കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ ഇടവക പള്ളികളിൽ നാളെ പ്രാർത്ഥന യാത്രകൾ നടക്കും. മറുവിഭാഗം കൈയടക്കിയ പള്ളികളിലേക്കും യാത്രയെത്തുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. ഇതോടെ പൊലീസ് ജാഗ്രതയിലാണ്. യാക്കോബായ സുറിയാനി സഭയുടെ കൈവശത്തിലുള്ള പള്ളികൾ കോടതി മുഖേനെ സ്വന്തമാക്കുവാൻ ശ്രമിക്കുന്ന ഓർത്തഡോക്‌സ് പക്ഷത്തിന്റെ നിലപാടുകൾക്കെതിരെ യാക്കോബായ സുറിയാനി സഭാ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസി സംഘടനാ ഭാരവാഹികളും വിശ്വാസി സമൂഹവും ഒത്തുചേർന്നാണ് പ്രാർത്ഥന യാത്രകൾ സംഘടിപ്പിക്കുന്നത്. നാളെ രാവിലത്തെ കുർബ്ബാനയ്ക്ക് ശേഷം പള്ളി പരിസരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേയ്ക്ക് എത്തി തിരിച്ച് പള്ളിയിലെത്തും വിധമാണ് യാത്രകൾ ക്രമീകരിച്ചിട്ടുള്ളതെന്നും സഭയുടെ മീഡിയ സെൽ ചെയർമാർ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത അറിയിച്ചു.

സഭയുടെ കീഴിലെ 650 ഓളം പള്ളികളിൽ പ്രാർത്ഥനാ യാത്രകൾ സംഘടിപ്പിക്കുന്നതിന് ഭദ്രാസന തലത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായെന്നും കഴിഞ്ഞ ജൂലൈ മുതൽ എതിർ പക്ഷം പൊലീസിന്റെ സഹായത്തോടെ ആധിപത്യം സ്ഥാപിച്ച വരിക്കോലി, കോലഞ്ചേരി ,മണ്ണത്തൂർ ഉൾപ്പെടെ 12 പള്ളികളിലേക്കും പ്രാർത്ഥനാ യാത്രകൾ എത്തുമെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. പ്രാർത്ഥന യാത്രകൾ ഒരു തരത്തിലും സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതല്ലന്നും തികച്ചും സമാധാനപരമായി, പ്രാർത്ഥന യാത്ര പൂർത്തിയാക്കണമെന്നാണ് സഭാനേതൃത്വം ലക്ഷ്യമിട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച പിറവം വലിയ പള്ളി പൊലീസ് സേനയെ ഉപയോഗിച്ച് ഏറ്റെടുക്കാൻ ശ്രമിച്ചതാണ് പൊടുന്നനെ സഭ പ്രാർത്ഥന യാത്രകളും മറ്റും സംഘടിപ്പിച്ച് നിരത്തിലിറങ്ങാൻ തീരുമാനിച്ചതിന് പിന്നിൽ. യാക്കോബായ വിഭാഗത്തിന്റെ ആചാരത്തിലും ഭരണത്തിലും നിലനിൽക്കുന്ന പള്ളി സംരക്ഷിക്കുന്നതിന് വിശ്വാസികൾ ഒരു വശത്തും മറുവശത്ത് മറുപക്ഷത്തിന് വേണ്ടി പൊലീസും സംഘടിച്ചതോടെ കോതമംഗലത്തും പിറവത്തും കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷമുണ്ടായി.

പിറവത്ത് സ്ത്രീകളടക്കം ഏതാനും പേർ മണ്ണെണ്ണയുമായി പള്ളിമേടയ്ക്ക് മുകളിൽ നിലയുറപ്പിച്ചതോടെ സ്ഥിതി ശാന്തമാക്കാൻ ഗത്യന്തരമില്ലാതെ പൊലീസ് പിൻവാങ്ങുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഓർത്തഡോക്‌സ് സഭയുടെ കോട്ടയത്തെ ആസ്ഥാനത്തേക്ക് വിശ്വാസികൾ പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് അനുനയിപ്പിച്ച് മടക്കിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഇതിന് പിന്നാലെയാണ് യാക്കോബായ സഭയുടെ സുന്നഹദോസ് ചേർന്ന് ശക്തമായ നിലപാടുകൾ സ്വീകരിച്ചത്. കോതമംഗലം മേഖലയിലെയും പള്ളികളിലും സുന്നഹദോസ് തീരുമാനപ്രകാരം പ്രാർത്ഥനാ യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോതമംഗലം മർത്തമറിയം വലിയ പള്ളിയുടെയും മാർ തോമ ചെറിയ പള്ളിയുടേയും നേതൃത്വത്തിലാണ് കോതമംഗലത്ത് പ്രാർത്ഥനയാത്ര ഒരുക്കിയിരിക്കുന്നത്. വി.കുർബ്ബനയ്ക്ക് ശേഷം പള്ളിത്താഴത്ത് നിന്ന് ടൗൺ ചുറ്റിയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.