തിരുവനന്തപുരം: സഭാ തർക്കം പരിഹരിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ നേതൃത്വം സംസ്ഥാന സർക്കാരിനെയും ഗവർണറെയും സമീപിച്ചു. അഞ്ച് ലക്ഷം വിശ്വാസികൾ ഒപ്പിട്ട ഭീമ ഹർജി സർക്കാരിന് സമർപ്പിച്ചു. വ്യവസായമന്ത്രി ഇ.പി. ജയരാജൻ ഹർജി സ്വീകരിച്ചു. 2020 ലെ സെമിത്തേരി ബിൽ അടക്കം സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ ധീരമെന്നും പള്ളിത്തർക്കത്തിലും സമാനമായ രീതിയിൽ നിയമ നിർമ്മാണം ആവശ്യമെന്നുമാണ് യാക്കോബായ സഭാ നേതൃത്വത്തിന്റെ അവശ്യം.

പള്ളികളിൽ റഫറണ്ടം നടത്തി ഭൂരിപക്ഷവും ന്യൂനപക്ഷവും തിരിച്ച് ഭാഗംവെക്കുന്ന അവസ്ഥയേ സാമുദായിക പ്രശ്നത്തിന് പരിഹാരമാകൂ എന്ന് യാക്കോബായാസഭ വ്യക്തമാക്കി. മലബാറിലെ മിക്ക പള്ളികളിലും ഇരു വിഭാഗങ്ങളും ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു. 2017 ലെ സുപ്രീം കോടതി വിധി പ്രകാരവും, കെ.എസ് വർഗീസ് കേസിലെ നിർദേശ പ്രകാരവും നിയമനിർമ്മാണം സാധ്യമാണെന്നും സഭ വിലയിരുത്തുന്നു. നൂറ്റാണ്ടുകളായുള്ള സഭാ തർക്കം കോടതിവിധിയിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്നും സർക്കാർ ഇടപെടണമെന്നാണ് ഭീമ ഹർജിയുടെ ഉള്ളടക്കം.

തിരുമേനിമാരായ മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ അന്തിമോസ് , വൈദിക ട്രസ്റ്റീ സ്ലീബാ വട്ടാവേലിൽ കോർ -എപ്പിസ്‌കോപ്പ, അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ, ഫാദർ. ജോർജി ജോൺ കട്ടച്ചിറ, ഷെവ. അലക്സ് എം ജോർജ് എന്നിവർ വ്യവസായമന്ത്രിയുടെ ചേമ്പറിലെത്തി ഭീമ ഹർജി കൈമാറി.അതേസമയം, ഗവർണർക്കും സഭാ നേതൃത്വം ഭീമഹർജി നൽകി. സഭാ തർക്കം നിയമ നിർമ്മാണത്തിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. വിശ്വാസികൾ ഒപ്പിട്ട ഭീമ ഹർജി ഗവർണർക്ക് സമർപ്പിച്ചു. രണ്ട് വിഭാഗങ്ങളെയും ഒന്നിച്ച് ഉച്ചഭക്ഷണത്തിനിരുത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഗവർണർ പ്രതികരിച്ചു. മഞ്ഞുരുക്കാൻ സാധിക്കുമെങ്കിൽ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭാ തർക്ക വിഷയങ്ങളിൽ യാക്കോബായ പ്രതിനിധികൾ പ്രധാനമന്ത്രിയുമായി നേരത്തെ ചർച്ച നടത്തി. നീതി നിഷേധം ചർച്ച ചെയ്യണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പള്ളിപിടുത്തം തടയാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ സഭാ പ്രതിനിധികൾ അഭ്യർത്ഥിച്ചു. തുടർ ചർച്ചകൾക്ക് കേന്ദ്രമന്ത്രി വി മുരളീധരനെയും മിസോറാം ഗവർണറായ പി.എസ് ശ്രീധരൻ പിള്ളയെയും പ്രധാനമന്ത്രി ചുമതലപ്പെടുത്തി.ഭൂരിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചർച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ സുപ്രീംകോടതി വിധിയിൽ വിട്ടുവീഴ്ചയ്ക്ക് ഓർത്തഡോക്സ് സഭക്കാർ തയ്യാറായിട്ടില്ല. തുല്യനീതി ലഭിക്കുമെന്ന് കരുതുന്നതായും തുറന്ന സമീപനമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് യാക്കോബായ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വലിയ ക്രമസമാധാന പ്രശ്നമാകുന്ന കാര്യമാണ് സഭാതർക്കമെന്നും അതിൽ പ്രധാനമന്ത്രി ഇടപെട്ടതിൽ തെറ്റില്ലെന്നും ഈ കാര്യത്തിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.