- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയ്ക്കെതിരെ കേസ് കൊടുക്കാൻ അനുവാദം ചോദിച്ച് ജേക്കബ് തോമസ് ഡിജിപിക്ക് കത്തുകൊടുത്തു; തലവേദന ചീഫ് സെക്രട്ടറിക്ക് കൈമാറി സെൻകുമാർ; രണ്ടും കൽപ്പിച്ചിറങ്ങിയ ഉദ്യോഗസ്ഥന്റെ നീക്കത്തിൽ ഭയന്ന് സർക്കാർ
തിരുവനന്തപുരം: ഫ്ളാറ്റ് മാഫിയയ്‌ക്കെതിരേ നടപടിയെടുത്ത തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നിയമനടപടിക്ക് അനുവാദം തേടി ഡിജിപി ജേക്കബ് തോമസ് നൽകിയ കത്ത് സർക്കാരിന് പുലിവാലാകുന്നു. കത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് അറിയാതെ പാടുപെടുകയാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ. ഈ കത്ത് തള്ളിക്കളയാതിരിക്കാൻ ഔ
തിരുവനന്തപുരം: ഫ്ളാറ്റ് മാഫിയയ്‌ക്കെതിരേ നടപടിയെടുത്ത തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ നിയമനടപടിക്ക് അനുവാദം തേടി ഡിജിപി ജേക്കബ് തോമസ് നൽകിയ കത്ത് സർക്കാരിന് പുലിവാലാകുന്നു. കത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് അറിയാതെ പാടുപെടുകയാണ് ചീഫ് സെക്രട്ടറി ജിജി തോംസൺ. ഈ കത്ത് തള്ളിക്കളയാതിരിക്കാൻ ഔദ്യോഗിക നടപടി ക്രമങ്ങളെല്ലാം ജേക്കബ് തോമസ് പാലിച്ചിട്ടുണ്ട്. പൊലീസുകാരനായതിനാൽ കത്ത് സംസ്ഥാന പൊലീസ് മേധാവിക്കാണ് അയച്ചത്. കത്തിലെ അപകടം മണത്തറിഞ്ഞ് പൊലീസ് മേധാവി, ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഡി.ജി.പി: ടി.പി. സെൻകുമാർ ചീഫ് സെക്രട്ടറി ജിജി തോംസണെ ഏൽപിച്ച കത്ത് ഇന്നലെ രാത്രി മുഖ്യമന്ത്രിക്കു കൈമാറി.
ജേക്കബ് തോമസിന്റെ കേസിൽ മുഖ്യമന്ത്രിക്ക് എതിരെ കോടതിയുടെ പരാമർശങ്ങളെത്തിയാൽ അത് സർക്കാരിന് തലവേദനയാകും. ജേക്കബ് തോമിസന്റേത് ന്യായമായ ആവശ്യമാണ്. അതുകൊണ്ട് തന്നെ അനുമതി നിഷേധിക്കാനും കഴിയില്ല. അതുണ്ടായാൽ സർക്കാരിന്റെ ഭയമായും വ്യാഖ്യാനിക്കും. അങ്ങനെ എല്ലാം കൊണ്ടും ഇരുതല മൂർച്ചയുള്ള വാളാണ് ജേക്കബ് തോമസിന്റെ കത്ത്. ഈ സാഹചര്യത്തിലാണ് കത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിക്ക് തന്നെ ചീഫ് സെക്രട്ടറി കൈമാറിയത്. ഈ സാർക്കാർ നേരിടുന്ന ഏറ്റവും വലിയ അഗ്നി പരീക്ഷണങ്ങളിലൊന്നായി ഇതു മാറും. നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു കത്ത് നൽകിയെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഈ കത്ത് ചർച്ചയാകും.
10 ദിവസത്തിനകം മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ അനുവദിക്കണമെന്നു ജേക്കബ് തോമസ് കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നത്. ജനാഭിലാഷം നിറവേറ്റിയ ഐ.പി.എസ്. ഉദ്യോഗസ്ഥനാണു താനെന്ന് പൊലീസ് മേധാവിക്കു നൽകിയ കത്തിൽ ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ഫ്ളാറ്റ് മാഫിയയെ നിയന്ത്രിക്കാൻ നടപടിയെടുത്തതു ജനസുരക്ഷയ്ക്കായാണ്. നിയമം നടപ്പാക്കിയ തന്നെ ജനവിരുദ്ധനെന്നും സർക്കാർ നയങ്ങൾ അനുസരിക്കാത്തവനെന്നും മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തി. സർക്കാരിന്റെ ഇച്ഛയ്‌ക്കൊത്തു നിൽക്കാത്തവരെ നിലയ്ക്കുനിർത്തുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണു നിയമനടപടി തേടുന്നത്. ഈ വിഷയത്തിൽ ജേക്കബ് തോമസിന് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിനുള്ള മറുപടിയിലും ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതോടെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ എത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് എതിരെ കേസ് കൊടുക്കാൻ അനുമതി തേടിയുള്ള കത്ത്.
മൂന്നുനിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങളിൽ തീപിടിത്തമൊഴിവാക്കാൻ നടപടിയെടുത്ത താൻ വികസനവിരോധിയും സർക്കാർവിരുദ്ധനുമാണെന്നാണു മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീർത്തികരമാണ്. ഉയർന്ന ഉദ്യോഗസ്ഥനെന്ന പരിഗണനപോലും അദ്ദേഹം തനിക്കു നൽകിയില്ല. തനിക്കുശേഷം ഫയർഫോഴ്‌സ് മേധാവിയായ എ.ഡി.ജി.പി: അനിൽകാന്തും തന്റെ നിലപാടുകൾ ശരിയാണെന്നു സർക്കാരിനെ അറിയിച്ചിരുന്നു. എന്നിട്ടും മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കുകയോ തിരുത്തുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിക്കെതിരേ സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത്. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടായില്ലെങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നു ജേക്കബ് തോമസ് കത്തിൽ ആവശ്യപ്പെടുന്നു.
ബാർ കോഴക്കേസിലെ വിജിലൻസ് കോടതി ഉത്തരവു സംബന്ധിച്ച്, സത്യം ജയിച്ചെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഫ്ളാറ്റ് മാഫിയയെ നിയന്ത്രിച്ചതിന്റെ പേരിലാണു ഫയർഫോഴ്‌സ് മേധാവിസ്ഥാനത്തുനിന്നു തന്നെ നീക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേത്തുടർന്നു ജേക്കബ് തോമസിനോടു സർക്കാർ വിശദീകരണമാവശ്യപ്പെട്ടു. എന്നാൽ, മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വിമർശിച്ചിട്ടില്ലെന്നും സർക്കാർനയം നടപ്പാക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിനിടെയാണ് അനിൽകാന്തിന്റെ റിപ്പോർട്ട് എത്തിയത്. ജേക്കബ് തോമസ് ചെയ്തതിൽ ഒരു തെറ്റുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റേയും കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് എതിരെ നീങ്ങാൻ ജേക്കബ് തോമസ് തയ്യാറായത്.
സുരക്ഷാചട്ടങ്ങൾ ലംഘിച്ചു പടുത്തുയർത്തിയ 77 വൻകിടകെട്ടിട ഉടമകൾക്കെതിരേ നടപടിയെടുത്ത ജേക്കബ് തോമസിനെ വിമർശിച്ചു പൊലീസ് മേധാവി സെൻകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതും വിവാദമായിരുന്നു. സർക്കാരിനെതിരേ പരാതിയുണ്ടെങ്കിൽ അരവിന്ദ് കെജ്‌രിവാളിനെപ്പോലെ ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങാനായിരുന്നു സെൻകുമാറിന്റെ ഉപദേശം.