- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പള്ളികൾ ഏറ്റെടുക്കുമ്പോൾ, അന്ത്യോഖ്യാ വിശ്വാസത്തിൽനിന്ന് തങ്ങൾ പിന്തിരിയില്ല; സത്യവിശ്വാസം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് മൂന്നാം കൂനൻ കുരിശ് സത്യം; വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാക്കി യാക്കോബായ സുറിയാനിസഭ
മുളന്തുരുത്തി: പ്രധാനമന്ത്രി തലത്തിൽ നടത്തിയ ചർച്ചയിലും പള്ളിത്തർക്കത്തിന് പരിഹാരം ഉണ്ടാകാതെ വന്നതോടെ യാക്കോബായ വിഭാഗം സമരം ശക്തമാക്കുകയാണ്. കൂനൻകരിശ് പ്രഖ്യാപനത്തിന്റെ ഓർമ പുതുക്കി മുളന്തുരുത്തിയിൽ മൂന്നാം കൂനൻകുരിശ് സത്യ പ്രഖ്യാപനം വിവിധ ഇടങ്ങളിലായി നടത്തി സഭാ വിശ്വാസികൾ. തങ്ങളുടെ പള്ളികൾ ഏറ്റെടുക്കുമ്പോൾ, അന്ത്യോഖ്യാ വിശ്വാസത്തിൽനിന്ന് തങ്ങൾ പിന്തിരിയില്ലെന്നുള്ള പ്രഖ്യാപനം അനിവാര്യമാണെന്ന് സത്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയ വൈദികർ ചൂണ്ടിക്കാട്ടി.
അതേസമയം വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സുറിയാനിസഭയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന സത്യാഗ്രഹസഹനസമരം പത്തുദിവസം പിന്നിട്ടു. അന്പതിലധികം ദേവാലയങ്ങൾ സഭയ്ക്ക് നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി സെക്രട്ടേറിയറ്റിനുമുന്നിൽ ദേവാലയത്തിന്റെ മാതൃകവച്ചായിരുന്നു പ്രതിഷേധം.
മുംബൈ ഭദ്രാസനാധിപനും സമരസമിതി ജനറൽ കൺവീനറുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനംചെയ്തു. സഭാതർക്കം അടുത്ത തലമുറയിലേക്ക് നീണ്ടുപോകാതിരിക്കാൻ നിയമനിർമ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിക്ക് താക്കോൽ കൈമാറണമെന്ന് കട്ടച്ചിറ പള്ളിക്കേസിലെ ഹൈക്കോടതിവിധി പാലിക്കാതെ അതിക്രമിച്ചുകടന്ന മറുവിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സമരസമിതി സെക്രട്ടറി ഫാ. ജോൺ ഐപ്പ്, ഫാ.ഫെവിൻ ജോൺ, ഷെവലിയാർ ഡോ. കോശി എം.ജോർജ്, ഡോ. പോൾ സാമുവൽ, പി.സി.കുര്യൻ, ബെന്നി വർഗീസ്, ബേസിൽ വർഗീസ്, സന്തോഷ് മാത്യു, അലൻ കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു. പുന്നൻ റോഡ് സെയ്ന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെയും പോങ്ങുംമൂട് സെയ്ന്റ് മേരീസ് സിംഹാസനപ്പള്ളിയുടെയും നേതൃത്വത്തിലാണ് സമരം നടന്നത്.
മുളന്തുരുത്തി മാർത്തോമൻ പള്ളിയുൾപ്പെടെ പിടിച്ചെടുത്ത പള്ളികൾ തിരിച്ചുനൽകണമെന്നും സർക്കാർ ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് ദിവസവും മുളന്തുരുത്തി മാർത്തോമൻ പള്ളിക്കു മുന്നിൽ അഖണ്ഡ പ്രാർത്ഥനയും ഞായറാഴ്ചകളിൽ സഹന സമരവും നടത്തിവരികയാണ്. സഹന സമരത്തിന്റെ ഏഴാമത്തെ ഞായറാഴ്ചയും കൂനൻകുരിശ് സത്യത്തിന്റെ വാർഷികത്തിന്റെ ഭാഗവുമായിട്ടാണ് മുളന്തുരുത്തിയിൽ മൂന്നാം കൂനൻ കുരിശ് സത്യം സംഘടിപ്പിച്ചതെന്ന് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് പറഞ്ഞു.
ഞായറാഴ്ച രാവിലെ മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ മുന്നിലുള്ള കൽക്കുരിശിൽ ആലാത്ത് കെട്ടി മുളന്തുരുത്തി പള്ളിത്താഴം റോഡിലേക്കണിനിരന്ന വിശ്വാസികൾ റവ. ബേബി ഈച്ചിരവേലിൽ കോർ എപ്പിസ്കോപ്പ ചൊല്ലിക്കൊടുത്ത വിശ്വാസ പ്രഖ്യാപനം ഏറ്റുചൊല്ലുകയായിരുന്നു. റവ. സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ഷാജി മാമ്മൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. ബേസിൽ ബേബി പറമ്പാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ