കോഴിക്കോട്: അപകടത്തിൽപ്പെട്ടയുടൻ ജഗതി ശ്രീകുമാറിന് ബോധം നഷ്ടമായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. കാർ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ എത്തിച്ച നടൻ ജഗതി ശ്രീകുമാറിനെ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ അലറി വിളിച്ചുകൊണ്ട് എഴുന്നേറ്റതായി ഭാര്യ ശോഭയുടെ ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു.

അപകടത്തിനുശേഷം ആശുപത്രിയിൽ എത്തിക്കുമ്പോൾ അദേഹത്തിനു ബോധമുണ്ടായിരുന്നു. തങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് അദേഹത്തിന്റെ നില പെട്ടെന്ന് വഷളായത്. ജഗതിയുടെ കൂടെ പഠിച്ച സുഹൃത്തും ശസ്ത്രക്രിയ നടത്തുന്ന സംഘത്തിലുണ്ടായിരുന്നു. അദേഹമാണ് ഞങ്ങളുടെ അമ്പിളിച്ചേട്ടൻ ഓപ്പറേഷനിടെ ബോധം തെളിഞ്ഞെന്നും അലറി വിളിച്ച് എഴുന്നേറ്റതായും തങ്ങളോട് വെളിപ്പെടുത്തിയതെന്ന് ശോഭ പറയുന്നു.

കാറിന്റെ സീറ്റ് ബെൽറ്റ് മുറുകി ഞരമ്പിനേറ്റ ക്ഷതം എംആർഐ സ്‌കാനിങ് എടുക്കാതിരുന്നതിനാൽ തിരിച്ചറിയാൻ വൈകിയെന്നും ശോഭ തുറന്നു പറഞ്ഞു. സിനിമാതാരത്തിന്റെ ഭാര്യയെന്നോ, മക്കളെന്നോ നിലയിൽ തങ്ങൾ ഇതുവരെ ജീവിച്ചിട്ടില്ലെന്നും. ഇപ്പോഴും അദേഹത്തിന്റെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ തങ്ങൾക്ക് അറിയൂ എന്നും ശോഭ തുറന്നു പറയുന്നു.

തങ്ങൾക്ക് വേണ്ടത് എന്താണെന്ന് അറിഞ്ഞ് അത് അദേഹം തന്നെ വാങ്ങിത്തരുകയായിരുന്നു പതിവെന്നും ശോഭ പറയുന്നു. അദേഹത്തിന്റെ സഹായമനസ്ഥിതയേയും ഭാര്യ ശോഭ വിശദീകരിക്കുന്നുണ്ട്.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)