- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരെ സഹനസമരവുമായി യാക്കോബായ സഭ; മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്ന് നിരണം ഭദ്രാസനാധിപൻ; സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത; തിരുവാർപ്പ് മർത്തശ്മൂനി പള്ളിക്ക് സമീപം നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത് മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയും
കോട്ടയം: അനിശ്ചിതകാല സഹനസമരവുമായി യാക്കോബായ സുറിയാനി സഭ. പള്ളികളിൽനിന്ന് വിശ്വാസികളെ പുറത്താക്കിയതിനും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനുമെതിരേയാണ് സഭയുടെ സഹനസമരം. മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. യാക്കോബായ സഭയുടെ പള്ളികളിൽ കയറി വിശ്വാസികളെ മർദിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറുക, ആരാധനാ സ്വാതന്ത്ര്യത്തിന് എതിരുനിൽക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കുക, സഭയുടെ നഷ്ടപ്പെട്ട പള്ളികൾ തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാവിലെ 10മുതൽ വൈകുന്നേരം നാലുവരെയാണു സത്യാഗ്രഹം.
കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ ഏറ്റെടുത്ത കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിക്ക് സമീപമാണ് സമരവേദി. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ സമരം ഉദ്ഘാടനം ചെയ്തു. യാക്കോബായ സുറിയാനി സഭയുടെ നഷ്ടപ്പെട്ട പള്ളികളും സെമിത്തേരികളും തിരികെപ്പിടിക്കുന്ന കാലം വിദൂരമല്ലെന്നും മരിച്ച നീതി ഉയർത്തെഴുന്നേൽക്കുമെന്നും ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താ പറഞ്ഞു. നഷ്ടപ്പെട്ടവനേ വേദന എന്തെന്നറിയൂ. സത്യവും നീതിയും ധർമവും പീഡിപ്പിക്കപ്പെടുകയാണ്. യാക്കോബായ സഭ അലക്സന്ത്രയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ സമരത്തെ പലരും പുച്ഛിച്ചെങ്കിലും സെമിത്തേരി ഓർഡിനൻസിലൂടെ സമരം വിജയമായിരുന്നുവെന്ന് തെളിയിച്ചു. തിരുവാർപ്പിൽ ആരംഭിച്ചത് സഭയുടെ സമരപരമ്പരയുടെ തുടക്കം മാത്രമാണെന്നും ഇത് മലങ്കരസഭയിൽ അഗ്നിയായി പടരുമെന്നും മാർ കൂറിലോസ് പറഞ്ഞു.
പള്ളിക്കെട്ടിടങ്ങൾ നഷ്ടമായാലും സഭയും അന്ത്യോഖ്യൻ വിശ്വാസവും ശക്തമായി നിലനിൽക്കുമെന്ന് ഇടവക ജനങ്ങൾ തെളിയിച്ചെന്നും പ്രതിസന്ധികളെ നേരിടുന്ന ചരിത്രമാണ് സുറിയാനി സഭയ്ക്കുള്ളതെന്നും സമ്മേളനത്തിൽ അധ്യക്ഷതവഹിച്ച എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ പീലക്സിനോസ് മുഖ്യപ്രഭാഷണം നടത്തി.
പള്ളി കൈയേറ്റം അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മെത്രാപ്പൊലീത്താമാരായ മാത്യൂസ് മാർ അന്തീമോസ്, ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ തീമോത്തിയോസ്, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ.ഏലിയാസ്, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടുവുംഭാഗം, തിരുവാർപ്പ് പള്ളി വികാരി ഫാ. സഞ്ചു മാനുവൽ, ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര തുടങ്ങിയവർ പ്രസംഗിച്ചു.
2017 ജൂലൈ 3ന് സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുറത്ത് വന്നതോടെയാണ് യാക്കോബായ സുറിയാനി സഭയും ഓർത്തഡോക്സ് സഭയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ വ്യാപകമായത്. 1064 പള്ളികളുടെ അവകാശം ഓർത്തഡോക്സ് സഭയ്ക്ക് നൽകുന്നതായിരുന്നു 2017ലെ സുപ്രീം കോടതി വിധി. ഓർത്തഡോക്സ് സഭയുടെ 1934ലെ ഭരണ ഘടന അംഗീകരിക്കുകയും ഭൗതിക സ്വത്തവകാശം ഓർത്തഡോക്സ് സഭയ്ക്കാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിൽ തർക്കം നിലനിന്നിരുന്ന 1064 പള്ളികളുടെ ഉടമസ്ഥത ഓർത്തഡോക്സ് വിഭാഗത്തിനായി. വിധി വന്നതിന് ശേഷവും തർക്കം പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴും വിവിധ പള്ളികളിൽ തർക്കവും സംഘർഷവും തുടരുകയാണ്.
അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരത്തിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് 1912ൽ ഒരു വിഭാഗം വിഘടിച്ച് പുറത്ത് പോകുകയും സമാന്തരമായി മലങ്കര ഓർത്തഡോക്സ് എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും മാർതോമാശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് 1934ൽ മലങ്കര ഓർത്തഡോക്സ് സഭ ഭരണഘടന നിർമ്മിച്ച് യാക്കോബായ സഭക്കെതിരെ കേസുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1958ൽ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ ഇരു സഭയിലും സമാധാനം സൃഷ്ടിക്കുവാൻ യോജിപ്പിന് നിർദ്ദേശിച്ചു. പക്ഷേ വീണ്ടും വിശ്വാസപരമായ കാര്യത്തിൽ ഇരു വിഭാഗവും വിത്യസ്ഥ നിലപാടുകൾ സ്വീകരിച്ചതോടെ 1975ൽ ഇരുവിഭാഗമായി. തുടർന്ന് 1995ലും 2002ലും വിവിധ തലത്തിൽ സഭാ തർക്കം അവസാനിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചെങ്കിലും ഇരു പക്ഷത്തിന്റെയും വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പൂർണ്ണതയിലെത്തിയില്ല.
കോലഞ്ചേരിയടക്കം മൂന്ന് പള്ളികളുടെ ഭരണ ക്രമീകരണം സംബന്ധിച്ചുള്ള ഉത്തരവിലാണ് യാക്കോബായ സുറിയാനി സഭയുടെ പൂർണ്ണ കൈവശത്തിലിരിക്കുന്ന പള്ളികളും മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന ഉത്തരവ് ഉണ്ടായത്. ഇതോടെ കോതമംഗലം, പിറവം, മണർകാട് തുടങ്ങി യാക്കോബായ സഭയുടെ പ്രധാന പള്ളികളടക്കം കൈവശപ്പെടുത്തുവാൻ മലങ്കര ഓർത്തഡോക്സ് സഭ മുന്നിട്ടിറങ്ങി. ഇതിനെ തുടർന്ന് കോതമംഗലത്തും പിറവത്തുമടക്കം പല പള്ളികളും കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിടിച്ചെടുക്കാൻ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വൈദീകർ എത്തിയെങ്കിലും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം മൂലം ഇത് നടപ്പിലായില്ല. ഇതിനിടയിൽ നിരവധി ചെറിയ യാക്കോബായ പള്ളികൾ ഓർത്തഡോക്സ് സഭ കോടതി വഴി കൈവശപ്പെടുത്തി. പിടിച്ചെടുത്ത പള്ളികളിലെല്ലാം യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ ഭൂരിപക്ഷമുള്ള പള്ളികളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
മലങ്കര ഓർത്തഡോക്സ് സഭ യാക്കോബായക്കാരുടെ കൈവശത്തിൽ നിന്ന് പിടിച്ചെടുത്ത പള്ളികളുടെ സെമിത്തേരിയിൽ യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അടക്കുന്നതിന് പോലും മലങ്കര ഓർത്തഡോക്സ് സഭ സമ്മതിക്കാത്തതും സമീപകാലത്ത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ സർക്കാരും പ്രതിസന്ധിയിലായി. യാക്കോബായക്കാരുടെ ശവം കത്തിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യട്ടെ എന്ന ഓർത്തഡോക്സ് വിഭാഗം കാതോലിക്കയുടെ നിലപാട് സഭയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ഈ പ്രസ്താവനക്കെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ശവസംസ്ക്കാരത്തിന് സാഹചര്യമൊരുക്കാൻ ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരെ വേണ്ടി വന്നു.
ആഗോള തലത്തിലും ഒത്തുതീർപ്പ് ചർച്ച
മലങ്കര ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ചർച്ച തുടങ്ങിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായില്ല. ലബനോണിലെ പാത്രിയാർക്കാ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തർക്കം ചർച്ചയ്ക്കെടുത്തത്. ഓർത്തഡോക്സ് സഭയുമായുള്ള തർക്കത്തിൽ ഉപാധികളില്ലാത്ത ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവിൽ പള്ളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.
1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന നിർണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളിൽ നിന്നടക്കം യാക്കോബായ വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. പള്ളികൾ കോടതി വിധിയുടെ മറപിടിച്ച് ബലപ്രയോഗത്തിലൂടെ ഓർത്തഡോക്സ് പക്ഷം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത് അപലപനീയമാണെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. മധ്യസ്ഥശ്രമത്തിലൂടെയുള്ള പരിഹാരമുണ്ടാക്കാൻ ഓർത്തഡോക്സ് പക്ഷം തയ്യാറാകണം. യാക്കോബായ സഭയ്ക്ക് ഭൂരിപക്ഷം വിശ്വാസികളുള്ള പള്ളികളിൽ നിന്ന് ഇറങ്ങിപ്പോകാനാവില്ലെന്നതാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ ആഗോള തലത്തിൽ നടന്നത്.
മറുനാടന് ഡെസ്ക്