കോട്ടയം: യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്താ തോമസ് മാർ തിമോത്തിയോസിനെ എതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന് സഭയുടെ പ്രാദേശിക സിനഡ് കണ്ടെത്തി.മെത്രാപ്പൊലീത്തായ്ക്കെതിരെ സാമ്പത്തികവും ആത്മീയവും ഭൗതീകവുമായ അഞ്ച് ഗുരുതര ആരോപണങ്ങളാണു സിനഡിൽ ഉയർന്നത്.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന സുന്നഹദോസിലാണു മെത്രാപ്പൊലീത്തായ്ക്കെതിരെയുള്ള ആരോപണങ്ങൾ നിലനില്കുന്നതായി കണ്ടെത്തിയത്. ഇതിന് തിമോത്തിയോസ് നല്കിയ മറുപടി ത്യപ്തികരമല്ലന്ന കണ്ടെത്തലോടെയാണ് നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.ഇതേത്തുടർന്നു തുടർ നടപടിക്കായി ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് ബാവായ്ക്കു കൈമാറി.

രണ്ട് പോംവഴികളാണ് ഇനി പാത്രിയർക്കീസ് ബാവയ്ക്ക് മുൻപിൽ ഉള്ളത്. ഒന്നുകിൽ ഭദ്രാസനത്തിന്റെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തുക,അല്ലങ്കിൽ ഭദ്രാസനം മാറ്റുക. ഇപ്പോഴത്തെ സാഹചര്യത്തിൽ മിക്ക ഭദ്രാസനങ്ങളും തോമസ് മാർ തീമോത്തിയോസിനെ സ്വീകരിക്കാൻ തയ്യാറാല്ലന്ന് ഇപ്പോൾ തന്നെ അറിയിച്ചു കഴിഞ്ഞു. അതിനാൽ തന്നെ ഇക്കാര്യത്തിൽ എന്ത് നടപടി എപ്രകാരം പാത്രീയർക്കീസ് ബാവ കൈകൊള്ളും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തിമോത്തിയോസിനെ മിക്ക മറ്റ് മെത്രാപ്പൊലീത്താമാരും അനുകൂലിച്ചില്ല.സഭയുടെ ഇന്ത്യയിൽനിന്നുള്ള 18 മെത്രാപ്പൊലീത്താമാർ സിനഡ് യോഗത്തിൽ പങ്കെടുത്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ അധ്യക്ഷതവഹിച്ചു. രാവിലെ 11.10ന് ആരംഭിച്ച സിനഡ് ഉച്ചയ്ക്ക് 1.10നാണ് അവസാനിച്ചത്.

സഭ സിനഡിനെതിരെ കോടതിയിൽ കേസ് നല്കിയ പാമ്പാടി വെള്ളൂർ പൈലിത്താനം ഷെജി മാത്യു, മണർകാട് പുതിയവീട്ടിൽ പറമ്പിൽ ക്രിസ്റ്റി മാത്യു, മണർകാട് മുണ്ടാനിക്കൽ എബി വർഗീസ്, ചങ്ങനാശേരി മാടപ്പള്ളി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടിൽ വി.വി. മാത്യു, പുതുപ്പള്ളി വേളൂപ്ര വി എസ്. കുര്യൻ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ സിനഡ് തീരുമാനിച്ചു. നടപടി സംബന്ധിച്ച തിരുമാനം കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാർ തീമോത്തിയോസിനു സ്വീകരിക്കാമെന്നും സിനഡിൽ തീരുമാനിച്ചു.

പാമ്പാടി വെള്ളൂർ പൈലിത്താനം ഷെജി മാത്യു, മണർകാട് പുതിയവീട്ടിൽ പറമ്പിൽ ക്രിസ്റ്റി മാത്യു, മണർകാട് മുണ്ടാനിക്കൽ എബി വർഗീസ് എന്നിവരെ കോട്ടയം ഭദ്രാസന കൗൺസിൽനിന്നും മാറ്റി നിർത്താനും തീരുമാനിച്ചു. ഇവരെ അതാതു പള്ളി കമ്മിറ്റി/പൊതുയോഗം ചേർന്നു പള്ളി സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കാം. ഇവർ കോടതിയിൽ നല്കിയ ഒഎസ് 97/2017 നമ്പരായി കേസ് പരിഗണിച്ച കോട്ടയം മുൻസിഫ് കോടതി കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി.

സഭയുടെ മറ്റ് ഭദ്രാസങ്ങളിലെയും മെത്രാപ്പൊലീത്താമാർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ ചർച്ചചെയ്യാനായിരുന്നു പാത്രീയർക്കീസ് ബാവ പ്രാദേശിക സിനഡ് വിളിക്കാൻ ആവശ്യപ്പെട്ടത്.ഇത് അനുസരിച്ചാണ് ഇന്ന് അജണ്ട നിശ്ചയിച്ച് സിനഡ് ചേർന്നതെങ്കിലും കേസ് വന്ന സാഹചര്യത്തിൽ കോട്ടയം മാത്രം പരിഗണിച്ച് സിനഡ് അവസാനിപ്പിക്കുകയായിരുന്നു. മറ്റ് ഭദ്രാസനങ്ങളിലെ പ്രശ്നങ്ങൾ അജണ്ട നിശ്ചയിച്ച് ഭരണഘടനാ പ്രകാരം ഉടൻ നടത്തുന്നതിനും തീരുമാനിച്ചു.

സിനഡിൽ തോമസ് മാർ തീമോത്തിയോസ് പങ്കെടുത്തിരുന്നു.
ഇന്നത്തെ മലയാള മനോരമ പത്രത്തിൽ 'യാക്കോബായ സഭ സിനഡ് തടയണമെന്നു ഹർജി' എന്ന പേരിൽ വന്ന വാർത്ത അടിസ്ഥാനരഹിതവും സഭയെ അവഹേളിക്കുന്നതുമായി സഭ വിലയിരുത്തി. ഇതേത്തുടർന്നു പത്രവാർത്ത നാളത്തെ പത്രത്തിൽ തിരുത്തി നല്കാൻ ആവശ്യപ്പെട്ടു കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത നടപടി സ്വീകരിക്കണം.തോമസ് മാർ തീമോത്തിയോസ് ഹർജി നല്കിയെന്നും തന്നെ ക്ഷണിച്ചില്ലായെന്നുമാണ് വാർത്തയിൽ പരാമർശിച്ചിരുന്നത്.