കൊച്ചി: കേരളം പിടിക്കാൻ ന്യൂനപക്ഷത്തിനെ ഒപ്പം നിർത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി. മേഘാലയയിലും നാഗാലാണ്ടിലും ബിജെപി അധികാരം നേടിയെടുത്തത് സഭയുടെ പിന്തുണയോടെയാണ്. ഈ മാതൃകയിൽ കേരളത്തിലും ഇടപെടലിനാണ് ബിജെപിയുടെ ശ്രമം.

ഇതിന് യാക്കോബായ, ഓർത്തഡോക്സ് സഭാ തർക്കം മികച്ചൊരു സാധ്യതയായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കാണുന്നു. അതുകൊണ്ട് തന്നെ സഭാ തർക്കം പരിഹരിക്കാൻ ബിജെപി ഇടപെടും. മേഘാലയ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഓർത്തഡോക്‌സ് സഭ പിന്തുണ അറിയിച്ചിരുന്നു. സഭാ തർക്കം എങ്ങനേയും പരിഹരിക്കാമെന്ന നിലപാടിലേക്ക് ഇരു സഭകളും എത്തിയിട്ടുമുണ്ട്.

സഭാതർക്കം പരിഹരിക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നത് കേരളത്തിലെ ഇടത്-വലത് മുന്നണികളാണെന്ന് വരുത്താനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ഈ വിഷയത്തിൽ ഇടപെടൽ നടത്തുന്നത്. ഇരു സഭാനേതൃത്വവുമായുള്ള ചർച്ചയിൽ ധാരണയായില്ലെങ്കിൽ സഭാക്കേസിൽ കേന്ദ്രസർക്കാർ ഇടപെടാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

നിലവിൽ സുപ്രീംകോടതിയിലുള്ള കേസുകളിൽ കേന്ദ്രസർക്കാർ ഇടപെട്ടു സത്യവാങ്മൂലം ഫയൽ ചെയ്‌തേക്കും. സഭാതർക്കപരിഹാര സാധ്യതയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു കമ്മിഷനെ നിയമിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചേക്കും. ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനായാൽ കേരളത്തിൽ ബിജെപിക്ക് ക്രൈസ്തവ സമൂഹത്തിൽ പിന്തുണ ഏറുമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ ഇടപെടൽ. ഇരുസഭയിലെയും നിരവധി വൈദികരുടെയും വിശ്വാസികളുടെയും അഭ്യർത്ഥനയെത്തുടർന്നുള്ള ഇടപെടലെന്നാണു പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. സഭാനേതൃത്വവുമായി ബന്ധപ്പെട്ടു വിവരങ്ങൾ സമാഹരിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ആറു മാസത്തിനകം ഇരു സഭാ നേതൃത്വങ്ങളുമായി ചർച്ച നടത്തി ധാരണയിലെത്താനാണ് നീക്കം.

ഒരുസഭയായി യോജിച്ചു മുന്നോട്ടുപോകുക, യോജിപ്പിനു സാധ്യതയില്ലെങ്കിൽ സമവായത്തോടെ പിരിയുക എന്നീ സാധ്യതകളാണു സംഘം പരിശോധിക്കുന്നത്. ഇരുസഭയുടെയും അംഗബലം, സ്വത്തുക്കൾ, സ്വാധീനം, പള്ളികളുടെ എണ്ണം, സവിശേഷത തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനാണു നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമിത് ഷാ വിഷയത്തിൽ നിലപാട് എടുക്കും. ഇത് സഭകളെ കൊണ്ട് അംഗീകരിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ

നൂറ്റാണ്ട് പിന്നിട്ട സഭാതർക്കത്തിൽ ശാശ്വതമായ പരിഹാരമാണു ഉദ്ദേശിക്കുന്നത്. ഇടത്-വലത് മുന്നണികൾ കാലങ്ങളായി സഭാതർക്കം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. എന്നിട്ടും മാറിമാറിവരുന്ന ഇടത്-വലത് സർക്കാരുകൾ തങ്ങളെ സഹായിച്ചിട്ടില്ലെന്നാണ് ഇരു സഭകളുടെയും പരാതി. സഭാതർക്കം പരിഹരിച്ചാൽ പാരമ്പരാഗതമായി ഇടതു-വലതു മുന്നണികളോടു ചേർന്നുനിൽക്കുന്ന വിശ്വാസികളുടെ അസംതൃപ്തി മുതലെടുത്ത് ഇവരെ ഒപ്പം കൂട്ടാനാകുമെന്നാണ് അമിത് ഷായുടെ പ്രതീക്ഷ.

കോടതി വിധി നടപ്പാക്കിത്തരണമെന്നാണ് ഓർത്തഡോക്സ് സഭയുടെ ആവശ്യം. പള്ളികളിൽ ജനാധിപത്യമാർഗത്തിലൂടെ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു പള്ളിഭരണവും ന്യൂനപക്ഷത്തിന് ആരാധനയ്ക്കുള്ള അവകാശം നൽകി പ്രശ്നം പരിഹരിക്കണമെന്നാണു യാക്കോബായ സഭ മുന്നോട്ടുവച്ച നിർദ്ദേശം.

ഇതു രണ്ടും ബിജെപി പരിഗണിക്കും. മംഗലാപുരത്തുവച്ചു കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി നളിൻകുമാർ കട്ടീലുമായി യാക്കോബായ പ്രതിനിധികൾ ചർച്ചനടത്തി. മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളിക്കാർപ്പസ്, കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ്, ബിജെപി. യുവമോർച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് റിജോ ഏബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.