തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ കൈക്കൂലിക്കേസിൽ കുടുക്കാനുള്ള നീക്കം പൊളിച്ചത് എഡിജിപി ജേക്കബ് തോമസ്. ആൾദൈവം സന്തോഷ് മാധവനെ ഉപയോഗിച്ച് ചിലർ നടത്തിയ ഗൂഢനീക്കമാണ് തകർത്തത്. 2006ൽ തലയോലപ്പറമ്പിലെ ലോഡ്ജിൽവച്ച് പണം കൈമാറിയെന്ന സന്തോഷ് മാധവന്റെ മൊഴി വ്യാജമാണെന്നു അതിസമർത്ഥമായാണ് ജേക്കബ് തോമസ് തെളിയിച്ചത്.

സംഭവം വിവാദമാക്കി രക്ഷപ്പെടാനാണ് സന്തോഷ് മാധവൻ ശ്രമിച്ചതെന്നായിരുന്നു കണ്ടെത്തൽ. ഉന്നതരായ ചിലരുടെ പിന്തുണ അയാൾക്ക് ഉള്ളതായി സംശയിക്കുന്നെന്നും ജേക്കബ് തോമസ് അന്നത്തെ വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിനെ അറിയിച്ചു. ഇക്കാര്യം അദ്ദേഹം ഫയലിൽ രേഖപ്പെടുത്തി. ഇതോടെ സർക്കാർ വെട്ടിലായി. തുടർന്ന് കേസന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള ഫയൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് ആ കേസ് പൊളിഞ്ഞത്.

വി.എ. അരുൺകുമാറിലൂടെ വി.എസിനെ അപകീർത്തിപ്പെടുത്താനും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കാനും നടത്തിയ നീക്കമാണ് ഇതെന്നായിരുന്നു ജേക്കബ് തോമസിന്റെ കണ്ടെത്തൽ. ലൈംഗിക പീഡനക്കേസിൽ പ്രതിയായി പൂജപ്പുര സെൻട്രൽ ജയിലിലായിരിക്കെയാണ് സന്തോഷ് മാധവൻ, വി.എ. അരുൺകുമാറിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ചത്. കോട്ടയത്ത് ഏഴര ഏക്കർ പാടം നികത്താൻ സഹായിക്കാമെന്നു പറഞ്ഞ് അരുൺകുമാർ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം വിജിലൻസിനു കൈമാറി.

അന്വേഷിച്ച് മുഴുവൻ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവിന് ഇക്കാര്യത്തിൽ പങ്കുണ്ടോയെന്നു രഹസ്യാന്വേഷണം നടത്തണമെന്നും വിജിലൻസ് ഡയറക്ടർക്ക് സർക്കാർ നിർദ്ദേശം നൽകി. ആദ്യം അന്വേഷിച്ച വിജിലൻസ് സംഘം കേസുമായി ബന്ധപ്പെട്ട് വി.എസിന്റെ മൊഴിയെടുക്കാൻ തീരുമാനിച്ചു. ഇതിനിടെയാണ് ജേക്കബ് തോമസ് വിജിലൻസിൽ ചുമതലയേറ്റത്. പ്രത്യേകസംഘത്തിന്റെ അന്വേഷണരീതിയിൽ സംശയം തോന്നിയ അദ്ദേഹം കേസിന്റെ മുഴുവൻ രേഖകളും തന്റെ ഓഫീസിലെത്തിക്കാൻ ആവശ്യപ്പെട്ടു. ഫയൽ ജേക്കബ് തോമസിന്റെ മുന്നിലെത്തിയപ്പോൾ സന്തോഷ് മാധവന്റെ ആരോപണങ്ങൾ പൊള്ളയാണെന്നു തെളിഞ്ഞു. കേസന്വേഷണത്തിനിടയിൽ ലഭിച്ച മൊഴിയാണ് നിർണായകമായത്.

അരുൺകുമാറിനെതിരേ മൊഴി നൽകണമെന്നു തന്റെമേൽ സമ്മർദം ഉണ്ടായിരുന്നെന്ന് സാക്ഷി അറിയിച്ചതോടെയാണ് ഗൂഢാലോചന വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വനിതാ അഭിഭാഷകയെയും മൂന്നു സിപിഐ(എം). നേതാക്കളെയും വിജിലൻസ് ചോദ്യംചെയ്തു. 2006ൽ തലയോലപ്പറമ്പിലെ ലോഡ്ജിൽവച്ച് പണം കൈമാറിയെന്ന സന്തോഷ് മാധവന്റെ മൊഴി വ്യാജമാണെന്നു തെളിഞ്ഞു. കോഴ നൽകാനായി തന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ പിൻവലിച്ചെന്നു സന്തോഷ് മാധവൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തുക മറ്റൊരു ഇടപാടിന് അയാൾ ചെലവഴിച്ചതായി വിജിലൻസ് കണ്ടെത്തി. ഇതോടെയാണ് കേസ ഇല്ലാതെയായത്.