തിരുവനന്തപുരം: മാസംതോറും ഒന്നരലക്ഷം രൂപയോളം ശമ്പളം നൽകി, ഒരു പണിയുമെടുപ്പിക്കാതെ ഏറ്റവും മുതിർന്ന ഡി.ജി.പി ഡോ.ജേക്കബ് തോമസിനെ സർക്കാർ വെറുതെ വീട്ടിലിരുത്തിയിരിക്കുകയാണ്. ഒരുവർഷമായി ജേക്കബ്‌തോമസ് സസ്‌പെൻഷനിലാണ്. ഇതുവരെ 18ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് വെറുതെ നൽകിക്കഴിഞ്ഞു. കൊലക്കേസിൽ പ്രതികളായ പൊലീസുകാരെപ്പോലും ആറുമാസം സസ്‌പെൻഷൻ കാലാവധി കഴിയുമ്പോൾ, ഉന്നത സമിതിയുടെ അവലോകനത്തിനു ശേഷം സർവീസിൽ തിരിച്ചെടുക്കാറുണ്ട്. 2020മെയ്‌ വരെ ജേക്കബ്‌തോമസിന് സർവീസുണ്ട്. അതുവരെ ഈ രീതിയിൽ തുടർന്നാൽ ഖജനാവിൽ നിന്ന് ദശലക്ഷക്കണക്കിന് രൂപ ജേക്കബ് തോമസിന്റെ അക്കൗണ്ടിലെത്തും.

വാരാപ്പുഴയിൽ കസ്റ്റഡിയിൽ ക്രൂരമായി കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ കൊലക്കേസിൽ ആരോപണവിധേയനായതിനെത്തുടർന്ന് സസ്‌പെൻഷനിലായ ആലുവ മുൻ റൂറൽ എസ്‌പി എ.വി.ജോർജ്ജ്, എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലൂടെ മദ്യലഹരിയിൽ യാത്രക്കാരിയുടെ ലാപ്‌ടോപ്പുമെടുത്ത് ഓടിയ ഐ.ജി ജയരാജ് എന്നിവരെയെല്ലാം സർക്കാർ തിരിച്ചെടുത്തു. എന്നിട്ടും വിമർശിച്ച് പ്രസംഗിച്ചതിനും പുസ്തകമെഴുതിയതിനും ശിക്ഷയായി ജേക്കബ്‌തോമസിനെ ഒരുവർഷമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നു. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജ്ജർ വാങ്ങിയതുമായി ബന്ധപ്പെട്ട് 14കോടിയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് ജേക്കബ് തോമസിനെതിരേ മൂന്നാം സസ്‌പെൻഷൻ.

ഡ്രജ്ജർ വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്നത്തെ സർക്കാരാണ് ഒന്നാം പ്രതിയെന്നാണ് ജേക്കബ്‌തോമസ് പറയുന്നത്. 2010ൽ എം.വിജയകുമാറായിരുന്നു തുറമുഖ മന്ത്രി. വി എസ്.അച്യുതാനന്ദനായിരുന്നു അന്നത്തെ മുഖ്യമന്ത്രി. തുറമുഖ ഡയറക്ടറേറ്റിന്റെ ശുപാർശ അംഗീകരിച്ച് വി എസ് സർക്കാർ അഡ്‌മിനിസ്‌ട്രേറ്റീവ് അനുമതി നൽകിയതിനു ശേഷമാണ് വിദേശത്തു നിന്ന് ഡ്രജ്ജർ വാങ്ങിയത്. വകുപ്പ് സെക്രട്ടറിക്കു പോലും മൂന്നുകോടിക്ക് മേലുള്ള പർച്ചേസിന് അധികാരമില്ല. അതിനാൽ, തുറമുഖ സെക്രട്ടറിയും ധനം, സ്റ്റോർപർച്ചേസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമടങ്ങിയ പർച്ചേസ് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ഡ്രഡ്ജർ വാങ്ങിയത്. ഇതിനായി ട്രഷറിയിൽ നിന്ന് പണം അനുവദിക്കുകയും ചെയ്തു. അനുമതി നൽകിയവരെയും തീരുമാനമെടുത്തവരെയും വകുപ്പിലെ ഉദ്യോഗസ്ഥരെയുമെല്ലാം ഒഴിവാക്കി തനിക്കെതിരെ മാത്രം പ്രതികാര നടപടിയെടുക്കുന്നുവെന്നാണ് ജേക്കബ്‌തോമസ് പറയുന്നത്.

വിജിലൻസ് അന്വേഷണം നടക്കുന്നതിന്റെ പേരിൽ ഇതുവരെ ഒരു ഉന്നത ഉദ്യോഗസ്ഥനെയും സസ്‌പെൻഡ് ചെയ്തിട്ടില്ല. വിജിലൻസ് ശുപാർശയുണ്ടായിട്ടും ടോംജോസ്, പോൾ ആന്റണി എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നില്ല. ചവറ കെ.എം.എം.എല്ലിലെ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റിലെ മഗ്‌നീഷ്യം ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ തൊഴിൽ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ ടോംജോസിനെ സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് ശുപാർശ നൽകിയെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. ടോംജോസിനെതിരായ കേസ് നിലനിൽക്കുന്നതല്ലെന്നാണ് നിയമവകുപ്പിന്റെ ശുപാർശയെന്നും ടോമിനെതിരേ സസ്‌പെൻഷൻ പോലുള്ള കടുത്ത നടപടി വേണ്ടെന്നുമായിരുന്നു ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദിന്റെ നിലപാട്. കെ.എം.എം.എൽ എം.ഡിയായിരിക്കേ നടത്തിയ മഗ്‌നീഷ്യം ഇറക്കുമതിയിലൂടെ ടോംജോസ് സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് വിജിലൻസ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. ടോംജോസിനു പുറമേ മൂന്ന് മുൻ എക്‌സിക്യുട്ടീവ് ഡയറക്ടർമാർ, മുൻ അക്കൗണ്ട്‌സ് ഓഫീസർ, ഫിനാൻസ് മേധാവി, രണ്ട് സംഘടനാ നേതാക്കൾ, കരാർ സ്ഥാപനമുടമ എന്നിവരേയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. എന്നാൽ നടപടിക്രമങ്ങളിൽ ചെറിയ വീഴ്ചകൾ മാത്രമാണുണ്ടായതെന്നായിരുന്നു ചീഫ്‌സെക്രട്ടറിയുടെ കണ്ടെത്തൽ.

ടോംജോസിനെ രക്ഷിച്ചത് ഇങ്ങനെ
സസ്‌പെൻഡ് ചെയ്യണമെന്ന വിജിലൻസ് ശുപാർശയിന്മേൽ ചീഫ്‌സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് ടോംജോസിന്റെ വിശദീകരണം തേടി. ആഗോള ടെൻഡർ വിളിക്കണമെന്ന് നിയമമുള്ളതിനാൽ നടപടിക്രമങ്ങൾ സുതാര്യമാക്കാനാണ് മഗ്‌നീഷ്യം വാങ്ങാൻ റീ-ടെൻഡർ നടത്തിയതെന്നാണ് ടോംജോസിന്റെ വിശദീകരണം. ചട്ടപ്രകാരം ഉദ്യോഗസ്ഥൻ കൈക്കൊണ്ട തീരുമാനത്തിന് സസ്‌പെൻഷൻ തുടങ്ങിയ വലിയനടപടികൾ ഒഴിവാക്കണമെന്നാണ് ചീഫ്‌സെക്രട്ടറിയുടെ ശുപാർശ. ഗ്ലോബൽ ടെൻഡർ വിളിച്ചില്ലെന്ന കാരണംപറഞ്ഞ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഒപ്പിടാത്തതിനാൽ മഗ്‌നീഷ്യം കരാർ റീടെൻഡർ ചെയ്തതിനാലാണ് കോടികളുടെ നഷ്ടമുണ്ടായത്. ഇ-ടെൻഡർ ഗ്ലോബൽ ടെൻഡറിന് സമാനമായിരുന്നതിനാൽ റീടെൻഡറിൽ കൂടുതൽ കമ്പനികൾ പങ്കെടുത്തതുമില്ല. ആദ്യ ടെൻഡറിൽ കൊൽക്കത്ത കമ്പനിയായ കോത്താരി മെറ്റൽസ് ടണ്ണിന് 1,83,000 രൂപ ക്വോട്ട് ചെയ്‌തെങ്കിലും രണ്ടാമത് ഗ്ലോബൽ ടെൻഡർ നടത്തിയപ്പോൾ ഇതേ കമ്പനിയുമായി 3,42,000 രൂപയ്ക്കാണ് കരാറൊപ്പിട്ടത്. ഒരു മെട്രിക് ടണ്ണിനുമാത്രം 1,59,930 രൂപ നഷ്ടമുണ്ടായി. 162 മെട്രിക് ടൺ ഇറക്കുമതി ചെയ്യുമ്പോൾ 2.59കോടിയുടെ നഷ്ടമുണ്ടാകും. രണ്ട് ടെൻഡറുകളിലും ഒരേ കമ്പനി പങ്കെടുത്ത് കൂടിയ തുകയ്ക്ക് കരാർ ഉറപ്പിച്ചിട്ടും ഉദ്യോഗസ്ഥവൃന്ദം കണ്ണടച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

കെ.എം.എം.എല്ലിൽ ആദ്യമെത്തിച്ച 60ടൺ മഗ്‌നീഷ്യത്തിൽ മൂന്നിലൊന്ന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി തിരിച്ചയച്ചിരുന്നു. വഴിവിട്ട് ടെൻഡർ നൽകിയതിലൂടെ കഴിഞ്ഞ മൂന്നുവർഷം 16.43കോടി നഷ്ടമുണ്ടാക്കിയെന്ന് സി.എ.ജിയുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു. മഗ്‌നീഷ്യം അഴിമതിക്കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോംജോസിനെതിരേ കേസെടുത്ത വിജിലൻസ് അദ്ദേഹത്തിന്റെ വസതികളും സെക്രട്ടേറിയറ്റിലെ ഓഫീസും റെയ്ഡ് ചെയ്തിരുന്നു. പ്രവാസി മലയാളിയായ ഡോ.അനിതാ ജോസുമായുള്ള സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ടോമിന്റേയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ടുകളും വിജിലൻസ് മരവിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സിന്ധു ദുർഗ്ഗിൽ സർക്കാരിനെ അറിയിക്കാതെ ഏക്കറുകണക്കിന് തോട്ടം വാങ്ങിക്കൂട്ടിയതിലും ടോംജോസിനെതിരേ വിജിലൻസ് അന്വേഷണമുണ്ടായിരുന്നെങ്കിലും ജേക്കബ് തോമസിനെ തെറിപ്പിച്ച ശേഷം മിക്ക കേസുകളിലും ടോംജോസിന് അനുകൂല റിപ്പോർട്ടുകളുണ്ടായി.

മൂന്ന് വിജിലൻസ് അന്വേഷണങ്ങൾ നടത്തിയിട്ടും ഒന്നിൽപോലും പ്രതിചേർക്കാനോ കുറ്റപത്രം നൽകാനോ കഴിയാതിരുന്നപ്പോഴാണ് അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കുന്ന ജേക്കബ്‌തോമസിനെ പുകച്ചുചാടിക്കാൻ നീക്കം സജീവമായത്. ഒരു കോൺഫിഡൻഷ്യൽ എൻക്വയറിയും(രഹസ്യാന്വേഷണം) രണ്ട് ത്വരിതാന്വേഷണങ്ങളും നടത്തിയെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്താനായിരുന്നില്ല. പരാതികളിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തി മൂന്ന് അന്വേഷണങ്ങളും അവസാനിപ്പിക്കാൻ വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകുകയായിരുന്നു. 'അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന' സർക്കാർനയം നടപ്പാക്കാനിറങ്ങിയ ജേക്കബ്‌തോമസിന് ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ ശത്രുക്കളായി. എ.ഡി.ജി.പി പദവിയുള്ള ഉദ്യോഗസ്ഥ ജേക്കബ്‌തോമസിന്റെ ഫോണും ഇ-മെയിലും ചോർത്തി. ഒപ്പിടുന്ന ഓരോ ഫയലും വിവരാവകാശപ്രകാരം ശേഖരിച്ച് സർക്കാരിന് കൈമാറിയത് മറ്റൊരു എ.ഡി.ജി.പി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണ് വനിതാ ഉദ്യോഗസ്ഥ വിവരങ്ങൾ കൈമാറിയത്. തന്റെ നീക്കങ്ങൾ മനസിലാക്കാനുള്ള സഹപ്രവർത്തകരുടെ ഫോൺചോർത്തൽ ജേക്കബ്‌തോമസ് സർക്കാരിനെ അറിയിച്ചിട്ടും അനുകൂല നിലപാടുണ്ടായില്ല.