തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി ജയരാജനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് മുഖ്യമന്ത്രിയെ കണ്ടു. രാവിലെ 7.45 ഓടെ ഔദ്യോഗിക വസതിയിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. 20 മിനിറ്റോളം ഇരുവരും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജേക്കബ് തോമസ് എത്തിയത്. വ്യവസായമന്ത്രി ഇ.പി. ജയരാജനെതിരെ വിജിലൻസ് ത്വരപരിശോധന നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാനാണ് ഡയറക്ടർ എത്തിയതെന്നാണ് സൂചന. ഇന്ന് തന്നെ ജയരാജനെതിരെ ത്വര പരിശോധനയ്ക്ക് ഉത്തരവിട്ടേക്കും.

ബാഗളുരുവിലായിരുന്ന ജേക്കബ് തോമസ് പുലർച്ചെയാണ് തിരുവനന്തപുരത്ത് എത്തിയത്. അതീവ രഹസ്യമായി മുഖ്യമന്ത്രിയെ കാണാനാണ് ആദ്യം അദ്ദേഹമെത്തിയത്. വിവരം പുറത്തുവരാതിരിക്കാൻ ഔദ്യോഗിക വാഹനവും ഒഴിവാക്കി. വിശദമായി തന്നെ ജയരാജൻ വിഷയത്തിൽ കിട്ടിയ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ജേക്കബ് തോമസ് വിശദീകരിച്ചു. ജയരാജനെതിരെ ത്വരപരിശോധന നടത്തേണ്ട ഗൗരവം പരാതികളിലുണ്ടെന്നാണ് വിജിലൻസ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. അത് ചെയ്തില്ലെങ്കിൽ പരാതിക്കാർ കോടതിയെ സമീപിക്കും. കോടതി നിർദ്ദേശം വരുമ്പോഴുള്ള അന്വേഷണത്തേക്കാൾ ഉചിതം വകുപ്പ് തീരുമാനിക്കുന്നതാണെന്നും വ്യക്തമാക്കി. വിജിലൻസിന് സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ന് തന്നെ ത്വരിത പരിശോധനയ്ക്ക് ജേക്കബ് തോമസ് ഉത്തരവിടും. ഈ സാഹചര്യത്തിൽ ജയരാജന് രാജി വയ്‌ക്കേണ്ടത് അനിവാര്യതയായി മാറും. ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടാൽ മാറി നിൽക്കേണ്ടി വരുമെന്ന് ജയരാജന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ സൂചന നൽകിയിട്ടുണ്ട്. പാർട്ടി തലത്തിലും അച്ചടക്ക നടപടിയുണ്ടായേക്കും. സ്വജനപക്ഷപാതം പിണറായി സർക്കാരിൽ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ത്വരപരിശോധന പ്രഖ്യാപിച്ചാൽ ജയരാജൻ മന്ത്രിയായി തുടരുന്നതിലെ ധാർമികതയും ചോദ്യംചെയ്യപ്പെടും. വിജിലൻസ് അന്വേഷണം നേരിട്ടഘട്ടത്തിൽ കെ.ബാബുവിന്റെയും കെ.എം. മാണിയുടേയും രാജി ആവശ്യപ്പെട്ടത് പ്രധാനമായും സിപിഐ(എം). നേതാക്കളായിരുന്നു. അതുകൊണ്ട് തന്നെ ജയരാജന്റെ രാജി അനിവാര്യമാവുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവരാണ് ബന്ധുത്വ നിയമന വിവാദത്തിൽ വിജിലൻസിന് പരാതി നൽകിയത്. ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവ പ്രകാരം അന്വേഷണം അനിവാര്യമെന്നു തന്നെയായിരുന്നു വിജിലൻസ് നിയമോപദേഷ്ടാവിന്റെ നിലപാടും.

ജയരാജന്റെ ബന്ധുവും പി.കെ.ശ്രീമതി എംപിയുടെ മകനുമായ പി.കെ.സുധീർ നമ്പ്യാർക്കു മാനദണ്ഡവും യോഗ്യതയും മറികടന്നു നിയമനം നൽകിയെന്ന പരാതിയിലാണ് ഈ വകുപ്പുകൾ ബാധകമാവുക. വിജിലൻസ് നിയമോപദേഷ്ടാവ് സി.സി.അഗസ്റ്റിൻ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ വിജിലൻസ് ആസ്ഥാനത്തു രാവിലെ യോഗം ചേരും. ഡയറക്ടർ ആവശ്യപ്പെട്ട പ്രകാരമാണു നിയമോപദേശം നൽകിയത്. പൊതു പ്രവർത്തകൻ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ മറ്റുള്ളവർക്കോ അന്യായമായി സഹായം ചെയ്യുക, സർക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുള്ള ശ്രമം നടത്തുക എന്നതാണ് അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി, 15 എന്നിവയുടെ ഉള്ളടക്കം. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ജേക്കബ് തോമസ് ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയായതു കൊണ്ടാണ് കാര്യങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതെന്ന വിശദീകരണമാണ് ജേക്കബ് തോമസ് നൽകുന്നത്. ഇന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഈ യോഗമാകും അന്വേഷണത്തിൽ അന്തിമ തീരുമാനം എടുക്കുക.

സുധീറിനു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി നിയമിക്കപ്പെടാൻ മതിയായ യോഗ്യതയുണ്ടോ, നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന കാര്യങ്ങൾ പരിശോധിക്കേണ്ടി വരും. യോഗ്യതയില്ലെങ്കിൽ എങ്ങനെ സർക്കാർ ഉത്തരവിറങ്ങി, അതു റദ്ദാക്കാനുണ്ടായ സാഹചര്യം എന്നിവയും അന്വേഷിക്കേണ്ടതുണ്ട്. പരാതിയിൽ അന്വേഷണം നിർബന്ധമാണെന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധി ഇതിലും ബാധകമാണെന്ന് വിജിലൻസ് തിരിച്ചറിയുന്നു. അഴിമതി നിരോധന നിയമം 13(1)(ഡി) പ്രകാരം അധികാരസ്ഥാനത്തിരിക്കുന്നവർ തനിക്കോ മറ്റുള്ളവർക്കോ ലാഭമുണ്ടാക്കാൻ ചെയ്യുന്നനടപടികളിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അഴിമതി നിരോധനനിയമം 13(2) പ്രകാരം ഒന്നുമുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം. ജയരാജന്റെ കാര്യത്തിൽ സർക്കാറിനു നഷ്ടമുണ്ടാക്കിയില്ലെന്ന വാദം ഉന്നയിക്കപ്പെടാം. എന്നാൽ 1963ൽ കേരള സർക്കാറും നാരായണൻ നമ്പ്യാർ എന്ന റവന്യു ഇൻസ്‌പെക്ടറും തമ്മിൽ നടന്ന കേസിൽ, സർക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികൾക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികൾ അഴിമതിയാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അഴിമതി നിരോധനനിയമപ്രകാരം കേരളത്തിൽ ഇതുവരെ മന്ത്രിമാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ, ചില പൊതുമേഖലാ സ്ഥാപനമേധാവികൾക്ക് സ്ഥാനം നഷ്ടമായിട്ടുണ്ട്.

ബന്ധുത്വ വിവാദത്തിൽ സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗമായ പി.കെ.ശ്രീമതി എംപിക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ടോയെന്നും വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. ശ്രീമതി പാർലമെന്റ് അംഗമായതിനാൽ അഴിമതി നിരോധന നിയമത്തിലെ രണ്ടാം വകുപ്പ് പൊതുജനസേവകർക്കു നൽകുന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നു. പൊതുജനസേവകയുടെ മകനു നൽകിയ നിയമനമാണ് ആരോപണവിധേയമായിരിക്കുന്നത്. അതിനാലാണു ശ്രീമതിക്കെതിരെയും അന്വേഷണം നടത്തുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവിയെ നിയമിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറിയാണെങ്കിൽ പോലും മന്ത്രിയുടെ നിർദ്ദേശാനുസരണമാവും നടപടിയെന്നും അതുകൊണ്ടുതന്നെ മന്ത്രിക്കും നേരിട്ടു പങ്കുണ്ടെന്നു വിലയിരുത്തപ്പെടാമെന്നും നിയമവൃത്തങ്ങൾ പറഞ്ഞു.

അതിനിടെ ജയരാജന്റെ ഭാവി തീരുമാനിക്കുന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്ച ചേരുന്നുണ്ട്. ഇതിന്റെ മുന്നോടിയായുള്ള അനൗദ്യോഗിക ചർച്ചകളും വ്യാഴാഴ്ചയുണ്ടായേക്കും.ബുധനാഴ്ച മണിക്കൂറുകൾ നീണ്ട കൂടിയാലോചനകളാണ് എ.കെ.ജി. സെന്ററിൽ നടന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർശന തിരുത്തൽ വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കേരള ക്ലേ ആൻഡ് സെറാമിക്‌സിന്റെ ജനറൽ മാനേജരായി ചുമതലയേറ്റ ജയരാജന്റെ സഹോദരന്റെ മകന്റെ ഭാര്യ ദീപ്തി രാജിവച്ചത് ഈ സാഹചര്യത്തിലാണ്. അതിനിടെ മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെ സർക്കാർ അഭിഭാഷകരായി നിയമിച്ചതിനെതിരെ കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിട്ടുണ്ട്.