കൊല്ലം: കോൺഗ്രസിന് ഏറ്റവും പ്രധാനപ്പെട്ടതാണ് പത്തനാപുരത്തെ പോരാട്ടം. സോളാർ കേസിലെ വെളിപ്പെടുത്തലുകളിലൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിസ്ഥാനത്ത് നിർത്തിയത് കെബി ഗണേശ് കുമാറാണ്. കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് ഇടതുപക്ഷത്തേക്ക് അടുത്ത മുൻ യുഡിഎഫ് നേതാവ്. ഇടത് കോട്ടയായിരുന്ന പത്തനാപുരത്തെ വലത്തേയ്ക്ക് ചായ്ച്ചത് ഗണേശിന്റെ വ്യക്തിമികവാണ്. എന്നാൽ ഇത്തവണ പത്തനാപുരം വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. അതുകൊണ്ട് തന്നെ സിനിമയുടെ ഗ്ലാമറുമായി സാക്ഷാൽ ജഗദീഷ് തന്നെ പത്താനാപുരത്ത് ഗണേശിനെ നേരിടാനെത്തും. ഇതോടെ താരങ്ങൾ തമ്മിലുള്ള ബലാബലം പത്തനാപുരത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമാക്കും.

കോൺഗ്രസുമായി അടുത്തുനിൽക്കുന്ന സിനിമാക്കാരനാണ് ജഗദീഷ്. മത്സരിക്കാനുള്ള താൽപ്പര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. പലപ്പോഴും ലോക്‌സഭയിലേക്കും നിയമസഭയിലേക്കും പേര് ചർച്ചയാക്കി. എന്നാൽ അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. ഇതിൽ ജഗദീഷിന് നീരസവും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ ജഗദീഷിന് അനുകൂലമാക്കുകയാണ് സിനിമാ പ്രേമി കൂടിയായ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും താൽപ്പര്യം. വളരെ മുമ്പേ തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജഗദീഷിനെ മത്സരിപ്പിക്കണമെന്ന അഭിപ്രായം തുറന്നുപറയുകയും ചെയ്തിരുന്നു. ഇതോടെ മൂവരും ജഗദീഷിന് അനുകൂലമായി. ജഗദീഷിന് പത്തനാപുരമെന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശമാണ്. ഇതിലൂടെ ഗണേശിനെ വീഴ്‌ത്താമെന്നാണ് കണക്ക് കൂട്ടൽ.

പത്താനാപുരത്ത് മൂന്ന് തവണയായി ഗണേശാണ് എംഎൽഎ. മൂന്ന് തെരഞ്ഞെടുപ്പിലും സിനിമാക്കാരുടെ പട തന്നെ പ്രചരണത്തിനായി എത്തി. ഈ ഗ്ലാമറും ഗണേശ് കുമാറിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തവണയും ഈ കളിക്ക് ഗണേശ് തയ്യാറാകും. ഇടതു പക്ഷമാകുമ്പോൾ കൂടുതൽ പേരെത്തും. ഇതിന് തടയാൻ ജഗദീഷാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. ജഗദീഷ് സ്ഥാനാർത്ഥിയാകുമ്പോൾ ഗണേശിനായി വോട്ട് ചോദിച്ച് വെള്ളിത്തിരയിലെ പ്രധാനികൾ ആരും എത്തില്ല. ഇത് ഗണേശിന്റെ ജനപ്രിയത കുറയ്ക്കും. സിനിമാക്കാർക്ക് പോലും ഗണേശിനെ താൽപ്പര്യമില്ലെന്ന് വരുത്താനാണ് നീക്കം. പ്രചരണ യോഗത്തിലേക്ക് സിനിമാ നടന്മാരുടെ ഗ്ലാമർ കാട്ടി ആളെ കൂട്ടാനുള്ള ഗണേശിന്റെ തന്ത്രം പൊളിയും.

ഈ നിർദ്ദേശം ഏറ്റെടുക്കാൻ ജഗദീഷും തയ്യാറാണ്. ഏറെ നാളായുള്ള ആഗ്രഹം നടന്നതിൽ നടനും സന്തോഷമുണ്ട്. തന്നെ കോൺഗ്രസുകാരനായി അംഗീകരിക്കുന്നിലാണ് ജഗദീഷിന് ആശ്വാസം. പത്തനാപുരത്ത് ഗണേശിനെതിരെ കൈ നോക്കാൻ തയ്യാറാണെന്ന് തന്നെയാണ് ജഗദീഷിന്റെ പക്ഷം. ഇക്കാര്യം കെപിസിസിയേയും അറിയിച്ചിട്ടുണ്ട്. പത്താനാപുരത്ത് ജഗദീഷിനെ നിർത്തുന്നതിനോട് കോൺഗ്രസിന്റെ ജില്ലാ ഘടകത്തിനും താൽപ്പര്യം. നേരത്തെ പത്തനാപുരത്ത് ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു പ്രചരണം. എന്നാൽ കുണ്ടറയിലേക്ക് ചന്ദ്രശേഖരന്റെ താൽപ്പര്യം മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എതിർപ്പൊന്നും ഉയരാതെ തന്നെ ജഗദീഷ് സ്ഥാനാർത്ഥിയാകും. അതിനിടെ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലത്തിലേക്കും ജഗദീഷിനെ പരിഗണിക്കണമെന്ന ആഗ്രഹം സുധീരനുണ്ട്.

നേമത്ത് ജഗദീഷിനെ നിർത്താനായിരുന്നു ആലോചന. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നാം സ്ഥാനത്ത് പോയ സീറ്റാണ് നേമം. അത്തരമൊരു മണ്ഡലം ജഗദീഷിന് നൽകുന്നതിനെ പലരും അനുകൂലിക്കുന്നില്ല. ഇതുകൊണ്ടാണ് പത്താനാപുരം പരീക്ഷണത്തിന് ജഗദീഷിനെ നിയോഗിക്കുന്നത്. എന്നാൽ ജഗദീഷാണ് സ്ഥാനാർത്ഥിയെങ്കിൽ വിജയം ഉറപ്പാണെന്ന് ഗണേശും പറയുന്നു. പത്തനാപുരത്തുകാർക്ക് താൻ വെറുമൊരു സിനിമാക്കാരനല്ല. അവർക്കൊപ്പമുള്ള വ്യക്തിയാണ്. മണ്ഡലത്തിലുടനീളം തനിക്ക് ഏറെ സ്വാധീനവുമുണ്ട്. സിനിമയ്ക്ക് അപ്പുറത്തേക്ക് മൂന്ന് വിജയങ്ങൾകൊണ്ട് മണ്ഡലത്തിൽ നിറയാനായെന്ന് തന്നെയാണ് ഗണേശ് പറയുന്നത്. ജഗദീഷിനോടുള്ള എല്ലാ ബഹുമാനവും പ്രകടമാക്കിയുള്ള രാഷ്ട്രീയ പോരാട്ടമാണ് ഗണേശ് ലക്ഷ്യമിടുന്നത്.

ഇവിടെ പ്രതിസന്ധിയിലാകുന്നത് സിനിമാ ലോകമാണ്. ഗണേശിനും ജഗദീഷിനും സിനിമാക്കാർക്കിടയിൽ ഒരു പോലെ സ്വാധീനമുണ്ട്. ഇവരിൽ ആർക്ക് പിന്നിൽ അണിനിരക്കണമെന്ന ചോദ്യത്തിന് മുമ്പിൽ വെള്ളിത്തിരയിലെ താരങ്ങൾക്ക് ഉത്തരമില്ലാതെയാകും.