ന്യൂഡൽഹി: സഭാതർക്കം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാക്കോബായ സുറിയാനി സഭ പ്രതിനിധികളുമായി ചർച്ച നടത്തി. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച ചർച്ച ഒരു മണിക്കൂറോളം നീണ്ടു. കോടതി വിധികളിലെ നീതി നിഷേധം പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി യാക്കോബായ സഭ അറിയിച്ചു.

പള്ളി പിടുത്തം നിർത്തലാക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി യാക്കോബായ സുറിയാനി സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. 1991ലെ വർഷിപ്പ് ആക്ട് നടപ്പിലാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജോസഫ് മാർ ഗ്രിഗോറിയോസ്, തോമസ് മാർ തീമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നീ മെത്രാപ്പൊലീത്തമാരാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.

പ്രധാനമന്ത്രിയുടെ ഇടപെടലിൽ പ്രതീക്ഷയുള്ളതായും സഭ പ്രതിനിധി ജോസഫ് മാർ ഗ്രിഗേറിയോസ് പറഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ, മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ ഓർത്തഡോക്‌സ് പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇരു സഭകളും ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ഓർത്തഡോക്‌സ് സഭ വ്യക്തമാക്കിയത്. ഇരു സഭകളുടേയും ശുപാർശകൾ കണക്കിലെടുത്ത് തുടർ നടപടികൾ സ്വീകരിക്കും. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.