- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട': പിണറായിക്ക് മുന്നറിയിപ്പുമായി യാക്കോബായ സഭ; ഇടതുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന സഭയ്ക്ക് മനംമാറ്റം ഭരണമാറ്റത്തിനുള്ള സാധ്യത വർധിച്ചതോടെ; സഭാതർക്കത്തിൽ നിയമ നിർമ്മാണം ആവശ്യപ്പെട്ട് സമരം ശക്തമാക്കും
കൊച്ചി: ഓർത്തഡോക്സ് -യാക്കോബായ സഭാതർക്കം മുതലെടുത്തു ഇടതുപക്ഷത്തേക്ക് വോട്ടുമറിക്കാനുള്ള പിണറായി സർക്കാറിന്റെ തന്ത്രങ്ങൾക്ക് മേൽ കരിനിഴൽ. യുഡിഎഫിന് സാധ്യത വർദ്ധിച്ചതോടെ മറുകണ്ടം ചാടാനുള്ള സാധ്യതയും തുറന്നിടുകയാണ് യാക്കോബായ സഭാ നേതൃത്വം. ഓർഡിനൻസ് ഇറക്കാൻ വേണ്ടി വിഷയത്തിൽ സർക്കാറിന് മേൽ സമ്മർദ്ദം ശക്തമാക്കി.
പള്ളിത്തർക്കത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ ഇന്ന് രംഗത്തുവന്നു. സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട. നിയമനിർമ്മാണത്തിനായി സമരം ശക്തമാക്കും. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ നാളെ പ്രാർത്ഥന നടത്തുമെന്നും സഭ അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. അനിശ്ചിതകാല റിലേ നിരാഹാര സമരമാണ് ആരംഭിക്കുക. സഭാതർക്കത്തിൽ നിയമനിർമ്മാണം ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളിൽ കയറി പ്രാർത്ഥന നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സഭ തർക്കം പരിഹരിക്കാൻ നിയമം നിർമ്മിക്കുക, പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങിയിരുന്നു. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം ശക്തമാക്കിയത്.
സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസ് കൊണ്ടുവരുമെന്ന് കാത്തിരിക്കുന്നു എന്ന് ഫാ. തോമസ് മോർ അലക്സന്ത്രിയോസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഓർഡിനൻസ് ഇറക്കിയില്ലെങ്കിൽ സഭാ ഭൂരിപക്ഷ മേഖലകളിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത് ആലോചിക്കുമെന്ന് സഭാ വൈദിക ട്രസ്റ്റി അറിയിച്ചതും സർക്കാറിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാകുന്ന കാര്യമാണ്. യുഡിഎഫിനേയും തങ്ങൾ പൂർണമായി വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും യാക്കോബായ സഭ വിശദമാക്കിയെങ്കിലും രാഷ്ട്രീയ സാഹചര്യം മാറുന്നത് അനുസരിച്ച് നിലപാടും മാറ്റാൻ ഒരുങ്ങുകയാണ് സഭ.
യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആലുവ പാലസിലെത്തി മുഖ്യമന്ത്രിയെ കണ്ടിട്ടും ഓർഡനിൻസിന്റെ കാര്യത്തിൽ ഉറപ്പൊന്നും നൽകാത്ത സാഹചര്യത്തിലാണ് സഭയുടെ പുതിയ നീക്കം. അങ്ങനെ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അകമഴിഞ്ഞ പിന്തുണ എൽ ഡി എഫ് പ്രതീക്ഷിക്കേണ്ടെന്നാണ് ഇവരുടെ നിടലപാട്.
സെമിത്തേരി ബില്ലടക്കം ഇടതുസർക്കാരിന്റെ ഭാഗത്തുനിന്ന് സഭയ്ക്ക് പിന്തുണ കിട്ടിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം തിരച്ചും സഹായിച്ചിട്ടുണ്ട്. ഓർഡിനൻസിന്റെ കാര്യത്തിൽ ഉറപ്പുനൽകാൻ തങ്ങളെ വന്നുകണ്ട യുഡിഎഫിനും കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അവരെയും പൂർണവിശ്വാസത്തിൽ എടുക്കുന്നില്ലെന്നും യാക്കോബായ സഭ വിശദമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ