തിരുവനന്തപുരം: ആറ് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ധനമന്ത്രി കെ എം മാണി ശരിക്കും ഒന്നു വിറച്ചിട്ടുണ്ടെങ്കിൽ അത് ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥന്റെ കാർക്കശ്യത്തിന് മുന്നിലാണ്. ബാർകോഴ കേസിൽ ക്വുക്ക് വേരിഫിക്കേഷനിൽ മാണിയെ ഒന്നാം പ്രതിയാക്കിയത് ഈ ഉദ്യോഗസ്ഥനായിരുന്നു. മുഖം നോക്കാതെ നടപടി സ്വീകരിച്ച് മുന്നോട്ട് പോയതോടെ ഭരണക്കാർക്കും തലവേദനയായി മാറി അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ ഒതുക്കാമെന്ന് കരുതിയാണ് ജേക്കബ് തോമസ് ഐപിഎസ് എന്ന ഡിജിപി ഫയർ റെസ്‌ക്യൂ വകുപ്പിന്റെ മേധാവിയായത്. പക്ഷേ അവിടേയും പലതും ചെയ്യാനാകുമെന്ന് ജേക്കബ് തോമസ് തെളിയച്ചതോടെ വെട്ടിലാകുന്നത് സർക്കാരാണ്.

എവിടെയെങ്കിലും തീപിടിക്കുന്നുണ്ടോ എന്ന് കാത്തിരിക്കലാണ് അഗ്‌നിശമന സേനയുടെ ജോലിയെന്നാണ് മലയാളി കരുതിയുന്നത്. തീപിടിച്ചാൽ അണയ്ക്കുക, മരം വീണാൽ മറിച്ചു മാറ്റുക, കെട്ടിടം തകർന്ന് വീണാൽ രക്ഷാപ്രവർത്തനം നടത്തുക.. ഇങ്ങനെയുള്ള ജോലികൾ മാത്രമേ അഗ്‌നിശമനാ ആസ്ഥാനത്തുള്ളതെന്ന് സർക്കാരും കരുതി. എന്നാൽ അങ്ങനെയല്ല ഈ വകുപ്പിന്റെ തലപ്പത്തിരുന്നും പല കാര്യങ്ങളും ചെയ്യാനുണ്ടെന്ന് തെളിയിക്കുകയാണ് ജേക്കബ് തോമസ്.

എന്തു ചെയ്യണമെങ്കിലും അതിന് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ അനുമതി നിർബന്ധമാക്കാനുള്ള വകുപ്പുകൾ നിയമത്തിലുണ്ടെന്ന് സർക്കാർ തിരിച്ചറിഞ്ഞില്ല. പാവപോലെ പ്രവർത്തിച്ച ഫയർഫോഴ്‌സ് ഡിജിപി മാരും വിശ്രമിക്കാനുള്ള കസേരയായി അതിനെ മാറ്റി. അപ്പോഴാണ് വിജിലൻസിൽ തലവേദനയായ ജേക്കബ് തോമസിനെ ഡിജിപിയാക്കി ഉയർത്തി ഫയർ ഫോഴ്‌സ് ആസ്ഥാനത്തേക്ക് മാറ്റിയത്. അത് പുലിവാലായെന്ന നിഗമനത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോൾ. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ബഹുനില കെട്ടിടങ്ങൾ പടുത്തുയർത്തുന്ന ഫ്‌ലാറ്റ് കമ്പനികൾക്കും അനധികൃതമായി സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്ന ക്വാറികൾക്കും മൂക്കുകയറിടാൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് തയ്യാറെടുപ്പുകൾ തുടങ്ങിയതോടെയാണ് രാഷ്ട്രീയക്കാർക്ക് തലവേദനയായത്. ജേക്കബ് തോമസ് ആ സ്ഥാനത്തിരുന്നാൽ പണി നടക്കുന്ന മിക്ക ഫ്‌ലാറ്റുകളും പ്രതിസന്ധിയിലാകുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ ജേക്കബ് തോമസിനെ ഒഴിവാക്കി കിട്ടാൻ സർക്കാരിൽ ഫ്‌ലാറ്റ് നിർമ്മാതാക്കൾ സമ്മർദ്ദം ചെലുത്തി തുടങ്ങി. എന്നാൽ നിലവിൽ ജേക്കബ് തോമസിനെ മാറ്റുന്നത് സർക്കാരിന് വലിയ പ്രതിസന്ധിയാകും. അതുകൊണ്ട് കാത്തിരിക്കാനാണ് നിർദ്ദേശം.

ഇതിനൊപ്പമാണ് പാറമട മുതാളിമാരും ഹൗസ് ബോട്ട് ഉടമകളും ജേക്കബ് തോമസിനെതിരെ ഒരുമിക്കുന്നത്. ഇവ രണ്ടും പ്രവർത്തിക്കണമെങ്കിൽ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ അനുമതി കൂടിയേ തീരൂവെന്നാണ് ഫയർഫോഴ്‌സ് മേധാവിയുടെ കണ്ടെത്തൽ. പാറമടകളിൽ അനുവദനീയമായതിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതായും പരാതിയുണ്ട്. ഇവിടങ്ങളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കി എൻഒസി നൽകേണ്ടത് ഫയർഫോഴ്‌സ് അധികൃതരാണ്. കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്‌ക്യൂ സർവീസസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാനും നീക്കമുണ്ട്. ഇതു കൂടിയായപ്പോൾ ഫയർഫോഴ്‌സ് മേധാവിയാക്കിയത് വിനയായെന്ന് സർക്കാർ തിരിച്ചറിയുന്നു.

ഇതിനിടെയിൽ കോഴിക്കോട്ടെ മാവൂർ റോഡിലെ ആർ.പി മാളിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് അഗ്‌നിശമന സേന നിലപാട് എടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് മാളിന്റെ പ്രവർത്തനം നിർത്തിവെക്കാൻ കോഴിക്കോട് കോർപറേഷനോടും ജില്ലാ കളക്ടറോടും അഗ്‌നിശമന സേന ആവശ്യപ്പെട്ടത്. പ്രവാസി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥയിലുള്ള ആർപി മാൾ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് അഗ്‌നിശമനസേനയുടെ റിപ്പോർട്ടിലുള്ളത്. മാളിൽ പ്രവർത്തിക്കുന്ന പി.വി എസ് തിയറ്റർ പ്രവർത്തിക്കുന്നത് ഫയർ എക്‌സിറ്റുകൾ പൂർണമായും അടച്ചാണ്. തിയറ്ററിൽ തീപിടുത്തമുണ്ടായാൽ പുറത്ത് കടക്കാൻ എമർജൻസി എക്‌സിറ്റ് ഇല്ലെന്നു മാത്രമല്ല തീയണയ്ക്കാനുള്ള സംവിധാനവുമില്ല. ജേക്കബ് തോമസിന്റെ ഇടപെടലാണ് ഇതിന് കാരണമെന്ന് രവി പിള്ള കരുതുന്നു. ഈ സാഹചര്യത്തിൽ രവി പിള്ളയും ജേക്കബ് തോമസിനെതിരെ രംഗത്ത് വന്നതായാണ് സൂചന. എന്നാൽ പകരം സ്ഥാനം നൽകാനില്ലാത്തതിനാൽ ജേക്കബ് തോമസിനെ മാറ്റാൻ സർക്കാരിന് കഴിയുന്നുമില്ല.

ജേക്കബ് തോമസിനെ ഡിജിപിയാക്കിയപ്പോൾ മൂന്ന് പദവികളാണ് ഒഴിവുണ്ടായിരുന്നത്. ഫയർ ഫോഴ്‌സ് മേധാവിക്ക് പുറമേ ജയിൽ ഡിജിപിയും പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനിലെ ഡിജിപിയും ഒഴിവുണ്ടായിരുന്നു. ജയിൽ വകുപ്പിൽ ജേക്കബ് തോമസിനെ നിയമിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സർക്കാർ ഭയന്നു. പൊലീസിന്റെ നിർമ്മാണ വിഭാഗമായ കൺസ്ട്രക്ഷൻ കോർപ്പറേഷനും നൽകിയില്ല. കരുതലോടെയാണ് ഫയർഫോഴ്‌സ് ഏൽപ്പിച്ചത്. എന്നാൽ അവിടേയും അധികാരമുപയോഗിക്കാനുള്ള വകുപ്പുണ്ടെന്ന് ജേക്കബ് തോമസിന് അറിയാമിയാരുന്നു. ചുരങ്ങിയ കാലം കൊണ്ട് അത് കടുപ്പിച്ചതോടെ മുതലാളിമാരെല്ലാം എതിരായി. ബാർ കോഴയിൽ വിജിലൻസിൽ ഇരുന്ന് ധനമന്ത്രി കെ എം മാണിക്കെതിരെ ജേക്കബ് തോമസ് കരുക്കൾ നീക്കുന്നുവെന്ന് ഭരണ മുന്നണിയിൽ നിന്ന് പരാതി ഉയർന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസിൽ നിന്ന് ജേക്കബ് തോമസിനെ ഒഴിവാക്കാൻ കള്ളക്കളികൾ നടന്നത്.

ജേക്കബ് തോമസ് എത്തും മുൻപും ഫയർഫോഴ്‌സിൽ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും ഫയർഎഞ്ചിൻ പോകാനുള്ള സ്ഥലം ഉണ്ടെങ്കിലേ അനുമതി നല്കാവൂവെന്ന നിയമം ഉണ്ടായിരുന്നു. പക്ഷെ ജേക്കബ് തോമസ് വന്ന ശേഷമാണ് ആ നിയമം പ്രവർത്തിച്ചു തുടങ്ങിയത്. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഫ്‌ലാറ്റ് നിർമ്മാണത്തിലും ക്വാറി പ്രവർത്തനത്തിലും ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന് ഇടപെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ജേക്കബ് തോമസ് കരുനീക്കം തുടങ്ങിയത്. നാഷനൽ ബിൽഡിങ് കോഡ്(എൻബിസി)മറികടന്നുള്ള നിർമ്മാണങ്ങൾക്ക് എൻഒസി നൽകരുതെന്ന കർശന നിർദ്ദേശവുമായി ജേക്കബ് തോമസ് സർക്കുലർ പുറപ്പെടുവിച്ചതോടെയാണ് വകുപ്പിന്റെ കരുത്ത് ബിൽഡർമാർ അറിഞ്ഞത്. കളികാര്യമാകുമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് സമ്മർദ്ദവുമായി സർക്കാരിനെ സമീപിച്ചത്.

പന്ത്രണ്ട് മീറ്ററിലധികം ഉയരമുള്ള കെട്ടിടങ്ങളിൽ സ്വന്തമായി അഗ്‌നിശമന സംവിധാനം ഒരുക്കണമെന്ന അഗ്‌നിശമനസേനാ മേധാവിയുടെ ഉത്തരവ് നിർമ്മാണ മേഖലയ്ക്ക് ദോഷം ചെയ്‌തെന്ന് കോൺഫെഡറേഷൻ ഒഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ് ) ഭാരവാഹികൾ തന്നെ ആരോപിച്ചു കഴിഞ്ഞു. എൻഒസിക്കായി നിർമ്മാതാക്കൾ നൽകിയ 60 അപേക്ഷകൾ ഒരു മാസത്തിനിടെ അഗ്‌നിശമനസേന തള്ളി. ഭവന, ഐ.ടി., വിനോദസഞ്ചാര മേഖലകളിലെ നിമ്മാണങ്ങളെല്ലാം മുടങ്ങി. ബഹുനില കെട്ടിടങ്ങളിൽ അഗ്‌നിശമന പ്രവർത്തനം നടത്താനാവശ്യമായ സൗകര്യം ഇല്ലെന്നാണ് അഗ്‌നിശമനസേനാ മേധാവി അറിയിച്ചത്. എൻഒസി ലഭിക്കാനുള്ള ഫീസ് ചതുരശ്ര മീറ്ററിന് 100 രൂപയായി ഉയർത്തുകയും ചെയ്തു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഫീസ് ഒരു ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായാണ് ഉയർത്തിയത്.

ഭരണതലങ്ങളിൽ വൻസ്വാധീനമുള്ള കെട്ടിട മാഫിയയ്‌ക്കെതിരേ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് ഫയർഫോഴ്‌സ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിറങ്ങി രണ്ടുദിവസത്തിനുള്ളിൽ നൂറോളം ഫ്‌ലാറ്റുകളുടെ അനുമതിപത്രമാണ് റദ്ദാക്കിയത്. ദേശീയ കെട്ടിടനിയമം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ മിക്ക ഫ്‌ലാറ്റ് നിർമ്മാതാക്കളും പാലിക്കുന്നില്ലെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ബിൽഡിങ് പ്ലാൻ തയാറാക്കുമ്പോൾ കൈക്കൊള്ളേണ്ട സുരക്ഷാനടപടികളൊന്നും ഈ ഫ്‌ലാറ്റുകൾ പാലിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ 12 മീറ്ററിനുമേൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകില്ല. അടിയന്തരസാഹചര്യങ്ങളിൽ ഫയർ സർവീസിന്റെ സൗകര്യങ്ങളുപയോഗിച്ച് മൂന്നുനിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്കുമേൽ കയറാനാവില്ലെന്നതാണു കാരണം. ഇപ്പോഴത്തെ അവസ്ഥയിൽ ഹെലികോപ്ടറടക്കം വാങ്ങിയാലേ രക്ഷാപ്രവർത്തനം നടത്താൻ കഴിയൂ എന്നാണ് അഗ്‌നിശമനസേന പറയുന്നത്.

നേരത്തെ എൻഒസി ലഭിച്ച കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും ഉടൻ ആരംഭിക്കും. വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെ ഫ്‌ലാറ്റ് നിർമ്മാതാക്കൾ പിൻവാതിലിലൂടെ എൻഒസി തരപ്പൈടുത്തുന്നെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കമാൻഡന്റ് ജനറലിന്റെ ഇടപെടൽ. എൻ.ബി.സി പ്രകാരം ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുംമുമ്പ് ഫയർഫോഴ്‌സിൽനിന്ന് സൈറ്റ് പഌൻ അപ്രൂവൽ വാങ്ങണം. നിർമ്മാണം പൂർത്തിയായശേഷം പ്ലാനിൽപറഞ്ഞ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് അധികൃതർ പരിശോധിച്ച് കഌയറൻസ് എൻഒസി നൽകും. എന്നാൽ, മിക്ക കെട്ടിടനിർമ്മാതാക്കളും സുരക്ഷാ കാര്യത്തിൽ വീഴ്ചവരുത്തുന്നത് പതിവാണ്.

തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്‌മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്ളാറ്റുകളിലും ഉണ്ടാകില്ല. എൻ.ബി.സി പ്രകാരം 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും ഹെലിപാഡ് ഉണ്ടാകണം. ഇതെല്ലാം മറികടന്ന് എൻഒസി തരപ്പെടുത്തുന്നതിന് ലക്ഷങ്ങളാണ് കോഴ നൽകുന്നത്.