- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഗതിക്ക് 71-ാം ജന്മദിനം; 'വിക്ര'മാകാൻ തയ്യാറെടുത്ത് താരം; ആഹ്ലാദം പങ്കുവച്ച് കുടുംബം; എന്റെ കടലാസിന് പിറന്നാൾ ആശംസകളെന്ന് ഇന്നസെന്റ്; തിരിച്ചുവരവ് ആശംസിച്ച് താരങ്ങളും ആരാധകരും
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിന് ഇന്ന് 71-ാം ജന്മദിനം. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് മലയാളത്തിന്റെ ഹാസ്യ സമ്രാട്ടിന് ജന്മദിന ആശംസകൾ നേർന്നത്. നടൻ ഇന്നസെന്റിന്റെ ജന്മദിനാശംസയാണ് ആരാധകരുടെ മനം കവരുന്നത്. എന്റെ കടലാസിന് പിറന്നാൾ ആശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. കാബൂളിവാല എന്ന ചിത്രത്തിലെ ജഗതിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു കടലാസ്.
തൃക്കേട്ട നക്ഷത്രക്കാരനായ ജഗതിയുടെ നാളനുസരിച്ചുള്ള പിറന്നാൾ പുതുവർഷ ദിനത്തിലായിരുന്നു. അടുത്തകാലത്ത് ജഗതി യുടെ ഭാര്യ ശോഭയുടെ സഹോദരൻ മരിച്ചതിനാൽ പേയാട്ടെ വീട്ടിൽ ജന്മദിന ആഘോഷങ്ങളൊന്നുമില്ലാതെയാണ് കടന്നു പോകുന്നത്.
2012 മാർച്ചിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ഈ ജന്മദിനത്തിൽ ആരാധകരെ സന്തോഷിപ്പിക്കുന്നത്. സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തിലാണ് അദ്ദേഹം അഭിനയിക്കുക.നാലു ഭാഗങ്ങളിലെന്ന പോലെ വിക്രം എന്ന കഥാപാത്രമായി ജഗതി ഉണ്ടാകണമെന്ന് മമ്മൂട്ടി നിർദ്ദേശിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ഉൾപ്പെടുത്താൻ സംവിധായകൻ കെ.മധു തീരുമാനിച്ചത്.
ഇക്കാര്യം ഭാര്യ ശോഭയും മകൻ രാജ്കുമാറും ജഗതിയോട് പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയായിരുന്നു ആ മുഖത്ത് വിടർന്നത്. തുടർന്ന് സിനിമയുടെ നാലു ഭാഗങ്ങളും വീട്ടുകാർ ടി.വി സ്ക്രീനിൽ കാണിച്ചുകൊടുത്തു. അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ജഗതിയുടെ സീനുകൾ അദ്ദേഹത്തിന്റെ വസതിയിൽ തന്നെ ചിത്രീകരിക്കാനാണ് അണിയറ പ്രവർത്തകരുടെ ആലോചന.
മകൻ രാജ് കുമാർ ഒരുക്കിയ പരസ്യചിത്രത്തിലൂടെയാണ് അപകടശേഷം ആദ്യമായി ജഗതി കാമറയ്ക്ക് മുന്നിലെത്തിയത്. ഈ അടുത്ത കാലത്ത് ഒരു സിനിമയിൽ അഭിനയിച്ചുവെങ്കിലും പൂർത്തിയായില്ല. സിബിഐ അഞ്ചാം ഭാഗത്തിനു ശേഷം മറ്റ് സിനിമകളിലും അഭിനയിക്കുമെന്ന് രാജ്കുമാർ പറഞ്ഞു. ഇപ്പോൾ അദ്ദേഹം ടി.വിയിൽ വാർത്തയും സിനിമയുമൊക്കെ കാണും. പാട്ട് മൂളും. മുഖത്ത് ഭാവങ്ങൾ വരുത്തുമെന്നും ഭാര്യ ശോഭ സന്തോഷം പങ്കുവച്ചു പറയുന്നു.
താരത്തിന് ജന്മദിന ആശംസകൾ നേർന്ന് സിനിമാലോകവും കുടുംബവുമുൾപ്പെടെ എത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ വലിയ ആഘോഷങ്ങളില്ലാതെ കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന ജഗതിക്ക് മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങൾ സമൂഹമാധ്യമത്തിലൂടെ ആശംസ അർപ്പിച്ചു.
അജുവർഗീസ്, ശ്വേത മേനോൻ, വിഎ ശ്രീകുമാർ തുടങ്ങിയ നിരവധി താരങ്ങളും ജഗതിക്ക് ആശംസകൾ നേർന്ന് രംഗത്തുവന്നു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന അദ്ദേഹം എത്രയും വേഗം തിരിച്ചു വരട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.
പ്രമുഖ നാടകാചാര്യനായിരുന്ന ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5 നായിരുന്നു തിരുവനന്തപുരത്തെ ജഗതിയിൽ ശ്രീകുമാർ ജനിക്കുന്നത്. നാടകാചാര്യനായിരുന്ന അച്ഛന്റെ നാടകങ്ങളിലൂടെയായിരുന്നു ജഗതി കലാലോകത്തേക്ക് എത്തുന്നത്. 1973 ലാണ് താരം സിനിമയിലേക്ക് എത്തുന്നത്. കന്യാകുമാരി എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. 1500 ഓളം സിനിമകളിൽ അഭിനയിച്ച ജഗതിക്ക് മികച്ച ഹാസ്യ താരത്തിനുള്ള 2011ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു.
കഴിഞ്ഞ എട്ടുവർഷത്തിനിടെ, നിരവധി ഹാസ്യ നടന്മാർ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന് പകരമാകാൻ ആർക്കും സാധിച്ചിരുന്നില്ല. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാൻ മറ്റൊരാൾ ഇല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു. മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ.
മറുനാടന് മലയാളി ബ്യൂറോ