- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനകീയ വീടിന് കല്ലിടൽ' നടത്തി മുങ്ങിയ എംഎൽഎ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കണ്ണുതുറന്ന് കാണുക; വാഗ്ദാനം നൽകി പറ്റിക്കുന്നവരുടെ കണ്ണുതുറക്കാൻ അനുമോൾ തമ്പിക്ക് സ്വപ്നവീടൊരുക്കി യാക്കോബായ സഭ; ആറരലക്ഷം മുടക്കി പണിത വീട്ടിലേക്ക് താമസംമാറ്റി കേരളത്തിന് ദേശീയ റെക്കോർഡുകൾ സമ്മാനിച്ച കായികതാരവും കുടുംബവും
ഇടുക്കി: ജനപ്രതിനിധികൾ വാഗ്ദാനം നൽകി മുങ്ങിയതോടെ സ്വന്തമായി വീട് ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തിന് അഭിമാനമായി നിരവധി ദേശീയ റെക്കോർഡുകൾ അടക്കം വാരിക്കൂട്ടിയ കായികതാരം അനുമോൾ തമ്പിയും കുടുംബവും. എന്നാൽ നാട്ടിൽ നൽകിയ സ്വീകരണ യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വൻ വാഗ്ദാനം നൽകിയെങ്കിലും പിന്നീട് ആരേയും ആ വഴി കണ്ടില്ല. ഇതോടെ താരത്തിന് വീടൊരുക്കാൻ യാക്കോബായ സഭ മുന്നിട്ടിറങ്ങുകയും അനുമോൾ തമ്പിക്കും കുടുംബത്തിനായി വീട് നിർമ്മിച്ചു നൽകുകയും ചെയ്തിരിക്കുകയാണ്. ഒന്നര വർഷം മുൻപ് ദേശീയ റെക്കോർഡുകൾ ലഭിച്ച് ജന്മനാടായ കമ്പിളിക്കണ്ടത്തെത്തിയ കളത്തിൽ അനുമോൾ തമ്പിക്ക് പാറത്തോട്ടിൽ വൻ സ്വീകരണം നൽകിയിരുന്നു. സമ്മേളനത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി ജനങ്ങളെയും മാധ്യമങ്ങളെയും സാക്ഷിയാക്കി എംഎൽഎ. അടക്കമുള്ളവർ 'ജനകീയവീടിന് കല്ലിടൽ' എന്ന പേരിൽ നടത്തിയ ആഘോഷത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞ ശേഷവും പണി ആരംഭിച്ചിരുന്നില്ല. ആ വേദിയിൽ വച്ച് ഒരു വ്യവസായി നല്ലൊരു തുക സംഭാവന
ഇടുക്കി: ജനപ്രതിനിധികൾ വാഗ്ദാനം നൽകി മുങ്ങിയതോടെ സ്വന്തമായി വീട് ലഭിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്തിന് അഭിമാനമായി നിരവധി ദേശീയ റെക്കോർഡുകൾ അടക്കം വാരിക്കൂട്ടിയ കായികതാരം അനുമോൾ തമ്പിയും കുടുംബവും.
എന്നാൽ നാട്ടിൽ നൽകിയ സ്വീകരണ യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വൻ വാഗ്ദാനം നൽകിയെങ്കിലും പിന്നീട് ആരേയും ആ വഴി കണ്ടില്ല. ഇതോടെ താരത്തിന് വീടൊരുക്കാൻ യാക്കോബായ സഭ മുന്നിട്ടിറങ്ങുകയും അനുമോൾ തമ്പിക്കും കുടുംബത്തിനായി വീട് നിർമ്മിച്ചു നൽകുകയും ചെയ്തിരിക്കുകയാണ്.
ഒന്നര വർഷം മുൻപ് ദേശീയ റെക്കോർഡുകൾ ലഭിച്ച് ജന്മനാടായ കമ്പിളിക്കണ്ടത്തെത്തിയ കളത്തിൽ അനുമോൾ തമ്പിക്ക് പാറത്തോട്ടിൽ വൻ സ്വീകരണം നൽകിയിരുന്നു. സമ്മേളനത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിരവധി ജനങ്ങളെയും മാധ്യമങ്ങളെയും സാക്ഷിയാക്കി എംഎൽഎ. അടക്കമുള്ളവർ 'ജനകീയവീടിന് കല്ലിടൽ' എന്ന പേരിൽ നടത്തിയ ആഘോഷത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞ ശേഷവും പണി ആരംഭിച്ചിരുന്നില്ല.
ആ വേദിയിൽ വച്ച് ഒരു വ്യവസായി നല്ലൊരു തുക സംഭാവനയും നൽകിയിരുന്നു. തറക്കല്ലിടലിനുശേഷം പാറത്തോട്ടിൽ നടന്ന സമ്മേളന പരിപാടിയിൽ വച്ച് 2016 ജൂൺ ഒന്നിന് അനുമോൾ തമ്പിയുടെ പുതിയ വീടിന്റെ താക്കോൽ ഇവർക്ക് കൈമാറുമെന്നായിരുന്നു എംഎൽഎ. നടത്തിയ പ്രഖ്യാപനം.
അനുമോളോ കുടുംബമോ ആവശ്യപ്പെടാതെ തന്നെ ഇവർക്കു ജനപ്രതിനിധികൾ പൊതുജന മദ്ധ്യത്തിൽ നൽകിയതായിരുന്നു ഈ വാഗ്ദാനം. എന്നാൽ ഇത് പാലിക്കാതെ സംസ്ഥാനത്തെ മികച്ച കായികതാരത്തെ അപമാനിക്കുകയായിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു. അധികൃതരുടെ ഇത്തരം നടപടികൾക്കെതിരെ ജനങ്ങളിൽ അമർഷവും ഉണ്ടായി. അധികൃതർ പറഞ്ഞു പറ്റിച്ച സംഭവം മാധ്യമവാർത്തകളിലൂടെ ചർച്ചയുമായി. തുടർന്നാണ് യാക്കോബായ സഭാ ഹൈറേഞ്ച് മേഖലാ മെത്രാപ്പൊലീത്ത ഏലിയാസ് മോർ യൂലിയോസിന്റെ നേതൃത്വത്തിൽ അനുമോൾക്ക് അടിയന്തിരമായി സ്വപ്നവീടൊരുക്കാൻ തീരമാനിച്ചത്.
സഭയുടെ വനിതാ ഭക്ത സംഘടനയായ മർത്തമറിയം വനിതാ സമാജത്തിന്റെ സഹകരണത്തോടെയാണ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. എൽദോസ് പുളിക്കക്കുന്നേലിനെ ഏൽപിക്കുകയും ചെയ്തു. പാറത്തോട് കെ.എം. ബീനാമോൾ സ്റ്റേഡിയത്തിനു സമീപം അനുമോൾക്കായി വാങ്ങിയിരുന്ന പത്തുസെന്റ് സ്ഥലത്താണ് വീടു നിർമ്മിക്കുന്നതിന് പ്ലാൻ തയ്യാറാക്കുകയും ചെയ്തത്. നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിന് നിലവിലുണ്ടായിരുന്ന റോഡിന്റെ അപര്യാപ്തത മൂലം പ്രദേശവാസികളുടെ സഹകരണത്തോടെ ഇവിടേയ്ക്ക് പുതിയ മൺറോഡ് നിർമ്മിച്ചു.
മുൻപ് കട്ടപ്പന കേന്ദ്രീകരിച്ചുള്ള സ്‌കൂളിലെ സംഘടനയും വീടൊരുക്കി നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്നുണ്ടായിരുന്ന സ്ഥലത്തിന് പട്ടയമില്ലെന്ന പേരിൽ നടക്കാതെ പോയിരുന്നു. പിന്നീടാണ് അനുമോളുടെ മാതാവ് ഷൈനി പാചക ജോലി ചെയ്യുന്ന പാറത്തോട് സ്‌കൂളിലെ അദ്ധ്യാപകർ അടക്കമുള്ളവരുടെ സഹായത്തോടെ പട്ടയഭൂമി വാങ്ങിയത്. പാറത്തോട്ടിൽ പൊതുപ്രവർത്തകനായ വീട്ടിക്കൽ രാജുവിന്റെ വീട്ടിൽ മാസങ്ങളോളം സൗജന്യമായി അനുമോൾക്കും കുടുംബത്തിനും താമസ സൗകര്യമൊരുക്കിയിരുന്നു. സഭയുടെ നേതൃത്വത്തിൽ ആറര ലക്ഷത്തോളം മുടക്കി മനോഹരമായി പണി പൂർത്തിയാക്കിയ വീട്ടിലേക്ക് കഴിഞ്ഞ ദിവസം അനുമോളും കുടുംബാംഗങ്ങളും താമസം മാറ്റി.
മൂന്നു കിടപ്പുമുറികളും ഹാളും അടുക്കളയും സിറ്റൗട്ടും ശൗചാലയവും അടക്കമുള്ള മനോഹരമായ വാർക്ക വീടാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന കൂദാശാ ചടങ്ങുകളിൽ ഹൈറേഞ്ച് മേഖലാ അരമന മാനേജർ ഐസക് മേനോത്തുമാലിൽ കോർ-എപ്പിസ്‌കോപ്പ, ഫാ. എൽദോസ് പുളിക്കക്കുന്നേൽ, കായികാധ്യാപിക ഷിബി മാത്യു, ഭർത്താവ് ബെന്നി, യാക്കോബായ സഭാ മർത്തമറിയം വനിതാ സമാജം കേന്ദ്ര സെക്രട്ടറി അമ്മിണി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കോതമംഗലം മോർ ബേസിൽ സ്‌കൂളിൽ പ്ലസ്ടൂവിന് പഠിക്കുന്ന അനുമോളുടെ സ്‌കൂൾ ജീവിതത്തിലെ അവസാനത്തെ ദേശീയ മത്സരം കഴിഞ്ഞ മാസമാണ് ഹരിയാനയിൽ നടന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പോയിന്റുകൾ വാങ്ങിയാണ് അനുമോൾ സ്‌കൂൾ മത്സരവേദിയിൽ നിന്നും അന്നു മടങ്ങിയത്. 1500 മീറ്ററിന് സ്വർണ്ണമെഡലും 3000 മീറ്ററിന് വെള്ളിയും 5000 മീറ്ററിന് വെങ്കലും നേടിയെടുത്തു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മൂന്നിനങ്ങളിലും മെഡലുകൾ കരസ്ഥമാക്കി ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയാണ് ദേശീയമത്സരവേദിയിലെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദേശീയ കായികമേളയിൽ ഇരട്ട റെക്കോർഡ് സ്ഥാപിച്ച് സ്വർണം വാങ്ങിയ അനുമോൾ മുൻ വർഷങ്ങളിലും നിരവധി സ്വർണ്ണമെഡലുകൾ സംസ്ഥാനത്തിനകത്തും പുറത്തും വാരിക്കൂട്ടിയിരുന്നു. കായിക രംഗത്ത് സംസ്ഥാനത്തിനു വേണ്ടി കഴിയുന്നത്ര പ്രയത്‌നിക്കുമെന്നും സ്വന്തമായി വീടെന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി നൽകിയ മെത്രാപ്പൊലീത്തായുള്ള നേതൃത്വത്തിലുള്ളവർക്ക് നിറമനസോടെയുള്ള നന്ദിയും അനുമോൾ അറിയിച്ചു.
പാറത്തോട്ടിലെ കെ.എം. ബീനാമോൾ സ്റ്റേഡിയത്തിനു സമീപത്തു നിന്നും അനുമോളുടെ വീട്ടിലേയ്ക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുമെന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹനൻ നായർ അറിയിച്ചിരുന്നെങ്കിലും റോഡിന്റെ പകുതിയിൽ താഴെ നിർമ്മിച്ച് പണി നിർത്തി വച്ചിരിക്കുകയാണ്. മനോഹരമായ വീടു ലഭിച്ചെങ്കിലും ബാക്കിയുള്ള റോഡിന്റെ നിർമ്മാണം നടന്നില്ലെങ്കിൽ മഴക്കാലമാകുന്നതോടെ വീട്ടിലെത്തൽ ക്ലേശകരമാകും.