തിരുവനന്തപുരം: തുറമുഖ വകുപ്പിൽ നടന്ന മണ്ണുമാന്തി കപ്പൽ ഇടപാടിലൂടെ സർക്കാരിനു 10 കോടി രൂപയുടെ നഷ്ടംവരുത്തിയ തുറമുഖ ഡയറക്ടറും ഇപ്പോൾ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസിനെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകിയതായി സൂചനയെന്ന് മംഗളം റിപ്പോർട്ട് ചെയ്തു. എസ് നാരയണന്റെ റിപ്പോർട്ട് അനുസരിച്ച് ഐഎഎസ്-ഐപിഎസ് തലപ്പത്ത് വമ്പൻ അടി നടക്കുന്നവുന്ന സൂചനയാണ് ഉള്ളത്.

ധനവകുപ്പ് പ്രതികാരബുദ്ധിയോടെ തനിക്കെതിരെ പകരംവീട്ടലിന് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കത്തയച്ചതും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. കോടികളുടെ ഇടപാടിനെക്കുറിച്ചു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാകുമെന്നും നാരായണൻ റിപ്പോർട്ട് ചെയ്യുന്നു. ജേക്കബ് തോമസ് സ്ഥാനം ഒഴിയേണ്ടി വരുന്ന സാഹചര്യമുണ്ടെന്നാണ് വാർത്ത നൽകുന്ന സൂചന.

മണ്ണുമാന്തിക്കപ്പൽ വാങ്ങിയതിൽ കോടികളുടെ ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഇടപാടിനു ചുക്കാൻ പിടിച്ച ഇടനിലക്കാരനെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ കെ.എം. ഏബ്രഹാമിന്റെ റിപ്പോർട്ടിലുണ്ട്. 140ൽ ഏറെ പേജ് വരുന്ന റിപ്പോർട്ടിൽ അഴിമതിവിരുദ്ധ മുഖച്ഛായ സൃഷ്ടിക്കുകയല്ല, മറിച്ച് അഴിമതി ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറയുന്നു. നൂറിൽപരം തെളിവുകൾ റിപ്പോർട്ടിലുണ്ട്. വാങ്ങിയ മുങ്ങിക്കപ്പലിനു മൂന്നുവർഷത്തെ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുമെന്നു കാണിച്ചാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ ടെൻഡർ തള്ളി സ്വകാര്യ സ്ഥാപനത്തിന് കരാർ ഉറപ്പിച്ചത്. കേരളത്തിലെ ഇ-ടെൻഡർ സൈറ്റിനെ ഒഴിവാക്കി ഗുജറാത്തിൽനിന്നുള്ള ടെൻഡർ സൈറ്റിലാണു മണ്ണുമാന്തിക്കപ്പലിന്റെ ടെൻഡർ പ്രസിദ്ധീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇടനിലക്കാരനു ജേക്കബ് തോമസ് അയച്ചതായി പറയുന്ന ഇ-മെയിൽ സന്ദേശങ്ങളും ധനകാര്യ വിഭാഗം പിടിച്ചെടുത്തിരുന്നു. പതിമൂന്നിലധികം കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഹോളണ്ടിലെ ഐ.എസ്.സി. ബേവർ കമ്പനിയിൽനിന്നു മണ്ണുമാന്തിക്കപ്പൽ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. അറ്റകുറ്റപ്പണികൾ കുറവായ കപ്പലാണെന്നു പറഞ്ഞു കൂടിയ നിരക്കിൽ വിദേശ കമ്പനിയുമായി കരാർ ഉറപ്പിക്കുകയായിരുന്നു. എന്നാൽ, കപ്പൽ നൽകിയശേഷം കമ്പനി പിന്നെ ഇങ്ങോട്ടു തിരിഞ്ഞുനോക്കിയതുമില്ല. രണ്ടു വർഷംമുമ്പാണ് ഇടപാട് ഉറപ്പിച്ചത്. മണ്ണുമാന്തിക്കപ്പൽ കേടായപ്പോൾ തുറമുഖവകുപ്പിൽനിന്ന് അറിയിപ്പുണ്ടായിട്ടും ആരും എത്തിയില്ല. എന്നാൽ, കരാർ നൽകിയ ഇന്ത്യൻ കമ്പനിയായ ബെൽവെൽ, കുറഞ്ഞ നിരക്കിൽ കപ്പൽ നൽകാമെന്നും അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് കുറയ്ക്കാമെന്നും അറിയിച്ചെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

കപ്പൽ വാങ്ങുന്നതിൽ ഇടനിലനിന്ന വ്യക്തിക്ക് ജേക്കബ് തോമസ് അയച്ച ഇ-മെയിൽ സന്ദേശങ്ങൾ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് കെ.എം. ഏബ്രഹാം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനെതിരേ അവിഹിത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ധനവകുപ്പ് താൻ ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകൾ മാത്രം പ്രതികാരബുദ്ധിയോടെ പരിശോധിക്കുകയാണ് എന്ന പരാതി ജേക്കബ് തോമസിനുമുണ്ട്. എന്നാൽ നിരവധി ആക്ഷേപങ്ങൾ ഉയർന്ന മറ്റു വകുപ്പുകളിലെ ഫയലുകൾ പരിശോധിക്കുന്നില്ലെന്നും ജേക്കബ് തോമസ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കത്തിൽ ധനവകുപ്പിലെ പരിശോധനാവിഭാഗത്തിനെ ജേക്കബ് തോമസ് രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി ആക്ഷേപങ്ങൾ ഉയർന്ന പൊതുമരാമത്ത്, വിദ്യാഭ്യാസ, ഗതാഗത, മൈനിങ് ആൻഡ് ജിയോളജി, ലോട്ടറി, വ്യവസായ, ആരോഗ്യ, വാണിജ്യനികുതി തുടങ്ങിയ വകുപ്പുകളിലെ ഫയലുകൾ ധനവകുപ്പ് പരിശോധിക്കുന്നില്ല. എന്നാൽ താൻ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഫയലുകൾ സൂക്ഷ്മമായാണ് ധനവകുപ്പ് പരിശോധിക്കുന്നത്.

പ്രതികാരബുദ്ധിയോടെയുള്ള ധനവകുപ്പിന്റെ നീക്കം തനിക്ക് മാനസികബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ജേക്കബ് തോമസ് കത്തിൽ വ്യക്തമാക്കുന്നു. അഡീഷണൽ ചീഫ്സെക്രട്ടറി കൂടിയായ ധനവകുപ്പ് സെക്രട്ടറി കെ.എം. എബ്രഹാമും ജേക്കബ് തോമസും തമ്മിലുള്ള ശീതസമരം നേരത്തെ മറനീക്കി പുറത്തുവന്നതാണ്. കെ.എം. എബ്രഹാമിനെ മനഃപ്പൂർവം കരിവാരിത്തേക്കാൻ ജേക്കബ് തോമസ് ശ്രമിക്കുന്നതായും ആരോപണമുയർന്നിരുന്നു.