പിറവം: ശക്തമായ സുരക്ഷയൊരുക്കുമെന്ന് പൊലീസ്. കോടതി നിരീക്ഷകൻ എത്തുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗം സംഘർഷമൊഴിവാക്കാൻ ശ്രമിക്കുമെന്നും വിലയിരുത്തൽ. ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം പള്ളിയിലെത്തിക്കുന്നതുവരെ പൊലീസ് സുരക്ഷയൊരുക്കണമെന്ന് ബന്ധുക്കൾ. വിശ്വാസപ്രകാരം സംസ്‌കാരം നടത്താൻ അവസരമൊരുക്കിയ കോടതി നടപടിയിൽ സന്തുഷ്ടരെന്ന് കുടുംബാഗങ്ങൾ.

ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം സംസ്‌കരിക്കാനാവാതെ ആറ് ദിവസമായി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന വെട്ടിത്തറ പാറപ്പുഴ ചെമ്പനാക്കന്നേൽ സി.ജെ. പൈലിയുടെ (89) മൃതദേഹം ഇന്ന് വെട്ടിത്തറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. രണ്ടിന് പിറവം ജയന്തി ആശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം ഉച്ചകഴിഞ്ഞ് 2.30 തോടെ പള്ളിയിലൈത്തിച്ച് ചടങ്ങുകൾ പൂർത്തിയാക്കി സംസ്‌കരിക്കുന്നതാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് അന്തരിച്ച പൈലിയുടെ മകൻ ജോൺസൺ മറുനാടനോട് വ്യക്തമാക്കി.

നേരത്തെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ നിന്നും പള്ളിയിലേയ്ക്കുള്ള വഴിയിൽ മൃതദ്ദേഹവും വഹിച്ചുള്ള യാത്രയ്ക്ക് സംരക്ഷണമൊരുക്കണമെന്ന് പൊലീസീനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. സ്വന്തം പുരയിടത്തിലെ കൃഷിപ്പണിയുമായി കഴിഞ്ഞിരുന്ന പിതാവ് രണ്ടുവർഷത്തിന് മുമ്പുണ്ടായ വീഴ്ചയെത്തുടർന്ന് കിടപ്പിലായിരുന്നെന്നും ചികിത്സ നടന്നുവരുന്നതിനിടെ മരണപ്പെടുകയായിരുന്നം ജോൺസൺ തുടർന്ന് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൈലി മരണപ്പെട്ടത്. പാരമ്പര്യ ഓർത്തഡോക്സ് വിശ്വാസിയായ പൈലിയുടെ മൃതദേഹം വിദേശത്തുള്ള മകൾ എത്തിയശേഷം വെള്ളിയാഴ്ച സംസ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കരിക്കാനായി മൃതദേഹം എത്തിച്ചെങ്കിലും നൂറുകണക്കിന് യാക്കോബായ സഭാംഗങ്ങൾ എതിർപ്പുമായി പള്ളിക്കു ചുറ്റും നിലയുറപ്പിച്ചതിനാൽ സംസ്‌കാരം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് മൃതദേഹം വീണ്ടും ഫ്രീസറിലാക്കി പിറവത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ആർ.ഡി.ഒ, തഹസിൽദാർ, ഡിവൈ.എസ്‌പി എന്നിവർ ഞായറാഴ്ച ഉച്ചയ്ക്ക് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി അന്ന് വൈകിട്ട് തന്നെ 4 നും 5 നും ഇടയിൽ സംസ്‌കാരം നടത്താൻ ബന്ധുക്കൾക്ക് അനുവാദം കൊടുത്തെങ്കിലും വേണ്ടത്ര സമയമില്ലെന്ന് ചൂണ്ടിക്കാട്ടി പൈലിയുടെ ബന്ധുക്കൾ നിരസിക്കുകയായിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിലെ വികാരി ഫാ. ബിനോയി ജോൺ വട്ടക്കുന്നേൽ നൽകിയ ഹർജിയിൽ ലാണ് ഇന്ന് സംസ്‌കാര ശുശ്രൂഷകൾ നടത്താൻ കോടതി അനുമതി നൽകിയിട്ടുള്ളത്.

ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചു വരെ പള്ളി തുറന്നുകൊടുക്കുന്നകിനാണ് ഹൈക്കോടതി ഉത്തരവായിട്ടുള്ളത്. മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ഷാജഹാൻ, ഡിവൈ.എസ്‌പി കെ. ബിജുമോൻ എന്നിവർക്ക് ഇന്നലെ വിധിയുടെ പകർപ്പ് കൈമാറി. ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഭിഭാഷക കമ്മിഷനെയും നിയമിച്ചിട്ടുണ്ട്.

സംസ്‌കാര ചടങ്ങുകൾക്ക് സുരക്ഷയൊരുക്കാൻ പിറവം, മൂവാറ്റുപുഴ, കോതമംഗലം സർക്കിൾ പരിധിയിൽ നിന്നും വിളിച്ചുവരുത്തിയ അൻപതോളം വരുന്ന പൊലീസ് സംഘത്തെ വിന്യസിക്കുമെന്നും ഏത് സ്ഥിതി വിശേഷവും കൈകാര്യം ചെയ്യാൻ പൊലീസ് സർവ്വസജ്ജരായിരിക്കുമെന്നും മൂവാറ്റുപുഴ ഡി വൈ എസ് പി കെ. ബിജുമോൻ അറിയിച്ചു. കോടതിവിധിയിൽ വിശ്വാസമുണ്ടൈന്നും തടസ്സമില്ലാതെ സംസ്‌കാരചടങ്ങുകൾ നടത്താൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും പള്ളിവികാരി ഫാ.ബിനോയി ജോൺ വട്ടക്കുന്നേൽ വ്യക്തമാക്കി.