മുംബൈ: 200 കോടി തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമായുള്ള തന്റെ സ്വകാര്യ ചിത്രം പങ്കുവെക്കരുതെന്ന അഭ്യർത്ഥനയുമായി ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. ഇപ്പോൾ വളരെ കടുത്ത അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും സുഹൃത്തുക്കളും ആരാധകരും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നതായും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ജാക്വലിൻ പറഞ്ഞു.

'എന്റെ വ്യക്തിപരവും സ്വകാര്യവുമായ ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ തരത്തിൽ പെരുമാറാത്തത് പോലെ എന്നോടും ചെയ്യില്ലെന്ന് കരുതുന്നതായും നീതിയും നല്ല ബോധവും പ്രതീക്ഷിക്കുന്നു' നടി വ്യക്തമാക്കി. ഈ നാട് തനിക്ക് എന്നും ബഹുമാനം നൽകിയിട്ടുണ്ടെന്നും സുഹൃത്തുക്കളും മാധ്യമങ്ങളും തന്റെ കൂടെ നിന്നിട്ടുണ്ടെന്നും സാമൂഹിക മാധ്യമങ്ങളിൽ നടി പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

 
 
 
View this post on Instagram

A post shared by Jacqueline Fernandez (@jacquelinef143)

ആഡംബര വസ്തുക്കൾ നൽകിയും പലർക്കും പണം നൽകിയുമാണ് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസുമായി സുകേഷ് ചന്ദ്രശേഖർ അടുപ്പം നേടിയിരുന്നത്. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയിരുന്നു.

ഈ ബന്ധം സിനിമയാക്കാൻ ചില സംവിധായകരും ഒടിടി പ്ലാറ്റ്ഫോം അധികൃതരും രംഗത്തെത്തിയിരുന്നു. നടിയുമായി സുകേഷ് സ്വകാര്യ നിമിഷങ്ങളടക്കം ചെലവഴിക്കുന്നത് വരെയെത്തിയ അത്യധികം നാടകീയമായ സംഭവം അടിസ്ഥാനമാക്കി സിനിമയൊരുക്കാനാണ് പലരുടെയും നീക്കം.

ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമ്മിക്കാമെന്ന് സുകേഷ് വാഗ്ദാനം നൽകിയിരുന്നു. ഹോളിവുഡ് നടി ആഞ്ജലീന ജോളിക്ക് തുല്യയാണ് ജാക്വലിനെന്നും അതുപോലെയുള്ള സൂപ്പർ ഹീറോ സീരിസ് അർഹിക്കുന്നുവെന്നും സുകേഷ് പ്രലോഭിപ്പിച്ചിരുന്നു.

സ്വകാര്യ ജെറ്റിൽ വിനോദയാത്ര, അത്യാഡംബര ബ്രാൻഡായ ചാനൽ, ഗൂച്ചി എന്നിവയുടെ മൂന്ന് ഡിസൈനർ ബാഗുകൾ, ഗൂച്ചിയുടെ രണ്ടു ജോഡി ജിം വസ്ത്രങ്ങൾ, ലൂയി വിറ്റൺ ഷൂസ്, രണ്ട് ജോഡി ഡയമണ്ട് കമ്മൽ, ബഹുവർണക്കല്ലുകൾ പതിച്ച ബ്രെയ്സ്ലറ്റ്, മിനി കൂപ്പർ കാർ (ഇത് പിന്നീട് തിരിച്ചുകൊടുത്തു) എന്നിവ നൽകിയതായി ഇ.ഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വൻ തുക നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കിയിരുന്നു. തിഹാർ ജയിലിൽവെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തലുണ്ടായതെന്നും അവർ അറിയിച്ചു.