- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിക്കുള്ളിലെ ടൈൽസ് ഇളക്കി മാറ്റി; മുറ്റത്തെ പൂട്ടുകട്ടകൾ ജെസിബി ഉപയോഗിച്ച് കിളച്ചു മറിച്ചു: 250 വീട്ടുകാർ ആരാധന നടത്തുന്ന പള്ളി പിടിക്കാനുള്ള ഓർത്തഡോക്സ് നീക്കം ചെറുത്ത് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയൻ കത്തീഡ്രലിലെ വിശ്വാസികൾ
പത്തനംതിട്ട: പള്ളിക്കുള്ളിലെ ടൈൽസ് ഇന്നലെ രാത്രി ഇളക്കി മാറ്റി. മുറ്റത്തിട്ടിരുന്ന പൂട്ടുകട്ടകൾ ജെസിബി കൊണ്ട് ഉഴുതു മറിച്ചു. സ്ത്രീകളും വയോവൃദ്ധരും അടക്കം മുന്നൂറോളം പേർ പള്ളി മുറ്റത്തും അണി നിരന്നു. വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയൻ കത്തീഡ്രൽ പിടിച്ചെടുക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തുന്നുവെന്ന് അറിഞ്ഞ് വിശ്വാസികൾ ഇന്ന് പുലർച്ചെ മുതൽ തീർത്ത പ്രതിരോധക്കോട്ടയായിരുന്നു ഇത്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടു നൽകാൻ ജില്ലാ കലക്ടർ നോട്ടീസ് കൈമാറിയിരുന്നു. ശനിയാഴ്ച പള്ളി പിടിച്ച് ഞായറാഴ്ച ആരാധനയ്ക്ക് എത്താനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ പദ്ധതി എന്നു മനസിലാക്കിയായിരുന്നു യാക്കോബായ പക്ഷത്തിന്റെ പ്രതിരോധം. പള്ളിക്കുള്ളിൽ കടന്നാലും ഒരു കാരണവശാലും ആരാധന നടത്താൻ പറ്റാത്ത വിധം ടൈലുകൾ വെള്ളിയാഴ്ച രാത്രി തന്നെ ഇളക്കി മാറ്റിയിരുന്നു. മുറ്റത്തെ ഇന്റർലോക്ക് കട്ടകൾ ഇന്ന് രാവിലെ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു. പിന്നെ അവിടം ഉഴുതു മറിച്ചു.
125 വർഷം പഴക്കമുള്ള പള്ളിയിൽ 250 കുടുംബങ്ങളാണ് ആരാധന നടത്തുന്നത്. ഈ ഭാഗത്ത് ഓർത്തഡോക്സ് കുടുംബങ്ങൾ തീരെ കുറവാണ്. ഒരു കിലോമീറ്റർ മാറി ഓർത്തഡോക്സ് വിഭാഗത്തിന് വേറെ പള്ളിയുമുണ്ട്. രാവിലെ പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തുന്നുവെന്നാണ് യാക്കോബായ പക്ഷത്തിന് വിവരം ലഭിച്ചിരുന്നത്. പള്ളി ഏറ്റെടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ് അടൂർ ആർഡിഓ കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാവിലെ തന്നെ വിശ്വാസികൾ സംഘടിച്ചു. വിശ്വാസികൾ തടിച്ചു കൂടിയതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. അടൂർ ആർഡിഓ ഉച്ചയ്ക്ക് 12 മണിയോടെ പള്ളിയിലെത്തി വിശ്വാസികളുമായി ചർച്ച നടത്തി. ഒരു പുരോഹിതനെ മാത്രം പള്ളിക്ക് ഉള്ളിലേക്ക് പ്രവേശിപ്പിക്കാമെന്നും മറ്റ് ആരെയും അനുവദിക്കില്ലെന്നുമുള്ള നിലപാടിൽ വിശ്വാസികൾ ഉറച്ചു നിന്നു. പള്ളി ഏറ്റെടുക്കില്ലെന്ന് ഉറപ്പു കിട്ടാതെ ചർച്ചയ്ക്കില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, കോടതി വിധി അംഗീകരിക്കേണ്ടതുണ്ടെന്നും പള്ളി ഏറ്റെടുക്കില്ലെന്ന് ഉറപ്പു തരാൻ കഴിയില്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപന്‍ അടക്കം ഈ പള്ളി ഏറ്റെടുക്കണമെന്ന് ആഗ്രഹമില്ലെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടി. കോട്ടയത്ത് നിന്നുള്ള ക്വട്ടേഷൻ സംഘമാണ് പള്ളി ഏറ്റെടുക്കാൻ തയാറായി വന്നിട്ടുള്ളതെന്ന് യാക്കോബായ പക്ഷം ആരോപിച്ചു. ഓർത്തഡോക്സ് വിഭാഗം എത്തില്ലെന്ന് മനസിലാക്കി ഉച്ചയ്ക്ക് ശേഷം വിശ്വാസികൾ പിൻവാങ്ങി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്