൻ അഭിഭാഷകരെ കേസിൽ വാദത്തിനായി എത്തിച്ച് ജേക്കബ് തോമസിന് പണി കൊടുക്കാനാണ് ശ്രമം.
ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്നായിരുന്നു ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. സർക്കാരിന്റെ അനുമതിയില്ലാതെ എട്ട് കോടി രൂപ വിലയുള്ള ഡ്രെഡ്ജർ 19 കോടിക്ക് വാങ്ങിയെന്നും ഇതിൽ കോടികളുടെ നഷ്ടമാണ് സർക്കാരിനുണ്ടായതെന്നുമായിരുന്നു എഫ്‌ഐആറിലെ ആരോപണം. ധനകാര്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ക്രിമിനൽ സ്വഭാവമുള്ള കുറ്റങ്ങളാണ് ജേക്കബ് തോമസ് ചെയ്തതെന്ന് 2016 ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ചില സ്വകാര്യ കമ്പനികൾക്ക് രണ്ട്‌കോടി 67 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കൂട്ടുനിന്നുവെന്നും അഴിമതി നിരോധന നിയമപ്രകാരം കുറ്റമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
പോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത ചില സ്വകാര്യ സ്ഥാപനങ്ങൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കരാർ നൽകിയതിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറായി ഇരിക്കുന്ന ഇദ്ദേഹത്തെ തൽസ്ഥാനത്ത് നിലനിർത്തിക്കൊണ്ട് ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നത് ഒട്ടും ആശാസ്യമല്ല.
പ്രഥമദൃഷ്ട്യാ ജേക്കബ് തോമസ് തന്നെ പ്രതിസ്ഥാനത്തുനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ കീഴിലുള്ള വിജിലൻസ് വകുപ്പ് ഈ കേസ് അന്വേഷിക്കുന്നത് ഒട്ടും അനുയോജ്യമല്ലെന്നും അതിനാൽ അന്വേഷണത്തിന് പകരംസംവിധാനം ഏർപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.