തിരുവനന്തപുരം: അഗ്‌നിശമനസേന ഡി.ജി.പി സ്ഥാനത്തുനിന്നു ജേക്കബ്‌തോമസിനെ മാറ്റിയ സംഭവം വിവാദത്തിലേക്ക്. നിയമം നടപ്പാക്കിയതിനാണ് തന്നെ സ്ഥലം മാറ്റിയതെന്നും എ.ഡി.ജി.പി ഇരുന്ന സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നും ജേക്കബ് തോമസ് തുറന്നടിച്ചു. തന്നെ മാറ്റിയതു സംബന്ധിച്ച് ഇതുവരെ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാൽ ഇക്കാര്യത്തിൽ മറുപടി നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജേക്കബ് തോമസിനെ മാറ്റാൻ തീരുമാനിച്ചത്. പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷനിലേക്കാണ് മാറ്റം. എ.ഡി.ജി.പി അനിൽകാന്തിനാണ് അഗ്‌നിശമന സേനയുടെ ചുമതല.

വിദേശത്താണ് ഇപ്പോൾ ജേക്കബ് തോമസ്. അവധി നീട്ടുന്നത് പോലും പരിഗണിക്കുമെന്ന് ജേക്കബ് തോമസ് അറിയിച്ചു. തന്നെ എഡിജിപിയായി തരംതാഴ്‌ത്തിയത് പോലെയാണ് തോന്നുന്നത്. താനിറക്കിയ ഉത്തരവുകൾ ആരും കോടതിയിൽ ചോദ്യം ചെയ്തില്ല. അതിൽ നിയമപരമായ വീഴ്ചയുണ്ടെങ്കിൽ കോടതി സമീപിക്കാമായിരുന്നു. അത് ചെയ്യാതെ നടന്ന കള്ളക്കളിയാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് ജേക്കബ് തോമസിന്റെ നിരീക്ഷണം. ഉത്തരവുകളിൽ തെറ്റില്ലാത്തതു കൊണ്ടാണ് ആരും കോടതിയെ സമീപിക്കാത്തത്. അതുകൊണ്ട് തന്നെ തന്റെ ഉത്തരവുകൾ ഭരണ സൗകര്യത്തിന് വിഘാതമാണെന്ന വാദമുയർത്തിയുള്ള സ്ഥലം മാറ്റം ശരിയല്ലെന്നും ജേക്കബ് തോമസ് പറയുന്നു. ഉത്തരവ് പുറത്തിറങ്ങിയാൽ കൂടുതൽ പ്രതികരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. ഫ്ളാറ്റ് ഉടമകളുടെ സമ്മർദമാണോ മാറ്റത്തിന് കാരണമെന്ന് ഇപ്പോൾ പറയില്ലെന്നും അദ്ദേഹം പറയുന്നു.

ഉത്തരവ് കിട്ടിയിട്ടില്ല. കൺസ്ട്രക്ഷൻ എംഡിയായി താൻ ചുമതലയേക്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. എന്തായാലും എഡിജിപി ഇരുന്ന തസ്തികയിലേക്ക് താൻ പോകില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. നിയമപ്രകാരം നടപടിയെടുത്തതിനാണ് സ്ഥലം മാറ്റമെന്ന വിമർശനമാണ് ഡിജിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ ഉയർത്തുന്നത്. പാറ്റൂർ കേസിലെ ഇടപെടലുകൾ പോലും ഇതിന് കാരണമായെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. ഇപ്പോൾ വിദേശത്താണ് ജേക്കബ് തോമസ് ഉള്ളത്. എന്തായാലും പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന സൂചനയാണ് ജേക്കബ് തോമസ് നൽകുന്നത്. എന്നാൽ ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നാണ് ജേക്കബ് തോമസിന്റെ സ്ഥലം മാറ്റത്തോടുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം. മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഫയർഫോഴ്‌സ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയത് ഫ്‌ളാറ്റ് ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ പ്രസ്താവനയിൽ ആരോപിച്ചു. ഫയർഫോഴ്‌സ് ഡയറക്ടറായി ജേക്കബ് തോമസ് സ്ഥാനമേറ്റപ്പോൾ പുറപ്പെടുവിച്ച ഉത്തരവുകൾ ഫ്‌ളാറ്റ് ഉടമകളുടെ താൽപര്യത്തിന് എതിരായിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും, നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലിയുമാണ് ഈ സ്ഥലം മാറ്റത്തിന് പിറകിൽ പ്രവർത്തിച്ച ശക്തികൾ. പതിനായിരക്കണക്കിന് ആളുകളുടെ ജീവന്റെ വിലയാണ് ഈ സ്ഥലംമാറ്റത്തിലൂടെ കൈമാറിയിരിക്കുന്നതെന്നും വി എസ് പറഞ്ഞു.

പൊലീസ് ഹൗസിങ് സൊസൈറ്റി മേധാവിയായാണ് ജോക്കബ് തോമസിന്റെ പുതിയ നിയമനം. എ.ഡി.ജി.പി റാങ്കിലുള്ള ആൾ മേധാവിയായിരുന്ന സ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള തന്നെ നിയമിച്ചതിലാണ് അദ്ദേഹത്തിന് പ്രതിഷേധം. ചുമതലയിൽ നിന്ന് മാറ്റിയത് അറിയിച്ചിട്ടില്ലെന്നും സർക്കാരിന്റെ അറിയിപ്പ് കിട്ടിയാൽ മറുപടി നൽകുമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായാണ് താൻ നിലകൊണ്ടതുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫ് ളാറ്റ് ഉടമകളുടെ അപ്രീതിയാണ് ജേക്കബ് തോമസിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ഫ് ളാറ്റ് നിർമ്മാണത്തിൽ കർശന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജേക്കബ് തോമസ് നിർദ്ദേശിച്ചിരുന്നു. മന്ത്രിസഭയുടെ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

ഫ്ളാറ്റ് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിനാണ് ജേക്കബ്‌തോമസിനെ മന്ത്രിസഭ സ്ഥലം മാറ്റിയതെന്നും വ്യക്തമാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് അദ്ദേഹത്തെ മാറ്റണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടത്. നഗരമന്ത്രി മഞ്ഞളാംകുഴി അലിയാണ് ഫയർഫോഴ്‌സ് മേധാവിയുടെ ഇടപെടലുകളിൽ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത്. ഇത് ചൂണ്ടിയായിരുന്നു ആഭ്യന്തരമന്ത്രിയുടെ നീക്കം. എല്ലാ മന്ത്രിമാരും നീക്കത്തെ പിന്തുണച്ചു. കെട്ടിട നിർമ്മാണത്തിൽ അഗ്‌നിശമന സേനയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജേക്കബ് തോമസ് നിർദേശിച്ചിരുന്നു. ഈ നിലപാടിൽ മന്ത്രിമാർക്ക് എതിർപ്പുണ്ടായിരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് അഗ്‌നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്‌ളെ ന്ന് വ്യക്തമാക്കി അദ്ദേഹം പുറത്തിറക്കിയ സർക്കുലറും മന്ത്രിമാരുടെ എതിർപ്പിനിടയാക്കി.

അഗ്‌നിശമന മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് അനുമതി നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ഭരണ നേതൃത്വത്തിലുള്ള പലരും ജേക്കബ് തോമസിനെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. നാല് മാസം മുമ്പാണ് ജേക്കബ് തോമസിനെ ഫയർഫോഴ്‌സ് മേധാവിയായി നിയമിച്ചത്. വിജിലൻസ് എ.ഡി.ജി.പിയായിരുന്ന അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയാണ് ഫയർഫോഴ്‌സ് മേധാവിയാക്കിയത്. ബാർ കോഴ കേസ് അട്ടിമറിക്കാനാണ് ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് മാറ്റിയതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിനെ ഫയർഫോഴ്‌സിൽ നിന്ന് മാറ്റി ഹൗസിങ് സൊസൈറ്റി മേധാവിയായി നിയമിച്ചത്. എഡിജിപി എസ്.അനിൽകാന്താണ് പുതിയ ഫയർഫോഴ്‌സ് മേധാവി.