തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന് ഏറ്റവും തലവേദന ഉണ്ടാക്കിയ ഉദ്യോഗസ്ഥൻ തന്നെയാണ് ഡിജിപി ജേക്കബ് തോമസ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് മന്ത്രിമാർക്ക് നേരെ ഉയർന്ന അഴിമതി ആരോപണ കേസുകളിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനം സ്വീകരിച്ചതിന്റെ പേരിലാണ് അദ്ദേഹം അന്നത്തെ സർക്കാറിന് അനഭിമതനായത്. എന്നാൽ, വിജിലൻസ് സംവിധാനത്തെ ഉടച്ചുവാർക്കുമെന്നും സ്വതന്ത്രമാക്കുമെന്നും പ്രകടന പത്രികയിൽ പറഞ്ഞാണ് ഇടതു മുന്നണി അധികാരത്തിൽ ഏറിയത്. അധികാരം ലഭിച്ചതോടെ വിജിലൻസിനെ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചതും.

സത്യസന്ധനെന്ന് പേരെടുത്ത ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിയമിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാണ്. വിജിലൻസ് കൂട്ടിലടച്ച തത്തയാകില്ലെന്ന് മുൻ ആഭ്യന്തര മന്ത്രി പറഞ്ഞതു പോലെ ആകില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പുതിയ ചുമതലയിലേക്ക് പ്രവേശിക്കുന്നത്. ഇതോടെ മുട്ടിടിച്ചു തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങൾ നേരിട്ട പ്രമുഖർക്കാണ്.

ഞാനോ, എന്റെ ഓഫീസോ, എന്റെ പാർട്ടിയോ ആർക്കെങ്കിലുമെതിരേ കേസുകൾ എടുക്കണമെന്ന് ആവശ്യപ്പെട്ടോ ആരോപണവിധേയരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചോ വിളിക്കില്ല. നിങ്ങൾ കൃത്യമായി നിങ്ങളുടെ ജോലി ചെയ്യുക. അഴിമതിക്കാരെ സഹായിക്കുന്ന നയമല്ല തന്റെ സർക്കാറിന്റേത്. മുഖ്യമന്ത്രി പിണറായി വിജയൻ ജേക്കബ് തോമസിനെ വിജിലൻസ് ഏൽപ്പിച്ചു കൊണ്ട് പറഞ്ഞതാണ് ഈ വാക്കുകൾ. എന്നാൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നു കരുതി ആർക്കെതിരേയും മനഃപൂർവം കേസെടുക്കാനും പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന കണ്ടെത്തലുകൾ വിജിലൻസ് എ.ഡി.ജി.പി എന്ന നിലയിൽ ജേക്കബ് തോമസ് പുറത്തുകൊണ്ടുവന്നത് അന്നത്തെ സർക്കാരിനെ ഉലച്ചിരുന്നു. പലപ്പോഴും പ്രതിപക്ഷത്തേക്കാളേറെ രൂക്ഷമായി അഴിമതിക്കെതിരേ പ്രതികരിച്ചത് ജേക്കബ് തോമസായിരുന്നു. ജേക്കബ് തോമസിനെതിരായ സർക്കാർ നടപടികളെ ഇടതു മുന്നണിയും അന്ന് എതിർത്തിരുന്നു. കഴിഞ്ഞ സർക്കാർ കാലാവധി തീരും മുമ്പ് നടത്തിയ കടുംവെട്ടുകളെ കുറിച്ചുള്ള വിജിലൻസ് അന്വേഷണം അടക്കം നടക്കാനിരിക്കയാണ്. അതുകൊണ്ട് തന്നെ ജേക്കബ് തോമസിന് യുഡിഎഫിലെ പ്രമുഖന്മാർക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാകുമെന്ന കാര്യം ഉറപ്പാണ്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തു പുറത്തുവന്നതും അല്ലാത്തതുമായ അഴിമതി നിറഞ്ഞ ഫയലുകളെക്കുറിച്ചു വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. പാറ്റൂർ ഭൂമി കുംഭകോണം, ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നതിനു വിജിലൻസ് എസ്‌പി: ആർ. സുകേശനെ ആരെങ്കിലും സ്വാധീനിച്ചിരുന്നോ, കശുവണ്ടി കോർപറേഷനിലെ അഴിമതി, കൺസ്യൂമർഫെഡ് അഴിമതി, റവന്യു വകുപ്പിൽ നടന്ന അനധികൃത ഭൂമി കൈമാറ്റങ്ങൾ, മെത്രാൻ കായൽ ഇടപാട്, സന്തോഷ് മാധവനുമായി ഒത്തുചേർന്ന് നടത്തിയ ഭൂമി കൈമാറ്റം എന്നിവ തുടക്കത്തിൽതന്നെ പരിശോധിക്കാനാണ് ഡിജിപി: ജേക്കബ് തോമസ് തീരുമാനിച്ചിട്ടുള്ളത്.

അഴിമതിക്കെതിരെ എന്നും കർക്കശനിലപാടെടുത്ത തന്നെ വിജിലൻസ് തലപ്പത്തേക്ക് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം പുതുസന്ദേശം നൽകുന്നതാണെന്നാണ് ഡിജിപി ഡോ. ജേക്കബ് തോമസ് പ്രതികരിച്ചത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊണ്ട താൻ വിജിലൻസിൽ സേവനം അനുഷ്ഠിക്കുമ്പോൾ പലരുടെയും കണ്ണിലെ കരടായിരുന്നു. എഡിജിപി ആയിരിക്കെയാണ് വിജിലൻസിനോട് വിടപറഞ്ഞത്. ഡിജിപി പദവിയിലെത്തിയ തന്നെ വീണ്ടും വിജിലൻസ് ആസ്ഥാനത്തേക്ക് ക്ഷണിക്കുമ്പോൾ അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് സർക്കാർ തീരുമാനമെന്ന് കരുതുന്നു. ഇത് പുതിയൊരു സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചത്ത കുഞ്ഞായ വിജിലന്റ് കേരളയെ പുനർജീവിപ്പിക്കാനാകില്ല. അന്ന് ആറുമാസം കൂടി തന്നെ വിജിലൻസിൽ നിലനിർത്തിയിരുന്നുവെങ്കിൽ കാര്യക്ഷമമായ സംവിധാനം വരുമായിരുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കുന്നു. ബാർകോഴ കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കി സമർപ്പിച്ച വിജിലൻസ് റിപ്പോർട്ട് അടക്കം പല കേസുകളും കോടതിയുടെ പരിഗണനയിൽ വരാനിരിക്കയാണ്. വിജിലൻസ് റിപ്പോർട്ട് അംഗീകരിക്കാതെ കോടതി തള്ളിയാൽ വീണ്ടും അന്വേഷണം ആവശ്യമായി വരും. ഇത് മുൻ മന്ത്രിമാരെ സംബന്ധിച്ചടത്തോളം തലവേദനയാകുമെന്നതും ഉറപ്പാണ്.

സർക്കാറുകൾ മാറിമാറി വരുമ്പോഴും അഴിമതി കേസിൽ ഒരു മന്ത്രിപോലും ശിക്ഷിക്കപ്പെടാത്ത സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ഇതിന് കാര്ണം നേതാക്കൾ തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന ആരോപണവും ശക്തമാണ്. എന്തായാലും അത്തരം അഡ്ജസ്റ്റ്‌മെന്റുകൾക്ക് അന്ത്യമാകുന്നു എന്ന വ്യക്തമായ സൂചനയാണ് ജേക്കബ് തോമസിനെ പോലൊരു പ്രഗത്ഭനെ നിയമിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരിക്കു്ന്നതും.