തിരുവനന്തപുരം: മലങ്കര സഭാ തർക്കം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന ചർച്ചകളിൽ നിന്ന് ഓർത്തഡോക്‌സ് വിഭാഗം പിന്മാറിയത് നിർഭാഗ്യകരം എന്ന് യാക്കോബായ സഭ. മുൻപ് നടത്തിയ ചർച്ചകളുടെ സംക്ഷിപ്തമാണ് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പിനെ തള്ളിപ്പറയുകയാണ് ഓർത്തഡോക്‌സ് സഭ ചെയ്തിരിക്കുന്നതെന്നും യാക്കോബായ സഭ പറഞ്ഞു. കോതമംഗംലം ചെറിയ പള്ളിക്കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം അസത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പിന്മാറ്റം.

കോതമംഗംലം മാർത്തോമാ പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതി അലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇന്നലെ സത്യവാങ്മൂലം നൽകിയത്. പള്ളി ഏറ്റെടുക്കൽ നടപടികള് മൂന്ന് മാസത്തേക്ക് നിർത്തിവയ്ക്കണമെന്നും ഒത്തുതീർപ്പ് ശ്രമങ്ങൾ വിജയകരമായി നടക്കുന്നെന്നും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ആവശ്യപ്പെട്ടില്ലെന്ന് ഇരുകൂട്ടരും ധാരണ ഉണ്ടാക്കിയെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ സത്യവാങ്മൂലം പൂർണ്ണമായും അവാസ്തവമെന്ന് പറഞ്ഞ ഓർത്തഡോക്‌സ് സഭ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

കോടതി വിധി നടപ്പാക്കിയാൽ മാത്രമേ ഇനി ചർച്ചയുള്ളുവെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട്. മിനിട്‌സിൽ എഴുതിയതിന് വ്യത്യസ്തമായ വിവരങ്ങൾ നൽകി കോടതിയെ സർക്കാർ തെറ്റിദ്ധരിപ്പിച്ചു. വരുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ സഭാ വിശ്വാസികൾ സർക്കാർ നിലപാട് തിരിച്ചറിഞ്ഞ് പ്രവർത്തക്കുമെന്നും ഓർത്തഡോക്‌സ് സഭ മുന്നറിയിപ്പ് നൽകുന്നു.