തിരുവനന്തപുരം: നവാഗത സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രം വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. മലയാളി നഴ്സുമാർ ഇറാഖിൽ ബന്ധികളാക്കപ്പെടുന്നതും പിന്നീട് അവരെ രക്ഷിക്കുന്നതിന്റേയും കഥ പറഞ്ഞ ചിത്രം വേറിട്ട അനുഭവം തന്നെയാണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ ദിവസം ചിത്രം കണ്ട മുൻ വിജിലൻസ് ഡയറക്ടർക്കും ചിത്രത്തെക്കുറിച്ച് വലിയ മതിപ്പ്. മികച്ച ചിത്രമെന്നാണ് ജേക്കബ് തോമസ് ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വന്ന മികച്ച പ്രതികരണമാണ് ചിത്രം കാണാൻ തീരുമാനിച്ചതിന് പിന്നിലെന്ന് ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജേക്കബ് തോമസിന് പുറമേ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവരും ചിത്രം കണ്ടു.

ടേക്ക് ഓഫ് എന്ന സിനിമ ഇഷ്ടപെടാനുള്ള കാരണങ്ങളെക്കുറിച്ചും ജേക്കബ് തോമസ് മറുനാടൻ മലയാളിയോട് വിശദീകരിച്ചു. പാർവ്വതിയുടെ അഭിനയമാണ് ചിത്രത്തിൽ ജേക്കബ് തോമസിനെ ആകർഷിച്ച മൂന്ന് ഘടകങ്ങളിൽ ഒന്ന്. യാതൊരു നാടകീയതയുമില്ലാതെ സ്വാഭാവികായ അഭിനയത്തിലൂടെ അവർ വേറിട്ട് നിന്നതായി ജേക്കബ് തോമസ് പറയുന്നു. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പാർവതിയുടെ അഭിനയം നാച്വറലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അഭിനയത്തിലുപരി കഥാപാത്രമായി അവർ ജീവിക്കുകയായിരുന്നു.

നഴ്സുമാരുടെ ജീവിതം വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. അവരുടെ അവസ്ഥ എന്താണെന്ന് ചിത്രം ശരിക്കും മനസ്സിലാക്കി തരുന്നു. ജീവിതത്തിൽ നഴ്സുമാർക്ക് നേരിടേണ്ടി വരുന്നപ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജോലിയിൽ അവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ചിത്രത്തിൽ പറയുന്നുണ്ട്. വിദേശ രാജ്യങ്ങളിലുൾപ്പടെ പോയി ജോലി ചെയ്യേണ്ടി വരുന്ന അനേകം നഴ്സുമാരുടെ അവസ്ഥ മനസ്സിലാക്കാനാകും. പലരും ലോണെടുത്തും മറ്റുമെല്ലാം പഠിച്ചവരാണ്. അതൊക്കെ തിരിച്ചയട്ക്കാനും വേണ്ടിയാണ് ഇത്രയും കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്നത്. വലിയ റിസ്‌കാണ് നഴ്സിങ്ങ് ജോലി. ആശുപത്രികളിൽ പലവിധ എമർജിൻസികൾ ഉണ്ടാകുമ്പോൾ നഴ്സുമാർ മികച്ച ജോലി ചെയ്യുന്നു. ലോകത്താകമാനമുള്ള നഴ്സുമാരിൽ മികച്ച് നിൽക്കുന്നത് മലയാളി നഴ്സുമാരാണ് എന്ന സന്ദേശമുണ്ട് ചിത്രത്തിൽ.

നഴ്സുമാർ എന്തുകൊണ്ട് വിദേശത്തേക്ക് പോകുന്നു, നാട്ടിൽ എന്തുകൊണ്ട് നല്ല ശമ്പളം ലഭിക്കുന്നില്ല തുടങ്ങിയവയെല്ലാം ചിത്രത്തിൽ വിശദമായി പറയുന്നുണ്ട്. നാട്ടിൽ അവർ ശമ്പളമില്ലാത്തതിന്റെയൊക്കെ പേരിൽ സമരം ചെയ്തതൊക്കെ ന്യായമായ കാര്യങ്ങളാണെന്നും അവർ ചെയ്യുന്ന ജോലിയുടെ മഹത്വം വളരെ വലുതാണെന്നുമാണ് മനസ്സിലാക്കാൻ കഴിയുന്നത്. എംബസി ഉദ്യോഗസ്ഥനായി വന്ന ഫഹദ് ഫാസിലിന്റെ അഭനയവും മികച്ചത് തന്നെ. വഴിവിട്ട രീതിയിൽ ഇടപെട്ട് മേലുദ്യോഗസ്ഥരുടെ ഓർഡർ മാത്രം അനുസരിക്കാതെ പ്രവർത്തിച്ചതുകൊണ്ടാണ് ആ ഉദ്യോഗസ്ഥന് ഈ നഴ്സുമാരെ രക്ഷിക്കാനായത്. ഓരോ ഉദ്യോഗസ്ഥരും സാഹചര്യത്തിനനുസരിച്ച് നിയമം നോക്കാതെ റിസ്‌കെടുത്ത് അകലെയുള്ളവർ പറയുന്നത് മാത്രം കേൾക്കാതെ ഏറ്റവും നല്ല തീരുമാനം കൈക്കൊണ്ട ആ ഉദ്യോഗസ്ഥന്റെ ഇടപെടൽ ചിത്രത്തെ വേറിട്ടതാക്കുന്നു.

ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ അധിക്ഷേപിക്കാറുണ്ട്. ചട്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകാതെ പണ്ടെപ്പഴോ ആരോ നിർമ്മിച്ച നിയമം മാത്രം നോക്കി പ്രവർത്തിച്ചാൽ അവരെ രക്ഷിക്കാനാകുമായിരുന്നില്ല. കാലഹരണപ്പെട്ട നിയമങ്ങൾക്കുള്ള ഒരു ചുട്ട മറുപടികൂടിയാണ് ചിത്രത്തിലെ എംബസി ഉദ്യോഗസ്ഥന്റെ തീരുമാനമെന്നും ജേക്കബ് തോമസ് പറയുന്നു. മികച്ച സന്ദേശങ്ങൾ പൊതു സമൂഹത്തിന് നൽകുന്ന ഇത്തരം ചിത്രങ്ങളാണ് തനിക്ക് പ്രിയപ്പെട്ടവയെന്നും ജേക്കബ് തോമസ് പറയുന്നു.സത്യൻ
അന്തിക്കാടിന്റെ സന്ദേശം, വരവേൽപ്, ശ്രിനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയവയും തനിക്ക് പ്രിയപ്പെട്ടവയാണെന്ന് ജേക്കബ് തോമസ് മറുനാടനോട് പറഞ്ഞു.

'വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ഒരു സിനിമയായിരുന്നു ടേക്ക് ഓഫ് എന്നാണ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറയുന്നത്.. കാലികമായ ഒരു വിഷയത്തെ ആസ്പദമാക്കി ഇത്ര മനോഹരമായി സംവിധാനം ചെയ്ത സിനിമ. തുടക്കത്തിൽ ചെറിയൊരു ബോറടി തുടങ്ങിയെങ്കിലും കഥ മുന്നേറുമ്പോഴേക്കും ഉജ്വലമാക്കിയിരിക്കുന്നു. അനാവശ്യമായി ഒരു സീൻ പോലും ഉള്ളതായി തോന്നിയില്ല. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത പാർവതിയുടെ മികവുറ്റ അഭിനയമാണ്. എത്ര റിയലിസ്റ്റിക്കായാണ് ആ കുട്ടി അഭിനയിച്ചിരിക്കുന്നത്. ഫഹദിന്റെ വേഷം ചെറുതാണെങ്കിലും നന്നായിട്ടുണ്ട്. നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യം സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു.'

ഇറാഖിൽ നിന്ന് നാൽപ്പതിലധികം നഴ്‌സുമാർ തീവ്രവാദികളുടെ തോക്കിൻ മുനകളിൽ നിന്ന് നാട്ടിലേക്കുള്ള എയർലൈൻസ് പിടിക്കുമ്പോൾ അന്ന് നോർക്കയുടെ സെക്രട്ടറി കൂടിയായിരുന്നു ജിജി തോംസൺ. ഒരുപക്ഷെ ടേക്ക് ഓഫിലെ ഫഹദിന്റെ റോളിനോട് ചേർന്നു നിൽക്കുന്ന വേഷം. 'എനിക്ക് നന്നായി അറിയാം ആ വിഷയത്തിലുണ്ടായ പ്രശ്നങ്ങൾ. ഫഹദിന്റെ അഭിനയത്തെ കുറിച്ചു എത്ര പറഞ്ഞാലും മതിയാകില്ല. ആ വേഷം കിട്ടിയെങ്കിൽ ചെയ്യാമായിരുന്നു എന്ന് പോലും തോന്നിയെന്നും ജിജി തോംസൺ പറയുന്നു. ടേക്ക് ഓഫ് പോലെ ഒരു സിനിമ മറ്റൊരു ഭാഷയിലെടുത്താൽ അത് അവർക്ക് മനസ്സിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, കാരണം നമ്മുടെ മുന്നിൽ നമ്മൾ കണ്ട ഒരു സത്യമാണല്ലോ!'

സത്യസന്ധമായ ജീവിതങ്ങൾ സിനിമയാകുമ്പോൾ അതുമായി ബന്ധപ്പെട്ടവർക്ക് അതിനെ എളുപ്പത്തിൽ ഉൾക്കൊള്ളാനാകും, ജിജി തോംസൺ സിനിമയിലെ ജീവിതത്തെ കുറിച്ച് പറയുന്നു. 'സിനിമയിൽ ഒരിടത്ത് ഒരു കഥാപാത്രം പറയുന്നുണ്ട്, ശമ്പളം ഇല്ലാതെ ഞങ്ങൾ നാട്ടിലേയ്ക്ക് പോകില്ല, പോയിട്ട് എന്ത് കാര്യം, അവരുടെ ജീവിതത്തിലെ ഒരു സത്യമായ കാര്യമാണത്''.പല രാജ്യങ്ങളിൽ നിന്നുള്ള പല നഴ്‌സുമാരുടെ ജീവിതങ്ങളും കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെയാകാം ഈ സിനിമ കണ്ടപ്പോൾ കൂടുതൽ വൈകാരികമായി തോന്നിയതെന്നും ജിജി തോംസൺ പറയുന്നു.