തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന നിലപാടിൽ ജേക്കബ് തോമസ് മയപ്പെട്ടുവെന്ന് സൂചന. ഡയറക്ടർ സ്ഥാനത്ത് തുടരാനുള്ള സർക്കാരിന്റെ നിർദ്ദേശം അദ്ദേഹം അംഗീകരിക്കുമെന്നാണ് കരുതുന്നത്. അതിനിടെ വിഷയത്തിൽ അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് തന്റെ ഭാഗം വിശദീകരിക്കുമെന്നും സൂചനയുണ്ട്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു നൽകിയ കത്ത് സജീവ ചർച്ചയാകുന്നതിനിടെ കർമനിരതനായി ജേക്കബ് തോമസ് രംഗത്ത് എത്തി. ആക്കുളത്ത് വിജിലൻസ് സംഘത്തോടൊപ്പം അദ്ദേഹം പരിശോധനയ്‌ക്കെത്തി. പഴയ ജോലി തുടരുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ചു മാദ്ധ്യമപ്രവർത്തകർക്കു ജേക്കബ് തോമസ് നൽകിയ മറുപടി.

വിജിലൻസ് ഡയറക്ടറായി തുടരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജേക്കബ് തോമസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധനയുമായി ജേക്കബ് തോമസ് രംഗത്ത് വന്നത്. താൻ പഴയ ജോലി തുടരുകയാണെന്നും കത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. നേരത്തെ ജേക്കബ് തോമസ് അവധിയിൽ പ്രവേശിക്കുമെന്ന് സൂചനയുണ്ടായിരുന്നു. അതിനുള്ള സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്ന് വിശദീകരിക്കാൻ കൂടിയാണ് ഇന്ന് റെയ്ഡുമായി ജേക്കബ് തോമസ് പുറത്ത് എത്തിയതെന്നാണ് സൂചന.

ജേക്കബ് തോമസിനെ മാറ്റേണ്ടെന്നാണ് സിപിഎമ്മിന്റെയും നിലപാട്. ഇക്കാര്യം പാർട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ കത്ത് ആഭ്യന്തര സെക്രട്ടറി ബുധനാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുടർന്ന് തിരക്കിട്ട കൂടിയാലോചനകൾ നടന്നെങ്കിലും സർക്കാർ ജേക്കബ് തോമസിന് ഒപ്പം നിൽക്കാൻ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ജേക്കബ് തോമസുമായി സംസാരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ജേക്കബ് തോമസിനെതിരെ നിരന്തരം വിമർശനമുന്നയിച്ചു പ്രതിപക്ഷം രംഗത്തിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ദിവസം സിപിഐ(എം) അദ്ദേഹത്തിനു പിന്തുണയുമായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ നീക്കുന്നതിനോടു യോജിപ്പുണ്ടായിരുന്നില്ല. ഇതോടെ വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് തുടരുമെന്നും ഉറപ്പായിരുന്നു. ഐഎഎസ്‌ഐപിഎസ് ലോബിയാണ് ജേക്കബ് തോമസിനെ മാറ്റാൻ ശ്രമിക്കുന്നതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

അതിനിടെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പാർട്ടി നോമിനിയാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ച് ജേക്കബ് തോമസ് സർക്കാരിന് നൽകിയ കത്ത് സംബന്ധിച്ച ക്രമപ്രശ്‌നം നിയമസഭയിൽ ഉന്നയിക്കവെയാണ് ആരോപണം. സർക്കാർ തുറന്നുവിട്ട തത്ത എ.കെ.ജി സെന്ററിൽ കറങ്ങുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ജേക്കബ് തോമസ് നൽകിയ കത്തിൽ സിപിഐ(എം) അവയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് തീരുമാനമെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പിന്തുണ ലഭിച്ചയാൾക്ക് എങ്ങനെ നിഷ്പക്ഷനായി പ്രവർത്തിക്കാനാവും ?വിജിലൻസ് ഡയറക്ടറുടെ തീരുമാനത്തിന് പിന്നിൽ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. അദ്ദേഹം നൽകിയ കത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയല്ല മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രി എ.കെ ബാലനാണ് ക്രമപ്രശ്‌നത്തിന് മറുപടി നൽകിയത്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതന്നെ് മന്ത്രി ബാലൻ പറഞ്ഞു. ഒരു തീരുമാനവും പാർട്ടി എടുത്തിട്ടില്ലെന്നും സർക്കാരും മന്ത്രിമാരുമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.