- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫയർ ഫോഴ്‌സ് മേധാവി സ്ഥാനം ജേക്കബ് തോമസിനു തിരികെ നൽകാൻ മുഖ്യമന്ത്രി തയ്യാറാകുമോ? ഫ്‌ലാറ്റുകൾക്ക് അനുമതി നൽകാത്ത മുൻ മേധാവിയുടെ നിലപാടുകൾ ശരിയാണെന്ന എഡിജിപി അനിൽ കാന്തിന്റെ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കു മുന്നിൽ ചോദ്യചിഹ്നമാകുന്നു; സ്ഥാനം തെറിപ്പിച്ചതു ഫ്ലാറ്റുടമകൾക്കുവേണ്ടി തന്നെ
തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസിനെ ആ സ്ഥാനത്തു നിന്നു തെറിപ്പിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴെങ്കിലും എന്തെങ്കിലും കുറ്റബോധം തോന്നുന്നുണ്ടോ? ഫയർ ഫോഴ്‌സ് മേധാവി സ്ഥാനം തിരികെ ജേക്കബ് തോമസിനു തന്നെ നൽകാൻ അദ്ദേഹത്തെ പുറത്താക്കുന്ന കാര്യത്തിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി തയ്യാ
തിരുവനന്തപുരം: ഫയർ ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസിനെ ആ സ്ഥാനത്തു നിന്നു തെറിപ്പിച്ചതിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴെങ്കിലും എന്തെങ്കിലും കുറ്റബോധം തോന്നുന്നുണ്ടോ? ഫയർ ഫോഴ്‌സ് മേധാവി സ്ഥാനം തിരികെ ജേക്കബ് തോമസിനു തന്നെ നൽകാൻ അദ്ദേഹത്തെ പുറത്താക്കുന്ന കാര്യത്തിൽ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി തയ്യാറാകുമോ?
ജേക്കബ് തോമസ് ഫയർഫോഴ്‌സ് മേധാവിയായിരിക്കേ 77 വൻകിട ഫ്‌ലാറ്റുകൾക്ക് അനുമതി നൽകാത്ത നടപടിയെ തുടർന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നു തെറിപ്പിച്ചത്. ജനങ്ങളിൽ നിന്നു നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും അതിനാലാണ് ജേക്കബ് തോമസിനെ മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ജേക്കബ് തോമസിനെ മാറ്റുന്ന നടപടിയുടെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ജേക്കബ് തോമസിന്റെ നിലപാടുകൾ ശരിയാണെന്ന് ഇപ്പോഴത്തെ ഫയർഫോഴ്‌സ് മേധാവി എ.ഡി.ജി.പി അനിൽകാന്ത് പറയുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിനു റിപ്പോർട്ട് നൽകുകയും ചെയ്തു. ജേക്കബ് തോമസ് ഫയർഫോഴ്‌സ് മേധാവിയായിരിക്കേ 77 വൻകിട ഫ്‌ലാറ്റുകൾക്ക് അനുമതി നൽകാൻ വിസമ്മതിച്ചിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയായിരുന്നു നടപടി. ഇതിൽ 35 ഫ്‌ലാറ്റുകൾക്കു നൽകിയ വഴിവിട്ട അംഗീകാരം റദ്ദാക്കണമെന്നും അനിൽകാന്തിന്റെ ശുപാർശയിൽ പറയുന്നുണ്ട്. ഫ്‌ലാറ്റ് മാഫിയക്കെതിരേ ജേക്കബ് തോമസിന്റെ കണ്ടെത്തലുകൾ ശരിയാണെന്നു തെളിയിക്കുന്നതാണ് എ.ഡി.ജി.പി: അനിൽകാന്തിന്റെ നടപടി. ഫ്‌ലാറ്റ് മാഫിയയ്‌ക്കെതിരേ ജേക്കബ് തോമസ് നടപടി സ്വീകരിച്ചതിനെതുടർന്ന് മുഖ്യമന്ത്രി അടക്കമുള്ളവരാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കാൻ മുന്നിൽ നിന്നത്. തുടർന്ന് ടി.പി. സെൻകുമാറും ജേക്കബ് തോമസും നവമാദ്ധ്യമങ്ങളിലൂടെ ഏറ്റുമുട്ടുകയും ചെയ്തു. ഇക്കാര്യത്തിൽ നിരവധി വാക്‌പോരും നടന്നു.
ഫയർ ഫോഴ്‌സ് ഡിജിപി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് ഫ്‌ലാറ്റ് ഉടമകൾക്ക് വേണ്ടിയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഫ്‌ലാറ്റ് ഉടമകളുമായി നടന്ന യോഗത്തെ കുറിച്ച് ജേക്കബ് തോമസ് തന്നെ പരാമർശിക്കുകയും ചെയ്തു. ഇതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി എത്തിയത്. എല്ലാം പൊതുനന്മയ്ക്കാണെന്നും പറഞ്ഞു. സ്‌കൈ ലിഫ്റ്റ് ഇല്ലെന്ന പേരിൽ ബഹുനില മന്ദിരങ്ങൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു ജേക്കബ് തോമസ്. വയനാട്ടിൽ മരംവീണ് ഗതാഗതം തടസപ്പെട്ടപ്പോൾ ഫയർഫോഴ്‌സിനെ വിളിച്ച ജനങ്ങൾക്ക് ഇതു ഞങ്ങളുടെ പണി അല്ലെന്നായിരുന്നു മറുപടി. ഇത്തരത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾക്കെതിരായി നിലകൊള്ളുന്ന തരത്തിലുള്ള സർക്കുലറിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ജേക്കബ് തോമസിനെതിരായും നിരവധി പരാതികൾ ലഭിച്ചു. ജേക്കബ് തോമസിന്റെ പല നിലപാടുകളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത്തരത്തിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തെ തുടർന്നാണ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിലൂടെ ജേക്കബ് തോമസിനെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ രേഖമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവന്ന വിവരാവകാശ രേഖകളാണ് ഇതിന് തെളിവായത്. അപ്പോൾ വാക്കാൽ നൽകിയ പരാതിയാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ സിഎംഡിയായി നിയമിക്കാൻ കാരണമെന്നും വാദമുയർത്തി. ഇതിന് ശേഷം വാർത്താ സമ്മേളനത്തിന്റെ പേരിൽ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടിക്കും സർക്കാർ ശ്രമിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ ജേക്കബ് തോമസിനെ പിന്തുണച്ച് കമന്റുകൾ നിറയുകയും ചെയ്തു. മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ താൻ വിമർശിച്ചിട്ടില്ലെന്നും നീതിക്കുവേണ്ടിമാത്രമാണ് അധികാര കസേര ഉപയോഗിച്ചതെന്നും ചീഫ് സെക്രട്ടറി നൽകിയ രണ്ട് വിശദീകരണ നോട്ടീസുകൾക്കു ജേക്കബ് തോമസ് മറുപടി നൽകുകയും ചെയ്തിരുന്നു.
ഇപ്പോൾ ജേക്കബ് തോമസിന്റെ നടപടികൾ ശരിയാണെന്നു പുതിയ ഫയർഫോഴ്‌സ് മേധാവി വ്യക്തമാക്കിയതോടെ വീണ്ടും ചോദ്യശരങ്ങൾ മുഖ്യമന്ത്രിക്കു നേരെ ഉയരുകയാണ്. ഫ്‌ലാറ്റു മാഫിയക്കുവേണ്ടി ഒരുദ്യോഗസ്ഥനെ ബലിയാടാക്കിയ മുഖ്യമന്ത്രി ഇനി ഇക്കാര്യത്തിൽ എന്തു സമാധാനമാകും പറയുക. ജേക്കബ് തോമസിനെ തിരികെ ഫയർഫോഴ്‌സ് മേധാവിയാക്കി നിയമിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ അതോ വീണ്ടും ന്യായവാദങ്ങൾ ഉയർത്തി ഉരുണ്ടുകളിക്കുമോ എന്നതു കാത്തിരുന്നു കാണേണ്ടി വരും. സർക്കാർ നയങ്ങളെ വിമർശിച്ചു എന്നതിന്റെ പേരിൽ ഡി.ജി.പി: ജേക്കബ് തോമസിനെതിരെ കർശന നടപടിയെടുക്കണമെന്നു നിർദ്ദേശിച്ച സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിന്റെ ശുപാർശ നേരത്തെ സർക്കാർ തള്ളിയിരുന്നു. ഈ വിഷയത്തിൽ ജേക്കബ് തോമസ് നൽകിയ വിശദീകരണം തൃപ്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ റിപ്പോർട്ട് പരിഗണിക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചത്.
നിരവധി പരാതികൾ ഉയർന്നതിനാലാണ് അഗ്‌നിശമന സേനാ മേധാവി സ്ഥാനത്തു നിന്നു ജേക്കബ് തോമസിനെ നീക്കിയതെന്നാണു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ, മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമാണെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ ജേക്കബ് തോമസിനെതിരെ പരാതികൾ ഇല്ലെന്നു തെളിഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി പറഞ്ഞതു പച്ചക്കള്ളമെന്നു തെളിഞ്ഞത്. വിവരാവാകാശ പ്രവർത്തകനും കൊച്ചിൻ ചേമ്പർ ഓഫ് ലോയ്‌ഴ്‌സ് ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഡിബി ബിനുവിന് ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നത് ജേക്കബ് തോമസിനെതിരെ രേഖാമൂലമുള്ള പരാതികൾ ഇല്ലായിരുന്നു എന്നാണ്. ഇതോടെ ആർക്കു വേണ്ടിയാണു മുഖ്യമന്ത്രി കള്ളം പറഞ്ഞതെന്ന ചോദ്യം വീണ്ടും ഉയർന്നു.
അനിൽകാന്തിന്റെ റിപ്പോർട്ടു കൂടി പുറത്തുവന്നതോടെ മുഖ്യമന്ത്രി നിലകൊള്ളുന്നതു ഫ്ളാറ്റുടമകൾക്കു വേണ്ടിത്തന്നെയെന്ന് ഉറപ്പായിരിക്കുകയാണ്. ജേക്കബ് തോമസിനെതിരായനടപടി ഫ്ളാറ്റ് മാഫിയയുടെ കൊള്ള പുറത്തുകൊണ്ടുവന്നതിനുള്ള ശിക്ഷയാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നേരത്തെ ആരോപിച്ചിരുന്നു.