തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി പോസ്റ്റുകൾ ഒഴിഞ്ഞു കിടന്നാൽ ആ റാങ്കിലുള്ളവരെ തന്നെ നിയമിക്കണമെന്നാണ് ചട്ടം. ഡിജിപി വിൻസൺ എം പോൾ ഈ മാസം അവസാനം വിരമിക്കുമ്പോൾ വിജിലൻസ് ഡയറക്ടർ പദവി ഒഴിവു വരും. ഇവിടെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടെങ്കിൽ അദ്ദേഹത്തെ നിയമിക്കണം. അങ്ങനെ വരുമ്പോൾ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാകും. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തിന് ഡിജിപി റാങ്ക് അനിവാര്യതയില്ല. അതായത് വിജിലൻസ് ഡയറക്ടർ സ്ഥാനം വിൻസൺ എം പോൾ ഒഴിയുമ്പോൾ പകരം നിയമിക്കാനുള്ള ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ കേരളത്തിൽ തന്നെയുണ്ട്.

വിജിലൻസ് ഡിജിപിയായി ജേക്കബ് തോമസിനെ നിയമിക്കാം. അല്ലെങ്കിൽ ജയിൽ ഡിജിപിയേയോ ഫയർഫോസ് ഡിജിപയേയോ വിജിലൻസിലേക്ക് മാറ്റാം. അപ്പോഴും ഡിജിപി തസ്തികയുള്ള പദവികളിൽ ഒന്ന് ജേക്കബ് തോമസിന് നൽകേണ്ടി വരും. ഫയർഫോഴ്‌സ് ഡിജിപിയായിരിക്കെ ഫ്‌ലാറ്റ് മാഫിയയുടെ എതിർപ്പിനെ തുടർന്നാണ് ജേക്കബ് തോമസിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. അതുകൊണ്ട് തന്നെ ഫയർഫോഴ്‌സ് ഡിജിപിയാക്കാൻ പറ്റില്ല. ജയിൽ ഏൽപ്പിച്ചാലും സർക്കാർ പുലിവാലിലാകും. അതുകൊണ്ട് ഗൂഡ നീക്കത്തിലൂടെ ജേക്കബ് തോമസിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നീക്കം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ജേക്കബ് തോമസിനോട് അനുകൂല നിലപാട് എടുത്തു. അപ്പോഴും മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കുകയാണ്.

ഈ സാഹചര്യത്തിൽ ഡിജിപി ജേക്കബ്ബ് തോമസിനെതിരെ വകുപ്പുതല അന്വേഷണത്തിന് സാധ്യത. അടുത്ത വിജിലൻസ് ഡയറക്ടറായി എഡിജിപി എൻ ശങ്കർ റെഡ്ഡിയെ നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് വകുപ്പുതല അന്വേഷണത്തിനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. നിലവിലെ വിജിലൻസ് ഡറയക്ടർ വിൻസൺ എം പോൾ നവംബർ 30 ന് വിരമിക്കുമ്പോൾ സംസ്ഥാന കാഡറിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജേക്കബ്ബ് തോമസിനെയാണ് നിയമിക്കേണ്ടത്. ഡിജിപി പോസ്റ്ററായ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എഡിജിപിയെ കൊണ്ടുവന്നതിനെ ആദ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു.

ജേക്കബ്ബ് തോമസിനെയാണ് വിജിലൻസിലെത്തിക്കേണ്ടതെന്ന നിലപാടാണ് നളിനി നെറ്റോ കൈക്കൊണ്ടത്. ഈ നിർദ്ദേശം പാടേ തള്ളിയാണ് ആഭ്യന്തര വകുപ്പ് ശങ്കർ റെഡ്ഡിയെ കൊണ്ടുവരുന്നത്. എന്നാൽ ഇത് നിയമക്കുരുക്കുകളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. നേരത്തേ സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതരത്തിൽ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ച ജേക്കബ്ബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന പേരിൽ തള്ളാനും വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശം നൽകാനുമാണ് ശ്രമം.

വകുപ്പുതല അന്വേഷണം നടക്കുന്ന സാഹര്യത്തിൽ ജേക്കബ്ബ് തോമസിനെ വിജിലൻസിൽ എടുക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാനുള്ള ഉദ്ദേശ്യമാണ് ഇതിനു പിന്നിൽ. ജേക്കബ്ബ് തോമസ് വിജിലൻസ് തലപ്പത്ത് ഒരു സാഹചര്യത്തിലും എത്തരുതെന്ന കർശന നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയിട്ടുള്ളത്. അദ്ദേഹം വിജിലൻസ് ഡറയക്ടറായാൽ താൻ സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന പാറ്റൂർ കേസ് ഉൾപ്പെടെ തിരിച്ചടിയാകുമെന്ന വിലയിരുത്തലും മുഖ്യമന്ത്രിക്കുണ്ട്. ഇതിനൊപ്പം ബാർ കോഴയിലും പുലിവാലു പിടിക്കും. അതേസമയം തനിക്കെതിരെ നടപടിയുണ്ടായാൽ നിയമപരമായി നേരിടാനുള്ള തയ്യാെറടുപ്പിലാണ് ജേക്കബ്ബ് തോമസ്.

ചീഫ് സെക്രട്ടറി ജിജി തോംസൺ, സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാർ എന്നിവരുടെ നിലപാടുകൂടി ആരാഞ്ഞശേഷമാകും അന്തിമ തീരുമാനമെന്നറിയുന്നു. എന്നാൽ അഖിലേന്ത്യാ ചട്ടപ്രകാരം ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണം ഗുരുതര സ്വഭാവമുള്ളതല്ല. രണ്ട് തവണയിൽ അധികം സീനിയോറിട്ട് നിഷേധിച്ചാൽ അത് നിയമപരമായി ചോദ്യം ചെയ്യാനും കഴിയും. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും പുലിവാലു പടിച്ച അവസ്ഥയിലുമാണ്. അതിനിടെ ഉറച്ച നിലപാടിലാണ് ജേക്കബ് തോമസ്. ഇതിനുള്ള വ്യക്തമായ സൂചന നൽകി അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചു. 'സ്രാവുകളുടെ ഇടയിൽ നിന്തേണ്ടി വരുന്ന സാഹസം! സംരക്ഷണം ഉണ്ടാകുമോ'? എന്നാണ് പോസ്റ്റിലുള്ളത്.