കോട്ടയം: ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ അരുവിത്തുറയിൽ നടന്നതെന്നു ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ. പപ്പയോട് ശത്രുതയുള്ളവർ മനഃപൂർവം പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിതെന്നും മുൻ ചീഫ് വിപ്പ് പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഭാര്യ കൂടിയായ പാർവ്വതി പറഞ്ഞു.

ശ്രീലക്ഷ്മിക്കു പുറത്തു നിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ വരെ ഇന്നലെ നടന്ന സംഭവത്തിനു പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണു കാര്യങ്ങൾ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകൾ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കം. കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തത്. എന്നിട്ടുകൂടി മാനുഷിക പരിഗണനയുടെ പേരിൽ വെല്ലൂർ ആശുപത്രിയിൽ വന്ന് അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നു. ഇന്നലെയും പ്രശ്‌നങ്ങൾക്കൊന്നും പോകാതെ ആത്മസംയമനം പാലിച്ചെന്നും പാർവതി പറഞ്ഞു.

എന്നാൽ ജഗതിക്ക ്ചുംബനം കൊടുത്ത ശേഷം ഓടി കാറിൽ കയറിയെ ശ്രീലക്ഷ്മിയെ ആക്രമിക്കാൻ ജോർജിന്റെ അനുയായികൾ ശ്രമിച്ചിരുന്നു. ജഗതി തന്നെ സ്വന്തം മകളാണെന്ന് പരസ്യമായി പറഞ്ഞ ശ്രീലക്ഷ്മിക്ക് അച്ഛനെ കാണാൻ കോടതിയുടെ ഉത്തരവ് വേണമെന്ന പാർവ്വതിയുടെ ന്യായവും ശ്രദ്ധേയമാണ്. ശ്രീലക്ഷ്മിയെ അച്ഛനെ കാണാൻ തങ്ങളാണ് അനുവദിക്കാത്തതെന്ന് പാർവ്വതി തന്നെ സമ്മതിക്കുന്നതിന് തുല്യമാണ് ഇതും. ശ്രീലക്ഷ്മിക്ക് ഉമ്മ കൊടുത്ത ജഗതിയുടെ നടപടിയോടും പാർവ്വതിക്ക് എതിർപ്പാണുള്ളത്. ഇതിലൂടെ കുടുംബത്തിന്റെ മാനം തന്നെ പോയെന്നായിരുന്നു പാർവ്വതി അടുപ്പക്കാരോട് പറഞ്ഞത്. ഇനി ഇത്തരം വേദികളിലും ജഗതിയെ കൊണ്ടു പോകാൻ ഇടയില്ലെന്നാണ് സൂചന. എന്നാൽ കോടതിയുടെ പോലും കണ്ണു തുറപ്പിക്കുന്ന തരത്തിലാണ് ശ്രീലക്ഷ്മിയോട് ജഗതി പെരുമാറിയതെന്നത് പാർവ്വതിക്കും കൂട്ടർക്കും തിരിച്ചടിയുമാകും.

അതിനിടെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കു പി. സി. ജോർജ് എംഎൽഎ ഏർപ്പെടുത്തിയ പുരസ്‌കാരദാനച്ചടങ്ങിൽ മാദ്ധ്യമപ്രവർത്തകർ അടക്കമുള്ളവരെ ആക്രമിക്കാൻ ശ്രമം. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ പി. ആർ. ദേവദാസിന്റെ ക്യാമറയ്ക്കും അനുബന്ധ ഉപകരണങ്ങൾക്കും കേടുവരുത്തി. യുവസേന എന്ന ബാഡ്ജ് കുത്തിയവരാണ് അനാവശ്യമായി ഉന്തും തള്ളും ഉണ്ടാക്കിയത്. മ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ജഗതി ശ്രീകുമാറിന്റെ ഫോട്ടോ പകർത്തുന്നതിൽനിന്നു മാദ്ധ്യമപ്രവർത്തകരെ തടയാനായിരുന്നു ആദ്യശ്രമം. കാറിൽനിന്നു വീൽചെയറിലേക്കു ജഗതിയെ ഇറക്കിയപ്പോൾമുതൽ സുരക്ഷയൊരുക്കൽ എന്ന പേരിൽ മാദ്ധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറി.

വേദിയിൽ ജഗതിയുടെ രണ്ടാം മകൾ ശ്രീലക്ഷ്മി എത്തിയതോടെ വീണ്ടും ഇവർ രംഗത്തെത്തി. തുടർന്നു ജഗതി ശ്രീകുമാറിനെ തിരികെ കാറിലേക്കു കയറ്റാനൊരുങ്ങിയപ്പോഴും ഇവർ ഫൊട്ടോഗ്രഫർമാരെ തടയാനെത്തി. ഇതിനിടെയാണു ക്യാമറയുടെ അനുബന്ധ ഉപകരണങ്ങൾ തകരാറിലാക്കിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസാകട്ടെ, കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. ശ്രീലക്ഷ്മി മടങ്ങിയപ്പോൾ അവരേയും ഗുണ്ടകൾ പിന്തുടർന്നു.