കൊച്ചി: ഹൈക്കോടതി ജസ്റ്റിസുമാരായ പി.ഉബൈദ്, എബ്രഹാംമാത്യു എന്നിവർക്കെതിരെ ഡി.ജി.പി ജേക്കബ് തോമസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും സെൻട്രൽ വിജിലൻസ് കമ്മീഷണർക്കും പരാതി നൽകി. സംസ്ഥാന ചീഫ് സെക്രട്ടറി വഴിയാണ് പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരായ കോടതി വിധികളിൽ ചില സംശയങ്ങൾ ഉന്നയിക്കുകയാണ് ജേക്കബ് തോമസ്. അഴിമതിക്കെതിരെ പോരാട്ടം നയിക്കുന്ന തന്നെ ഒറ്റപ്പെടുത്തുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ജേക്കബ് തോമസ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

സംസ്ഥാനത്തെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജസ്റ്റിസുമാർക്കെതിരെ പരോക്ഷമായെങ്കിലും പരാതി നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യമായാണ്. ഓഖിയിലെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ സർക്കാർ നടപടികളുമായി മുന്നോട്ട് പോവുകയാണ്. അതിനിടെയാണ് പുതിയ നീക്കവുമായി ജേക്കബ് തോമസ് രംഗത്ത് വരുന്നത്. അഴിമതിക്കെതിരെ സംസാരിക്കുന്ന തനിക്ക് ജ്യൂഡീഷറിയുടെ പിന്തുണയും ലഭിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതേ കുറിച്ച് അന്വേഷിക്കണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷനോട് ആവശ്യപ്പെടുന്നത്. ഇതിൽ അന്വേഷണത്തിന് സെൻട്രൽ വിജിലൻസ് കമ്മീഷൻ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ജേക്കബ് തോമസ് നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങനെ

2017 ഫെബ്രുവരി ആദ്യം മുതൽ തനിക്കെതിരെയുള്ള എല്ലാ വിധികളിലും നിശിതമായി വിമർശിക്കുന്നു, അവയെല്ലാം മാധ്യമങ്ങളിലൂടെ ആഘോഷിക്കുന്നു. ഇ.പി ജയരാജൻ കേസ് വിധിയിലും തുടർന്നുണ്ടായ വിജിലൻസ് രാജ് കേസിലും പാറ്റൂർ കേസിലും അനൂപ് ജേക്കബ്. കെ എം മാണി എന്നിവർക്കെതിരായ കേസുകളിലും സ്‌കൂൾ യുവജനോത്സവ കേസുകളിലും ഇതു പ്രകടമാണെന്നും പരാതിയിൽ ആരോപിക്കുന്നു. ഔദ്യോഗിക ജീവിതത്തിലുടനീളം അഴിമതിക്കെതിരെയും ഭരണാധികാരികളുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും ശക്തമായി നിലകൊള്ളുന്ന ഉദ്യോഗസ്ഥനാണ് ഞാൻ. കോടതി നിലപാടുകൾ മാനസികമായി തളർത്താനും നിശ്ശബ്ദനാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഞാൻ അന്വേഷണം തുടങ്ങിവച്ച അഴിമതി കേസുകൾ അവസാനിപ്പിക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്യുകയാണുണ്ടായത്. ഈ കേസുകളിൽ പെട്ട കക്ഷികൾ മുൻ കയ്യെടുത്ത് കോടതിയെ എനിക്കെതിരെയുള്ള ഉപജാപങ്ങൾക്കും ഗൂഢാലോചനയ്ക്കും ഉപയോഗിക്കുന്നു. പറയുന്നതെല്ലാം സത്യങ്ങളാണ്, ആരോപണങ്ങളല്ലെന്നും പരാതിയിൽ പറയുന്നു. അനുയോജ്യമായ അന്വേഷണ ഏജൻസികൾ ഈ കേസുകൾ പരിശോധിച്ച് അന്വേഷണം നടത്തണം.

ഔദ്യോഗികമായി ലഭിച്ച നിയമോപദേശം അനുസരിച്ച്, ചുരുങ്ങിയ കാലത്തിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഉബൈദ് എനിക്കെതിരെ പ്രസ്താവിച്ച വിധികൾക്കെല്ലാം പൊതുസ്വഭാവം ഉള്ളതായി മനസ്സിലാക്കുന്നു. അത് അഴിമതി വിരുദ്ധഭരണ നിർവ്വഹണത്തിന് അനുകൂലമല്ല. ഉന്നത വ്യക്തികൾ ഉൾപ്പെടുന്ന അഴിമതി കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന അനേകം വിധികൾ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിൽ നിന്നും വന്നിട്ടുണ്ട്. ഒരു എഫ്ഐആർ മുഖാന്തരം വിജിലൻസ് കോടതിയിലെത്തിയിട്ടുള്ള അഴിമതിക്കേസുകൾ അന്വേഷിക്കുവാനും തെളിവുകൾ വേഗത്തിൽ ശേഖരിക്കുവാനുമുള്ള ഉദ്യോഗസ്ഥരുടെ കാര്യശേഷിയെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊതുതാത്പര്യം മുൻ നിർത്തി പ്രവർത്തിച്ച വിജിലൻസ് കോടതിയുടെ പ്രവർത്തനങ്ങൾക്കെതിരെ പോലും അപകീർത്തികരമായ പ്രസ്താവനകൾ ജസ്റ്റിസ് ഉബൈദ് നടത്തിയെന്നും പരാതിയിൽ പറയുന്നു.

ജസ്റ്റിസ് ഉബൈദിന്റെ വിധി പ്രസ്താവനകൾ, അക്കാലത്തെ വിഎ.സി.ബിയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ പലതും വൈകിപ്പിക്കാനും , ആന്റികറപ്ഷൻ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർമാരുടെ മേൽ സമ്മർദ്ദം ഉണ്ടാക്കുവാനുമാണ് ഇടയാക്കിയത്. അന്ന് തുടങ്ങിവച്ച പല അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെയും ഫലമെന്തായിരുന്നെന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. വേസ്റ്റഡ് ക്രോർസ് പ്രോഗ്രാം, എഡ്യൂ-വിജിൽ, വിസിൽ ബ്ലോവേഴ്സ് അവാർഡ് പ്രോഗ്രാം, എറൈസിങ് കേരള എക്സിബിഷൻസ്, വിസിൽ നൗ മൊബൈൽ ആപ്പ്, വിജ്-നെറ്റ്, കൺകറന്റ് വിജിലൻസ്, നോ യുവർ പ്രോജക്റ്റ്സ് പ്രോഗ്രാം എൻവയോൺമെന്റൽ റിസ്‌ക് വിജിലൻസ്, കേരള ആന്റി കറപ്ഷൻ ഇൻഡക്സ്, ആന്റി കറപ്ഷൻ ഇൻഡക്ഷൻ ട്രെയിനിങ്, ആർ.എ.എ.എം ഗുഡ് ഗവർഅൻസ് ഓഡിറ്റ്, വാട്ടർ-വിജിൽ, ബെനിഫിറ്റ് ട്രാക്കിങ് ഓഡിറ്റ്, ആന്റി കറപ്ഷൻ റിസർച്ച് , എൻ എസ് എസ് വിജിൽ ഹെൽപ് ഡെസ്‌ക് എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളാണ്.

ഗവൺമെന്റ് പ്രോസിക്യൂട്ടർമാരുടെ അലംഭാവവും അജ്ഞതയും ഉന്നതർ ഉൾപ്പെടുന്ന കേസുകളുടെ വാദത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി സർക്കാർ നിയമിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള അഞ്ച് അഭിഭാഷകരടങ്ങുന്ന നിയമോപദേശ സംഘത്തിന്റെ അഭിപ്രായവും ഇത് തന്നെയാണ്. പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതാകട്ടെ രാഷ്ട്രീയ ചായ്വുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. 22-2-2017ലെ നിയമോപദേശത്തിന്റെ കോപ്പിയും പരാതിക്കൊപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്.

കണ്ണൂർ , അഴിക്കൽ തുറമുഖത്തിന്റെ പരിസ്ഥിതി നാശത്തിലേക്കെത്തിച്ച അഴിമതിയെ സംബന്ധിക്കുന്ന വസ്തുതകൾ 5-2-2014 ൽ സംസ്ഥാന എൻവയോൺമെന്റൽ ഇംപാക്ട് അസെസ്മെന്റ് അഥോറിറ്റിക്ക് കൈമാറി. അതിന്റെ ഫോളോ അപ്പ് രേഖകൾ സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് എൺവയോൺമെന്റ് ഡിപ്പാർട്ടുമെന്റിനും കൈമാറി. അതോടെ തുറമുഖ ഡിപ്പാർട്ടുമെന്റിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നും എന്നെ നീക്കം ചെയ്തു. നീക്കം ചെയ്തതിനുശേഷം രണ്ടര മാസത്തോളം മറ്റൊരു സ്ഥാനത്തേക്കേും തനിക്ക് നിയമനം നൽകിയില്ലെന്നു മാത്രമല്ല തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക, പരാതി നൽകുക തുടങ്ങിയ പ്രതികാര നടപടികളും കൈക്കൊണ്ടിട്ടുണ്ട്.

പാറ്റൂർ കേസ് അസാധുവാക്കി കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 28-03-2017 ൽ ജസ്റ്റിസ് ഉബൈദും പിന്നീട് 8-2-2018 ൽ ജസ്റ്റിസ് ഏബ്രഹാം മാത്യുവും ഉത്തരവുകൾ പുറപ്പെടുവിച്ചപ്പോൾ വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോ അന്വേഷിച്ചിരുന്ന ആ കേസിൽ തന്റെ ഭാഗം ശരിയായി വാദിക്കാൻ ശരിയായ നിയമ സഹായം നൽകിയിട്ടില്ല. പ്രതികാര നടപടികളുടെ ഭാഗമായി തന്നെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്. ജസ്റ്റിസ് പി ഉബൈദ്, ജസ്റ്റിസ് ഏബ്രഹാം മാത്യു എന്നിവർക്കു മുമ്പാകെ ഹൈക്കോടതിയിൽ എത്തിയ, ഉന്നതർ ഉൾപ്പെട്ട കേസുകളുടെ വാദങ്ങൾ പ്രോസിക്യൂട്ടർമാർ അട്ടിമറിച്ചുവെന്ന് സംശയിക്കാൻ തക്ക കാരണങ്ങളുണ്ടെന്നും അതിനാൽ 2017-2018 കാലത്ത് വി.എ.സി.ബി അന്വേഷിച്ചിരുന്ന കേസുകൾ പുനരന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.